മെല്‍ബണ്‍: ആഷസ് പരമ്പര ഓസ്ട്രേലിയക്ക് അടിയറവെച്ചതിന് പിന്നാലെ ഇംഗ്ലണ്ടിന് മറ്റൊരു തിരിച്ചടി. ഇംഗ്ലണ്ടിന്റെ ഏക്കാലത്തെയും മികച്ച സ്പിന്നര്‍മാരിലൊരാളായ ഗ്രെയിം സ്വാന് ഏവരെയും അമ്പരപ്പിച്ചുകൊണ്ട് പൊടുന്നനെ കളി മതിയാക്കി. ആഷസിലെ ബോക്സിംഗ് ഡേ ടെസ്റ്റ് 26ന് ആരംഭിക്കാനിരിക്കെയാണ് 34കാരനായ സ്വാന് കളി മതിയാക്കിയത്. പരമ്പരയിലെ ശേഷിക്കുന്ന രണ്ടു മത്സരങ്ങളിലും സ്വാന് കളിക്കില്ല. മികച്ച ഫോമില്‍ കളിച്ചുവന്ന സ്വാനിന് പക്ഷെ ഈ ആഷസില്‍ തൊട്ടതെല്ലാം പിഴച്ചു. കഴിഞ്ഞ മൂന്ന് ടെസ്റ്റുകളില്‍ നിന്നായി വെറും ഏഴ് വിക്കറ്റ് മാത്രമാണ് വീഴ്ത്താന്‍ കഴിഞ്ഞത്.
അന്താരാഷ്ട്ര മത്സരങ്ങളിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ഇനി കളിക്കില്ലെന്നാണ് വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് സ്വാന് അറിയിച്ചത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം തനിക്ക് കുടുംബത്തെപ്പോലെയാണെന്ന് പറഞ്ഞ സ്വാന്, കളി മതിയാക്കാനുള്ള തീരുമാനം ഏറെ ബുദ്ധിമുട്ടേറിയതാണെന്നും വ്യക്തമാക്കി. എന്നാല്‍ ഇതാണ് വിരമിക്കാനുള്ള ശരിയായ സമയമെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ആദ്യം മുതല്‍ വിരമിക്കല്‍ മനസിലുണ്ടായിരുന്നു. ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാനുള്ള ശാരീരികക്ഷമത തനിക്ക് കുറഞ്ഞുവരികയാണെന്നും മെല്‍ബണ്‍, സിഡ്നി ടെസ്റ്റുകളില്‍ കളിക്കില്ലെന്നും സ്വാന് പറഞ്ഞു. ടെസ്റ്റ് മത്സരങ്ങളില്‍ 30, 40 ഓവറുകള്‍ എറിയാന്‍ സാധിക്കുന്നില്ല. ആദ്യ ഇന്നിംഗ്സ് കഴിഞ്ഞ് രണ്ടാം ഇന്നിംഗ്സില്‍ ഫോം നിലനിര്‍ത്താന്‍ സാധിക്കുന്നുമില്ല. എന്റെ പ്രകടനത്തില്‍ ഞാന്‍ പോലും തൃപ്തനല്ല.
പിന്നെ എങ്ങനെ എന്റെ പ്രകടനം ആരാധകര്‍ ഇഷ്ടപ്പെടുമെന്നും സ്വാന് ചോദിച്ചു. 2008 ഡിസംബറില്‍ ഇന്ത്യക്കെതിരെ ചെന്നൈയിലാണ് സ്വാന് ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് അഞ്ച് വര്‍ഷം നീണ്ട കരിയറില്‍ 60 ടെസ്റ്റുകളില്‍ നിന്നായി 255 വിക്കറ്റുകളാണ് സ്വാന് സ്വന്താമക്കിയത്. 79 ഏകദിനങ്ങളില്‍ നിന്ന് 104 വിക്കറ്റും കൊയ്തു. 39 രാജ്യാന്തര ട്വന്റി-20 മത്സരങ്ങളില്‍ നിന്ന് 51 വിക്കറ്റ് നേടാനും സ്വാന് കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: