1963 ആഗസ്റ്റിലെ ഒരു തണുത്ത രാത്രി. ഗ്ലാസ്കോയ്ക്കും ലണ്ടനുമിടയില്‍ ഇരുള്പ്പാളികളെ കീറിമുറിച്ച് കുതിച്ചുപായുന്ന ബ്രിട്ടീഷ് റോയല്‍ മെയില്‍ ട്രെയിന്‍. ബക്കിങ്ങാംഷയറിലെ മെന്റ്മോറിനു സമീപം ലെഡ്ബര്ണില് ബ്രിഡേഗൊ റെയില്‍വേ ബ്രിഡ്ജിനു അടുത്തെത്തിയപ്പോള്‍ പൊടുന്നനെ റെഡ് സിഗ്നല്‍. പിന്നെ ഒരു സംഘം ആള്ക്കാര് ലോക്കോ പെയിലറ്റിന്റെ ക്യാബിനിലേക്ക്… ഒടുവില്‍ ഒരു വന്‍ കൊള്ളയുടെ വാര്‍ത്ത കേട്ടുകൊണ്ട് ബ്രിട്ടണ് ഉണര്‍ന്നു. തസ്കര സംഘത്തിലെ പ്രധാനികളിലൊരാളായ റോണി ബിഗ്സിന്റെ മരണവൃത്താന്തം ‘ദ ഗ്രേറ്റ് ട്രെയിന്‍ റോബറി’ എന്ന പേരില്‍ കുപ്രസിദ്ധമായ ആ പെരുംകൊള്ളയെ വീണ്ടും ഓര്‍മയിലെത്തിക്കുന്നു. ബ്രിട്ടീഷ് തപാല്‍ വകുപ്പിന്റെ 2.6 ദശലക്ഷം പൗണ്ടിലേറെ പണമാണ് (ഇന്നത്തെ 350 കോടി രൂപയിലധികം) ബിഗ്സും കൂട്ടരും കവര്‍ന്നത്. ആ പണത്തില്‍ ഭൂരിഭാഗവും കണ്ടെടുക്കാന്‍ അന്വേഷകര്‍ക്കായില്ല. ജാക് മില്‍സ് എന്ന ലോക്കോ പെയിലറ്റിന്റെ കരിയറിനും സംഭവം വിരാമം കുറിച്ചു. രോഗാതുരമായ ഏഴു വര്‍ഷങ്ങള്‍ക്കുശേഷം മില്‍സ് ലോകത്തോട് വിടപറഞ്ഞു.
മാസങ്ങള്‍ നീണ്ട ആസൂത്രണം, അതായിരുന്നു ചരിത്രത്തിലെ ഏറ്റവും വലിയ ട്രെയിന്‍ കൊള്ളയെ പിഴവറ്റതാക്കിയത്. ബ്രൂസ് റെയ്നോള്ഡിലെ ബോണ്‍ ക്രിമിനല്‍ അതിനു ചുക്കാന്‍ പിടിച്ചു. ജനറല്‍ പോസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടെന്ന് അവകാശപ്പെട്ട ഒരു അജ്ഞാതനെ ഗോര്‍ഡന്‍ ഗൂഡി, ബസ്റ്റര്‍ എഡ്വാര്‍ഡ്സ് എന്ന രണ്ടു ക്രിമിനലുകള്‍ ബന്ധപ്പെട്ടതോടെ പദ്ധതികള്‍ക്ക് തുടക്കം. ലണ്ടന്‍ സോളിസിറ്ററുടെ ക്ലര്‍ക്ക് ബ്രയാന്‍ ഫീല്‍ഡാണ് ‘ദ അള്‍സ്റ്റര്‍ മാന്‍’ എന്നു പിന്നീട് വിളിക്കപ്പെട്ട അജ്ഞാതനെ ഗൂഡിക്കും ബസ്റ്ററിനും പരിചയപ്പെടുത്തിക്കൊടുത്തത്. ഗൂഡിയും ബസ്റ്ററും തീവണ്ടി കവര്‍ച്ച ചെയ്യാന്‍ തന്നെ ഉറപ്പിച്ചു. വന്‍ കുറ്റകൃത്യങ്ങളിലൂടെ അധോലോകത്തെ വിറപ്പിച്ച ഗ്യാങ്ങിന്റെ ഭാഗമായിരുന്നിട്ടും ഈ കൂട്ടര്‍ക്ക് ട്രെയിനിലെ കൊള്ള അത്ര പരിചിതമായിരുന്നില്ല. അതിനവര്‍ ഒരു പോംവഴികണ്ടെത്തി. ട്രെയിന്‍ കൊള്ളയില്‍ ഏറെ പ്രാവീണ്യമുള്ള റെയ്നോള്‍ഡിന്റെ നേതൃത്വത്തിലെ ദ സൗത്ത് കോസ്റ്റ് റൈഡേഴ്സ് എന്ന കുറ്റവാളിക്കൂട്ടത്തെ കുട്ടൂപിടിച്ചു. ടോമി വിസ്ബെ, ബോബ് വെല്‍ഷ്, ജയിംസ് ഹസി, ചാള്‍സ് വില്സന് എന്നിവര്‍ അതിലെ മറ്റംഗങ്ങള്‍. റോണി ബിഗ്സ് അടക്കുള്ള മറ്റുള്ളവരെ റെയ്നോള്‍ഡ് ജയില്‍വച്ചു പരിചയപ്പെട്ടതായിരുന്നു. കൊള്ളസംഘത്തിലെ ഒരാള്‍ അധ്യാപകന്റെ വേഷംകെട്ടി റെയില്‍ ജീവനക്കാരുമായി സൗഹൃദം സ്ഥാപിച്ചു. ട്രെയിനുകളുടെ പ്രവര്‍ത്തനവും കോച്ചുകളുടെ ക്രമീകരണവും മറ്റുമൊക്കെ പഠിക്കാനായിരുന്നത്.
ബിഗ്സിന്റെ പരിചയത്തിലെ ഒരു പഴയ ലോക്കോ പെയിലറ്റിനെയും സംഘം വിലയ്ക്കെടുത്തു. കവര്‍ച്ചയ്ക്കായി തെരഞ്ഞെടുത്ത ദിനം പുലര്‍ച്ചെ മൂന്നു മണിക്ക് സംഘം ബ്രിഡേഗൊ പാലത്തിലെത്തി. സിഗ്നല്‍ ലൈറ്റിനു കേടുവരുത്തിയ കൊള്ളക്കാര്‍ പച്ചവെളിച്ചം ഇല്ലാതാക്കി. തീവണ്ടി വന്ന സമയത്ത് ആറു വോള്‍ട്ടുള്ള എവറഡി ബാറ്ററി ഉപയോഗിച്ച് ചുവന്ന ലൈറ്റ് പ്രകാശിപ്പിച്ചു. ട്രെയിനിന്റെ ക്യാബിനിലപ്പോള് ലോക്കോ പെയിലറ്റ് ജാക് മില്‍സിനൊപ്പം ഫയര്മാന് ഡേവിഡ് വിറ്റ്ബൈയും ഉണ്ടായിരുന്നു. ക്യാബിനില്‍ നിന്നിറങ്ങിയ വിറ്റ്ബൈ സിഗ്നല്മാനെ വിളിക്കാന്‍ ട്രാക്കിനരികിലെ ടെലഫോണ്‍ നോക്കി. എന്നാല്‍ അറുത്തുമുറിച്ച കേബിളുകള്‍ മാത്രമേ കാണാന്‍ സാധിച്ചുള്ളു. ഇതിനിടെ കൊള്ളക്കാര്‍ വിറ്റ്ബൈയെ പിന്നില്‍ നിന്ന് പൂണ്ടടങ്കം പിടിച്ചു. ഇടിയേറ്റ് വിറ്റ്ബൈ നിലത്തുവീണു. സഹപ്രവര്‍ത്തകന്റെ മടങ്ങിവരവും കാത്തിരുന്നു മില്‍സ് അപ്പോള്‍. പൊടുന്നനെ ഇരുവശത്തു നിന്നും ക്യാബിനിലേക്ക് കൊള്ള സംഘം ഇരമ്പിക്കയറി. അതിലെരാളുമായി മില്‍സ് മല്ലയുദ്ധത്തിലേര്പ്പെട്ടു. പക്ഷേ, തലയ്ക്കു പിന്നില്‍ ലോഹ ദണ്ഡുകൊണ്ടുള്ള പ്രഹരം മില്‍സിനെ അബോധാവസ്ഥയിലാക്കി. അതേസമയം, സിഗ്നലിനു മുന്നില്‍ നിന്നു ട്രെയിന്‍ മാറ്റിയിടുക എന്ന ശ്രമകരമായ ദൗത്യം കൊള്ളസംഘത്തെ തുറിച്ചു നോക്കി.
വാടകയ്ക്കെടുത്ത ഡ്രൈവറെകൊണ്ട് ട്രെയിന്‍ മുന്നോട്ടു നീക്കാനായിരുന്നു ശ്രമം. എന്നാല്‍ ട്രെയിനിലെ പുത്തന്‍ സാങ്കേതിക വിദ്യ വശമില്ലാതിരുന്ന വാടക ഡ്രൈവര്‍ ദൗത്യത്തില്‍ പരാജയപ്പെട്ടു. ഗത്യന്തരമില്ലാതെ കവര്‍ച്ചക്കാര്‍ മില്‍സിനെ ഭീഷണിപ്പെടുത്തി ട്രെയിന്‍ ലക്ഷ്യസ്ഥാനമായ പാലത്തിനരികിലെത്തിച്ചു. തുടര്‍ന്ന് പണം ലോഡ് ചെയ്തിരുന്ന കോച്ച് ആക്രമിച്ചു. നാലു പോസ്റ്റല്‍ ജീവനക്കാരും ഒരു പോലീസ് ഉദ്യോഗസ്ഥനും കോച്ചുകളുടെ സംരക്ഷണത്തിന് നിയോഗിക്കപ്പെട്ടിരുന്നു. അവര്‍ക്കൊന്നും കൊള്ളക്കാര ചെറുത്തുതോല്‍പ്പിക്കാന്‍ സാധിച്ചില്ല. എതിര്‍പ്പുകളെല്ലാം അതിജീവിച്ച അവര്‍ അതിവേഗം പണം വാനിലേക്കു മാറ്റി. അരമണിക്കൂറിനകം സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. എതൊരു കുറ്റകൃത്യത്തിലുമെന്ന പോലെ ചില പൊട്ടുപൊടികളും അവശേഷിപ്പിച്ചുള്ള മടക്കം. റേഡിയോ വഴി പൊലീസ് നല്കിയ സന്ദേശങ്ങള്‍ ശ്രദ്ധിച്ച സംഘം ചെറു റോഡുകളാണ് സഞ്ചാരത്തിന് തെരഞ്ഞെടുത്തത്. പുലര്‍ച്ചെ 4.30ഓടെ ഒളിസങ്കേതമായ 27 മെയില്‍ അകലെയുള്ള ലെതര്സ്ലൈഡിലെ ഫാമില്‍ കവര്‍ച്ചക്കാര്‍ എത്തിച്ചേര്‍ന്നു.
കൊള്ളയ്ക്കുശേഷം സംഘത്തിലെ ഒരാള്‍ പോസ്റ്റല്‍ ജീവനക്കാരനോട് പറഞ്ഞ കാര്യം കേസന്വേഷണത്തിലെ പ്രധാന വഴിത്തിരിവായി. അരമണിക്കൂര്‍ അനങ്ങരുതെന്നായിരുന്നു അത്. കുറ്റവാളികളുടെ ഒളിസങ്കേതം 30 മെയിലിനകത്താണെന്ന് മനസിലാക്കാന്‍ അന്വേഷകരെ ഇതു സഹായിച്ചു. ശിരോവസ്ത്രവും നീല ബോയിലര്‍ സ്യൂട്ട്സും ധരിച്ച 15 പേരെ കണ്ടതായും ദൃക്സക്ഷികളില് ചിലര്‍ വെളിപ്പെടുത്തി. പോലീസ് അതിവേഗം തങ്ങള്‍ക്കടുത്ത് എത്തുന്നെന്നു മനസിലാക്കിയ കൊള്ളക്കാര്‍ ഒളിയിടത്തില്‍ നിന്ന് പലായനം ചെയ്യാന്‍ കോപ്പുകൂട്ടി. നേരത്തെ ഉപയോഗിച്ച വാഹനങ്ങള്‍ പലരും കണ്ടിരിക്കാമെന്നതിനാല്‍ പുതിയവക്കായി അവര്‍ കാത്തിരുന്നു. അപ്പോഴേക്കും തന്റെ ഓഹരി വാങ്ങാന്‍ ബ്രയാന്‍ ഫില്‍ഡ് ഫാമിലെത്തി. ഫീല്‍ഡ് ഒരുക്കിയ വാഹനങ്ങളില്‍ ബ്രൂസ് റെയ്നോള്‍ഡ് അടക്കമുള്ള കൊള്ളക്കാര്‍ അവിടെ നിന്നു കടന്നുകളഞ്ഞു. ഫീല്‍ഡും സഹായിയും ചേര്‍ന്ന് ഫാമിനു തീയുമിട്ടു. ഒരു ആട്ടിടയന് നല്കിയ വിവരം അനുസരിച്ച് പോലീസ് എത്തുമ്പോഴേക്കും ഫാം തരിശുനിലമായിക്കഴിഞ്ഞു. എന്നിരുന്നാലും കൊള്ളക്കാര്‍ ഉപയോഗിച്ച ലാന്‍ഡ് റോവേഴ്സ് ട്രക്ക്, ഭക്ഷണാവശിഷ്ടങ്ങള്‍, സ്ലീപ്പിങ് ബാഗുകള്‍, പോസ്റ്റ് ഓഫീസ് ഉരുപ്പടികള്‍ വച്ച ചാക്കുകള്‍ തുടങ്ങിയവ കണ്ടെടുക്കാന്‍ സാധിച്ചു. എയ്ല്‍സ്ബറി, ലണ്ടന്‍ പോലീസുകള്‍ വെവ്വേറെയായി നടത്തിയ അന്വേഷണത്തിനൊടുവില്‍ അധികം താമസിയാതെ സംഘത്തില്‍ ഉള്‍പ്പെട്ട റോജര്‍ കോര്‍ഡ്രെ അറസ്റ്റിലായി. ബോണ്‍മൗത്തിലെ ആഡംബര ഫ്ലാറ്റില്‍ സുഹൃത്തിന്റെ സഹായത്തോടെ രഹസ്യവാസത്തിലായിരുന്നു കോര്‍ഡ്രെ. പിന്നാലെ എട്ടു കൊള്ളക്കാര്കൂടെ കുടുങ്ങി. വിചാരണയ്ക്കുശേഷം 1964 ഏപ്രിലില്‍ ബിഗ്സിനും മറ്റു പ്രധാന പ്രതികള്‍ക്കും മുപ്പത് വര്‍ഷം തടവുശിക്ഷ വിധിച്ചു. ആകെ പതിനൊന്നു പേര് അന്ന് ശിക്ഷിക്കപ്പെട്ടു.
തടവുശിക്ഷയെ ബുദ്ധികൂര്മതകൊണ്ട് മറികടന്ന ബിഗ്സായിരുന്നു കഥയിലെ പിന്നത്തെ ഹീറോ. 1965ല്‍ വാണ്ട്സ്വര്‍ത്തിലെ ജയില്‍ ചാടിയ ബിഗ്സ് പാരീസിലേക്കു കടന്നു. പ്ലാസ്റ്റിക് സര്‍ജറിയിലൂടെ പുതിയ മുഖവും കൃത്രിമങ്ങളിലൂടെ പുതിയ രേഖകളും സംഘടിപ്പിച്ച അവിടെ താമസിച്ചു. 1970ല്‍ ഓസ്ട്രേലിയയിലെ അഡ്ലെയ്ഡിലേക്കു കൂടുമാറി. ഒരു കെട്ടിടനിര്‍മ്മാതാവിനോട് കൂടിയ ബിഗ്സ് സാധാരണ ജീവിതം നയിച്ചു. പിന്നീട് ബ്രസീലിലെ റിയോ ഡി ജെയിനെറോയിലെത്തി. അവിടെവച്ച് ബ്രസീലിയന്‍ യുവതിയില്‍ ബിഗ്സിനൊരു പുത്രന് ജനിച്ചു. ബ്രസീലുകാരനായ കുട്ടിയുടെ പിതാവിനെ മറ്റുരാജ്യങ്ങള്‍ക്ക് കൈമാറിക്കൂടെന്ന നിയമത്തിന്റെ ബലത്തില്‍ അയാളവിടെ വിലസിനടന്നു. ബ്രിട്ടനും ബ്രസീലും തമ്മില്‍ കുറ്റവാളികളെ കൈമാറാനുള്ള കരാറും നിലവിലുണ്ടായിരുന്നില്ല. 2001ല്‍ സ്വമേധയാ ഇംഗ്ലണ്ടില്‍ മടങ്ങിയെത്തിയ ബിഗ്സിനെ എട്ടുവര്‍ഷം തടവിലടച്ചു. 2009ല്‍ ആരോഗ്യപരമായ അവശതകണക്കിലെടുത്ത് ബിഗ്സിനു മോചനം നല്കി. ‘ഓഡ് മാന്‍ ഔട്ട്- ദി ലാസ്റ്റ് സ്ട്രാ’ എന്നപേരില്‍ ആത്മകഥ എഴുതിയ ബീഗ്സ് അതിന്റെ പുതുക്കിയ പതിപ്പും പുറത്തിറക്കിയിരുന്നു. ദ ഗ്രേറ്റ് ട്രെയിന്‍ റോബറി നിരവധി സിനിമകളുടെ ഇതിവൃത്തവുമായി. സംഭവത്തെ ആധാരമാക്കി പുസ്തകങ്ങള്‍ കംപ്യൂട്ടര്‍ ഗെയിമുകളും പിറവികൊണ്ടെന്നതും പില്ക്കാല ചരിത്രം.
എസ്.പി. വിനോദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: