ടോക്കിയോ: ലോക രാഷ്ട്രങ്ങളുടെ പ്രതിഷേധത്തിനിടയില്‍ ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെ വിവാദ യുദ്ധസ്മാരകം സന്ദര്‍ശിച്ചു. അമേരിക്ക സന്ദര്‍ശനത്തെ അപലപിച്ചു. രണ്ടാം ലോക മഹായുദ്ധത്തില്‍ ജപ്പാന്റെ സാമ്രാജ്യമോഹങ്ങള്ക്കുവേണ്ടി ലോകം മുഴുവന്‍ കൂട്ടക്കുരുതി നടത്തിയ യുദ്ധക്കുറ്റവാളികള്ക്കുവേണ്ടി തീര്‍ത്ത സ്മാരകമാണ് പ്രധാനമന്ത്രി ഷിന്‍സോ ആബെ സന്ദര്‍ശിച്ചത്.
ടോക്കിയോയില്‍ ജപ്പാനിലെ ഷിന്റോ മതവിഭാഗം സംരക്ഷിക്കുന്ന ഈ സ്മാരകം പ്രതിഷേധം ഭയന്ന് ഇതുവരെ ഒരു പ്രധാനമന്ത്രിയും സന്ദര്‍ശിച്ചിട്ടില്ല. ഷിന്‍സോ ആബെ മുന്‍പ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ യുദ്ധ സ്മാരകം സന്ദര്‍ശിക്കാന്‍ മടി കാണിച്ചിരുന്നു. അത് തെറ്റായിപ്പോയെന്നാണ് ഇപ്പോള്‍ അദ്ദേഹം പറയുന്നത്.
ഇന്നലെ രാവിലത്തെ നടന്ന സന്ദര്‍ശനത്തിനു ജപ്പാനിലെ മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കി. മിക്ക ചാനലുകളും തത്സമയം സംപ്രേഷണം ചെയ്തു. തങ്ങളുടെ നിരവധി പൗരന്മാരെ കൂട്ടക്കൊല ചെയ്തവരുടെ സ്മരണയ്ക്കായി നിര്‍മിച്ച സ്മാരകം സന്ദര്‍ശിച്ചത് ലോക രാഷ്ട്രങ്ങളെ അപമാനിക്കാനാണെന്ന് ചൈനയും ദക്ഷിണ കൊറിയയും ആരോപിച്ചു.
ചരിത്രം ഒറ്റപ്പെടുത്തിയ രാജ്യമാണ് ജപ്പാനെന്നും ലോക രാഷ്ട്രങ്ങളുടെ രോഷം വീണ്ടും ക്ഷണിച്ചുവരുത്തരുതെന്നും അമേരിക്ക ഓര്‍മിപ്പിച്ചു. ഈയിടെ ചൈനയുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് സ്മാരകം സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രിയെ പ്രേരിപ്പിച്ചത്. ജപ്പാന്റെ ദ്വീപ സമൂഹങ്ങളുടെ മേല്‍ ചൈന അവകാശം ഉന്നയിച്ചതും അവയ്ക്കു മുകളില്‍ വ്യോമ പ്രതിരോധ മേഖല തീര്‍ത്തതും ജപ്പാനെ പ്രകോപിപ്പിച്ചിരുന്നു. ഇതിന്റെ പേരില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വലിയ വിമര്‍ശനങ്ങളും നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: