ജുബ: പ്രസിഡന്റ് സാല്വാ കിരെയെ അനുകൂലിക്കുകയും എതിര്‍ക്കുകയും ചെയ്യുന്ന സൈനിക വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്ന തെക്കന്‍ സുഡാനില്‍ സ്ഥിതിഗതികള്‍ ഭീതികരമാണെന്ന് ഐക്യരാഷ്ട്ര സംഘടന.
ദിവസംതോറും അഭയാര്‍ഥികളുടെ എണ്ണം വര്‍ധിച്ചുവരികയാണെന്ന യുഎന്‍ വക്താവ് ടോബി ലാന്‍സര്‍ പറഞ്ഞു. അഭയാര്‍ഥിക്യാമ്പുകളില്‍ എത്തിപ്പെടുന്നവരുടെ എണ്ണം ദിനം പ്രതി ക്രമാതീതമായി വര്‍ധിക്കുന്നു. സംഘര്‍ഷം ഭയന്ന് നിരവധി പേര് കുറ്റിക്കാടുകളില്‍ ഒളിച്ചിരിക്കുന്നുണ്ടെന്നും യുഎന്‍ വക്താവ് ലാന്‍സര്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ വിമതര്‍ കീഴടക്കിയ ബോര് നഗരത്തില്‍ നിന്ന് അമേരിക്ക പൗരന്മാരെ തിരികെവിളിച്ചു. കഴിഞ്ഞ ദിവസം വിമാനത്തിന് നേരെയുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് 4 അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റ സാഹചര്യത്തിലാണിത്. മുന്‍ വൈസ് പ്രസിഡന്റ് റീക് മാച്ചാറിനെ പിന്തുണയ്ക്കുന്ന വിമതസൈന്യം സുഡാന്റെ തലസ്ഥാന നഗരമായ ബെനിറ്റു കീഴടക്കിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഒരാഴ്ച മുമ്പാണ് സുഡാനില്‍ സംഘര്ഷങ്ങളാരംഭിച്ചത്. പ്രസിഡന്റ് സാല്വാ കിറെയെയും മുന്‍ വൈസ് പ്രസിഡന്റ് റീക്മച്ചാറിനെയും പിന്തുണയ്ക്കുന്ന സൈനികവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ഏറ്റുമുട്ടലുകളില്‍ എത്ര പേര് കൊല്ലപ്പെട്ടെന്നോ എത്രപേര്‍ക്ക് പരിക്കേറ്റെന്നോ ഉള്ള വ്യക്തമായ കണക്കുകള്‍ ഇപ്പോഴും ലഭ്യമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: