സ്ത്രീയുടെ സഹനജീവിത നിരീക്ഷണങ്ങളെ ജനഹൃദയങ്ങളിലെത്തിക്കുകയാണ് ഫൗസിയ ഫാത്തിമ. കുടുംബത്തിനായുള്ള സമര്‍പ്പിത ജീവിത കഷ്ടതകളെ നേരിട്ടും, ഇഴുകിച്ചേര്‍ന്നും സ്ത്രീ നേരിടുന്ന ജീവിത നിമിഷങ്ങളുടെ നേര്‍ക്കാഴ്ച ഫോട്ടോപ്രദര്‍ശനത്തിലൂടെ ഫൗസിയ വരച്ചുകാട്ടുകയാണ്. ഞാന്‍ എന്നെതന്നെ നിന്നില്‍ കാണുന്നു എന്ന ഫൗസിയയുടെ ഫോട്ടോ പ്രദര്‍ശനം വേറിട്ട കാഴ്ച വിരുന്നാണൊരുക്കുന്നത്.
നഗരഹൃദയത്തിലാണെങ്കിലും കുടുംബജീവിതം നരകമാക്കാതെ സ്വര്ഗ്ഗീയമാക്കുവാനുള്ള കുടുംബിനികളുടെ വിവിധ ജീവിത നിമിഷങ്ങളാണ് പ്രദര്‍ശനത്തിലൂടെ ഫൗസിയ ഒരുക്കുന്നത്. തമിഴ്നാട്ടിലെ തലസ്ഥാന നഗരിയിലെ ചേരികളും നഗരപാതകളിലുള്ള സ്ത്രീകളുടെ കഷ്ടതയാര്‍ന്ന ജീവിത നിമിഷങ്ങള്ക്കൂടിയാണീ പ്രദര്‍ശനം പകര്ന്നുനല്കുന്നത്. തൊഴിലിനായി നിരന്തരമായി ഇടങ്ങള്‍ മാറുന്ന നിര്‍മ്മാണ തൊഴിലാളിയുടെ ഭാര്യ കുട്ടികളുമൊത്ത് താല്‍ക്കാലിക ഷെഡ്ഡില്‍ കഴിഞ്ഞുകൂടുന്ന നെവര്‍ അറ്റ് ഹോം എന്ന ചിത്രം സ്ത്രീയുടെ ജീവിത നിമിഷങ്ങളുടെ കാഴ്ചയിലൊന്നാണ്. കുടുംബജീവിത യാത്രയില്‍ സ്വന്തമായുള്ള മണ്ണ് ഏതെന്ന് പോലും പറയാനാകാതെ തൊഴിലിടങ്ങളിലെ കുടിലുകളെ ഭവനങ്ങളാക്കി മാറ്റി സഹനജീവിതം നയിക്കുന്ന സ്ത്രീയെയാണ് ഫൗസിയ ഇതിലൂടെ കാഴ്ചക്കാരിലെത്തിക്കുന്നത്. ചെന്നൈയിലെ തിരക്കുള്ള നഗരവീഥിയില്‍ ചെറിയ കൂരയ്ക്ക് കീഴില്‍ രണ്ടായി തിരിച്ച ഷെഡ്ഡുകളിലൊന്നില് ചായക്കട നടത്തിയും കുടുംബം നയിക്കുന്ന സ്ത്രീയുടെ കാഴ്ച പ്രകടമാകുകയാണ് 24*7 എന്ന ഫോട്ടോ. രാത്രിയും പകലും ചായക്കടയില്‍ സജീവ സന്നിധ്യമേകി ഒരേസമയം കടയിലും കുടുംബത്തിലും നായികയാകുന്ന വീട്ടമ്മയുടെ നിമിഷമാണീ ചിത്രം പകര്‍ന്നു നല്‍കുന്നത്. വാര്‍ദ്ധ്യക്യത്തിലും സുരക്ഷഭട (സെക്യൂരിറ്റി ഗാര്‍ഡ്) ന്റെ വേഷമണിഞ്ഞ് കാവല്‍ക്കാരിയായി നില്ക്കുന്ന വീട്ടമ്മയുടെ 5 എഎംടു 11 എഎം എന്ന ചിത്രം സ്ത്രീയുടെ മറ്റൊരു ജീവിത നിമിഷ കാഴ്ചയാണ്. കുടുംബനായിക കണ്പോളകള് അടയ്ക്കാതെ 18 മണിക്കൂര്‍ നേരം (രാവിലെ 5 മുതല്‍ 11 വരെ) കാവല്‍ നിന്ന് കുടുംബത്തെ നയിക്കുന്ന സന്ദേശമാണീ ചിത്രത്തില്‍.
ചെന്നൈ നഗരിയിലെ സ്ഥിരം കാഴ്ചകളിലൊന്നായ കുടിവെള്ളത്തിനായുള്ള കാത്തിരിപ്പ് ഒഴിഞ്ഞ കുടത്തിനരികില്‍ വരണ്ടുണങ്ങിയ കാല്പ്പാദമായുള്ള സ്ത്രീയുടെ ചിത്രം ഏറെ തനിമയുള്ളതാണ്. കൂടാതെ കുടുംബ ജീവിതത്തിലെ ദൈനംദിന ജോലികളായ പാത്രം ശുചിയാക്കലും അടുക്കള ദൃശ്യങ്ങളും പൂക്കാരിയുടെ മാല കോര്‍ക്കലും വിശ്രമ രഹിത ജീവിത ദൃശ്യങ്ങളമെല്ലാം ഫൗസിയ ഫാത്തിമ ഫോട്ടോ പ്രദര്‍ശനത്തിലൊരുക്കിയിട്ടുണ്ട്.
താനറിയുന്നതും തന്നെ അറിയുന്നവരുമായ സ്ത്രീകളുടെ ത്യാഗനിമിഷങ്ങളെയാണ് കൊച്ചിയിലെ ഫോട്ടോപ്രദര്ശനത്തിലൊരുക്കിയിരിക്കുന്നതെന്ന് ഫൗസിയ ഫാത്തിമ പറഞ്ഞു. അവഗണിക്കപ്പെടുന്ന സ്ത്രീ സമൂഹത്തിന്റെ ത്യാഗത്തിന്റെയും കഷ്ടതകളുടെയും നിമിഷങ്ങളെ ജനങ്ങളിലെത്തിക്കുവാനുള്ള ശ്രമം മാത്രമാണീ ചിത്രപ്രദര്‍ശനം, ഫൗസിയ കൂട്ടിച്ചേര്‍ത്തു.
കല്‍ക്കത്തയിലെ സത്യജിത്ത്റായ് ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ പ്രൊഫസറായ ഫൗസിയ ഫാത്തിമ, ഇന്ത്യന്‍ സിനിമ-ടെലിവിഷന്‍ രംഗത്തെ ശ്രദ്ധേയ ഫോട്ടോഗ്രഫി താരം കൂടിയാണ്. രേവതി സംവിധാനം ചെയ്ത് ശോഭന നായികയായ മിത്രത്തിന്റെ അണിയറ ശില്‍പ്പികളിലൊരാളാണ് ഫൗസിയ ഫാത്തിമ. ഫെഡറല്‍ ബാങ്ക്, സണ്‍ഫീസ്റ്റ്, തുടങ്ങിയവയുടെ പരസ്യ ചിത്രങ്ങളുടെ സംവിധായിക കൂടിയായ ഫൗസിയ ഒട്ടേറെ തമിഴ്, ഹിന്ദി, മലയാളം ചിത്രങ്ങളുടെ സിനിമാട്ടോഗ്രാഫറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചിത്രരചനയിലൂടെ കലാരംഗത്ത് കടന്നുവന്ന ഫൗസിയയുടെ ഫോട്ടോഗ്രാഫി ജീവിതം സാമ്പത്തിക നേട്ടത്തെക്കാളേറെ സന്ദേശങ്ങളുടെതായി മാറുകയാണ്.
ചെന്നൈയിലെ മാധ്യമപ്രവര്‍ത്തകനും ചിത്രകാരനുമായ മലയാളി പ്രദീപ്ചെറിയാനാണ് ഫൗസിയയുടെ ഭര്‍ത്താവ്. രണ്ട് മക്കള്‍ അന്ന മറിയം, അസ്സന്. അംഗീകൃത പെയിലറ്റ് ലൈസന്‍സുള്ള ഫാത്തിമയുടെ ആദ്യ ഫോട്ടോ പ്രദര്‍ശനമാണ് ഫോര്‍ട്ടുകൊച്ചി ബുദ്ധ ആര്‍ട്ട് ഗ്യാലറിയില്‍ നടക്കുന്നത്.
കുടുംബജീവിതത്തോടൊപ്പം സാമൂഹ്യ പ്രതിബദ്ധതയും യോജിപ്പിച്ചുകൊണ്ടുള്ള സംതൃപ്തിയാണ് തന്റേതെന്ന് ഫൗസിയ പറയുന്നു. ഒക്ടോബറിലെ കൊച്ചി സന്ദര്‍ശന വേളയിലെ പ്രതികരണമാണ് ആദ്യ ഫോട്ടോപ്രദര്‍ശനത്തിന് വഴിവെച്ചത്. ബുദ്ധ ഗ്യാലറിയിലെ ആദ്യ ഫോട്ടോപ്രദര്‍ശനമാണ് ഫൗസിയ ഫാത്തിമയുടെതെന്ന് ഗ്യാലറി ഉടമ ജിസ്സ് വിക്ടര്‍ പറഞ്ഞു. വിദേശ വിനോദ സഞ്ചാരികളെ ഫോട്ടോ പ്രദര്‍ശനം ഏറെ ആകര്‍ഷിക്കുന്നതായും 30 വരെ പ്രദര്‍ശനം തുടരുമെന്നും ജിസ്സ് വിക്ടര്‍ പറഞ്ഞു.
എസ്. കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: