ഡര്ബന്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ശുഭാരംഭം. വെളിച്ചക്കുറവുമൂലം ആദ്യ ദിനം നേരത്തെ കളിയവസാനിപ്പിച്ചപ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിന് 181 റണ്‍സ് എന്ന സ്കോറില്‍. ഹാഫ് സെഞ്ച്വറികളോടെ മുരളി വിജയ്യും (91) ചേതേശ്വര്‍ പൂജാരയും (58) ക്രീസില്‍. ശിഖന്‍ ധവാന് (29) പുറത്തായി.
ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരുടെ അതിവേഗ പരീക്ഷണങ്ങളെ അതിജീവിച്ച ഇന്ത്യ തരക്കേടില്ലാത്ത സ്കോറിലെത്തുകയായിരുന്നു. പിച്ചിലെ സ്വിങ് തേടി എതിര് ബൗളര്‍മാര്‍ തൊടുത്ത ഫുള്‍ലെങ്ത് പന്തുകള്‍ മുതലെടുത്ത വിജയും പൂജാരയും റണ്‍സ് വാരിയെടുത്തു. മോണി മോര്‍ക്കലും ഡെയ്ല്‍ സ്റ്റെയിനും ലെഗ്സൈഡിലേക്കു പന്തെറിഞ്ഞപ്പോള്‍ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ എളുപ്പമായി. സ്പിന്‍ തന്ത്രങ്ങളുമായി വന്ന റോബിന് പീറ്റേഴ്സനും റണ്‍സ് വിട്ടു നല്കുന്നതില് പിശുക്കുകാട്ടിയില്ല. ഒന്നാം വിക്കറ്റില്‍ ഓവറില്‍ 43 റണ്‍സ് ചേര്‍ക്കാന്‍ ഇന്ത്യയ്ക്ക് 13 ഓവറുകളെ വേണ്ടിവന്നുള്ളു. അതില്‍ ഏറിയ പങ്കു സ്കോര്‍ ചെയ്ത ധവാനെ മോര്‍ക്കല്‍ പീറ്റേഴ്സന്റെ കൈക്കുമ്പിളില്‍ എത്തിച്ചു. പിന്നെ കാര്യങ്ങളെല്ലാം ഇന്ത്യയുടെ വഴിക്ക്, രണ്ടാം വിക്കറ്റില്‍ പൂജാരയും വിജയ്യും 140 റണ്‍സ് സ്വരുക്കൂട്ടി.
അതിസാഹസികതകളൊന്നും കാട്ടാതെ കളിച്ച വിജയ്യുടെ ബാറ്റിങ് വേറിട്ടുനിന്നു. ബൗണ്‍സറുകള്‍ ഒഴിഞ്ഞുമാറിയ ഇന്ത്യന്‍ ഓപ്പണര്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരുടെ അധ്വാനം പാഴാക്കി. സെഞ്ച്വറി ലക്ഷ്യമിട്ടു കുതിക്കുന്ന വിജയ് പതിനേഴു തവണ പന്ത് ബൗണ്ടറി കടത്തിക്കഴിഞ്ഞു. വിജയ്യിനു പറ്റിയ കൂട്ടാളിയായ പൂജാര ചേതോഹരങ്ങളായ ഏഴു ഫോറുകള്‍ സ്വന്തം പേരിലെഴുതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: