ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ കുറിച്ച ടീമെന്ന ഖ്യാതി ഹംഗറിയുടെ പേരിലാണ്. 1954ല്‍ സ്വിറ്റ്സര്‍ലാന്റ് ആതിഥേയത്വം വഹിച്ച ലോകകപ്പില്‍ ഫ്രാങ്ക് പുഷ്കാസിലെ പ്രതിഭയിലെ ഊര്‍ജം ആവാഹിച്ച ഹംഗേറിയന്‍ സംഘം അടിച്ചുകൂട്ടിയത് 27 ഗോളുകള്‍. അതില്‍ പതിനൊന്ന് ഗോളുകള്‍ സാന്‍ഡോര്‍ കോക്സിസ് സംഭാവന ചെയ്തു. കോക്സിസ് തന്നെ അത്തവണത്തെ ടോപ് സ്കോറര്‍. നാല് ഗോള്‍ വീതം നേടിയ പുഷ്കാസും നാന്‍ഡോര്‍ ഹിഡെഗ്കുടിയും മോശമാക്കിയില്ല.
ഗ്രൂപ്പ് രണ്ടില്‍ ദക്ഷിണ കൊറിയയെ എതിരില്ലാത്ത ഒമ്പത് ഗോളുകള്‍ക്ക് മുക്കിയായിരുന്നു മാന്ത്രികരായ മഗ്യാറുകള്‍ പ്രയാണം ആരംഭിച്ചത്. കോക്സിസിന്റെ ഹാട്രിക്കായിരുന്നു മത്സരത്തിലെ സവിശേഷത. പുഷ്കാസിന്റെയും പീറ്റര്‍ പലോറ്റസിന്റെയും ഡബിള്‍ സ്ട്രൈക്കുകളും ഹംഗേറിയന്‍ ജയത്തിന്റെ മാറ്റുകൂട്ടി. രണ്ടാം മത്സരത്തില്‍ കരുത്തരായ പശ്ചിമ ജര്‍മ്മനിയെ 8-3ന് ഹംഗേറിയന്‍ പട നിഷ്പ്രഭമാക്കിക്കളഞ്ഞു. നാലു ഗോളുകളാണ് ഇത്തവണ കോക്സിസിന്റെ ബൂട്ടില്‍ നിന്ന് പിറവിയെടുത്തത്. ഹിഡഗ്കുടി ഇരട്ട ഗോളുകള്‍ നേടി. പുഷ്കാസും ഒരു തവണ ജര്‍മ്മന്‍ വലകുലുക്കി. ക്വാര്‍ട്ടറില്‍ ബ്രസീല്‍ ഹംഗറിക്കു മുന്നില്‍വന്നത്. അപ്പോഴും മത്സരഫലം മാറിയില്ല. മഞ്ഞക്കിളികള്‍ ചിറകറ്റുവീണത് 4-2 എന്ന സ്കോറിന്. കോക്സിസ് രണ്ടു തവണ വലകുലുക്കി. ഹിഡെഗ്കുടിയും മിഹ്ലായ് ലാന്റോസും മറ്റു സ്കോറര്‍മാര്‍. എക്സ്ട്രാ ടൈം വരെ നീണ്ട സെമിയില്‍ ഉറുഗ്വെയും ഹംഗറിക്കു മുന്നില്‍ തറപറ്റി (4-2). ഗോളടിവിദ്യ തിരിച്ചുപിടിച്ച കോക്സിസായിരുന്നു (111, 116 മിനിറ്റുകള്‍) കളിയുെ# വിധിയെഴുതിയത്. പക്ഷേ ഫൈനലില്‍ ലോകാത്ഭുതം സംഭവിച്ചു. ഗ്രൂപ്പ് മത്സരത്തില്‍ ദയനീയ തോല്‍വി വഴങ്ങിയ പശ്ചിമ ജര്‍മ്മനി മഗ്യാറുകളെ രണ്ടിനെതിരെ മൂന്നുഗോളുകള്‍ക്ക് മറിച്ചിട്ടപ്പോള്‍ കാണികള്‍ മൂക്കത്തുവിരല്വച്ചുപോയി. ആറാം മിനിറ്റില്‍ പുഷ്കാസ് ഹംഗറിക്കു ലീഡ് നല്കി. രണ്ടു മിനിറ്റുകള്‍ക്കുശേഷം സോള്‍ട്ടന്‍ സിബോര്‍ അത് ഇരട്ടിപ്പിച്ചപ്പോള്‍ ഹംഗറി വന്‍ ജയത്തോടെ കിരീടമുയര്‍ത്തുമെന്ന് തോന്നി. എന്നാല്‍ മാക്സ് മൊര്ലോക്ക്, ഹെല്‍മത്ത് റാന്‍ (2) എന്നിവര്‍ ചേര്‍ന്ന് ഹംഗേറിയന്‍ സ്വപ്നങ്ങള്‍ തച്ചുടച്ചു. കിരീടം പശ്ചിമ ജര്‍മ്മനിയിലേക്ക് കപ്പലേറി. എങ്കിലും ഹംഗറിയുടെ അതുല്യ പ്രകടനം ലോകകപ്പ് ചരിത്രത്തിലെ സുവര്‍ണതാളുകളില്‍ ചേര്‍ക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: