ജോഹന്നസ്ബര്‍ഗ്: ഇന്ത്യക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുന്നു. ഒരുദിവസത്തെ കളി ബാക്കിനില്‍ക്കേ ദക്ഷിണാഫ്രിക്ക് വിജയിക്കാന്‍ 8 വിക്കറ്റ് കയ്യിലിരിക്കെ 320 റണ്‍സ് കൂടി വേണം. നാലാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുത്തിട്ടുണ്ട്. 76 റണ്‍സുമായി പീറ്റേഴ്സണും 10 റണ്‍സുമായി ഡുപ്ലെസിസുമാണ് ക്രീസില്‍. നേരത്തെ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 421 റണ്‍സിന് അവസാനിച്ചു. ഇന്ത്യക്ക് വേണ്ടി ചേതേശ്വര്‍ പൂജാര 153 റണ്‍സ് നേടിയപ്പോള്‍ വിരാട് കോഹ്ലി 96 റണ്‍സെടുത്ത് പുറത്തായി.
തലേന്നത്തെ സ്കോറായ രണ്ടിന് 284 എന്ന നിലയില്‍ ഇന്നലെ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യ 421 റണ്‍സിന് ഓള് ഔട്ടായി. 135 റണ്‍സുമായി ബാറ്റിംഗ് ആരംഭിച്ച പൂജാരയാണ് ആദ്യം മടങ്ങിയത്. തലേന്നത്തെ സ്കോറിനോടുകൂടി 18 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത പൂജാരയെ കല്ലിസിന്റെ പന്തില്‍ ഡിവില്ലിയേഴ്സ് പിടികൂടി. മൂന്നാം വിക്കറ്റില്‍ പൂജാരയും കോഹ്ലിയും ചേര്‍ന്ന് 222 റണ്‍സാണ് അടിച്ചുകൂട്ടിയത്. തുടര്‍ന്നെത്തിയ രോഹിത് ശര്‍മ്മ 6 റണ്‍സെടുത്ത് കല്ലിസിന്റെ പന്തില്‍ ബൗള്‍ഡായി മടങ്ങി. സ്കോര്‍ 4ന് 325. രണ്ട് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും സെഞ്ച്വറിക്ക് നാല് റണ്‍സ് അകലെവച്ച് വിരാട് കോഹ്ലിയും മടങ്ങി. 77 റണ്‍സുമായി ബാറ്റിംഗ് പുനരാരംഭിച്ച കോഹ്ലി 96 റണ്‍സെടുത്ത് നില്‍ക്കേ ഡുമ്നിയുടെ പന്തില്‍ ഡിവില്ലിയേഴ്സ് പിടികൂടി. പിന്നീടെത്തിയവരില്‍ 29 റണ്‍സ് നേടി പുറത്താകാതെ നിന്ന സഹീര്‍ഖാനും ക്യാപ്റ്റന്‍ ധോണിയും (29) മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ ബൗളര്മാര്ക്കെതിരെപിടിച്ചുനിന്നത്. രഹാനെ 15 റണ്‍സെടുത്തും അശ്വിന് 7 റണ്‍സിനും ഇഷാന്ത് ശര്‍മ്മയും മുഹമ്മദ് ഷാമിയും നാല് റണ്‍സ് വീതം നേടിയും പുറത്തായതോടെ ഇന്ത്യന്‍ ഇന്നിംഗ്സ് 421 റണ്‍സിന് അവസാനിച്ചു. ഒന്നാം ഇന്നിംഗ്സില്‍ 36 റണ്‍സിന്റെ ലീഡ് നേടിയ ഇന്ത്യക്ക് മൊത്തം 457 റണ്‍സ് ലീഡായി. ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഫിലാന്‍ഡറും കല്ലിസും മൂന്നു വീതവും ഇംമ്രാന്‍ താഹിറും ജെ.പി. ഡുമ്നിയും രണ്ട് വിതം വിക്കറ്റുകളും വീഴ്ത്തി.
രണ്ടാം ഇന്നിംഗ്സില്‍ 458 റണ്‍സിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഓപ്പണര്‍മാരായ ആല്‍വിരോ പീറ്റേഴ്സണും ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്തും മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഉജ്ജ്വല ബൗളിംഗ് പുറത്തെടുത്ത സഹീര്‍, ഷാമി, ഇഷാന്ത് ശര്‍മ്മ എന്നിവര്‍ക്ക് രണ്ടാം ഇന്നിംഗ്സില്‍ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. ഒന്നാം വിക്കറ്റില്‍ 108 റണ്‍സാണ് സ്മിത്തും പീറ്റേഴ്സണും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. 44 റണ്‍സെടുത്ത സ്മിത്തിനെ രഹാനെ റണ്ണൗട്ടാക്കിയതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. ഇതിനിടെ പീറ്റേഴ്സണ് അര്‍ദ്ധസെഞ്ച്വറിയും പൂര്‍ത്തിയാക്കിയിരുന്നു. സ്മിത്തിന് പകരമായി ക്രീസിലെത്തിയ ഹാഷിം ആംലക്ക് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. സ്കോര്‍ 118-ല്‍ എത്തിയപ്പോള്‍ നാല് റണ്‍സെടുത്ത ആംലയെ മുഹമ്മദ് ഷാമി ബൗള്‍ഡാക്കി. പിന്നീടെത്തിയ ഡുപ്ലെസിസുമായി ചേര്‍ന്ന് കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ പീറ്റേഴ്സണ് നാലാം ദിവസത്തെ കളി അവസാനിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: