ന്യൂദല്‍ഹി: കോണ്‍ഗ്രസ് സര്‍ക്കാരിനെതിരായ ജനവികാരം മുതലെടുത്ത് നിര്‍ണ്ണായക വിജയം സ്വന്തമാക്കിയ ആംആദ്മി പാര്‍ട്ടി കോണ്‍ഗ്രസ് എംഎല്‍എമാരുടെ പിന്തുണയോടെ ദല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ തീരുമാനിച്ചു. കോണ്‍ഗ്രസ് പിന്തുണ സ്വീകരിക്കാന്‍ ദല്‍ഹിയിലെ ജനങ്ങളുടെ അനുവാദം ലഭിച്ചെന്നും സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുമെന്നും ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാള് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. ഇതോടെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ആംആദ്മി പാര്‍ട്ടിയില്‍ ഉടലെടുത്ത ഭിന്നതയും രൂക്ഷമായി.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ആംആദ്മി പാര്‍ട്ടി നേതാക്കള്‍ പലതവണ കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. പരസ്യമായി കോണ്‍ഗ്രസിനെ വിമര്‍ശിക്കുമ്പോഴും കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വവുമായി നടന്ന സജീവ ചര്‍ച്ചകളാണ് ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ സര്‍ക്കാരുണ്ടാക്കാന്‍ കളമൊരുക്കിയിരിക്കുന്നത്. കോണ്‍ഗ്രസിനെതിരെ വോട്ടു ചെയ്ത സാധാരണക്കാരായ ജനങ്ങള്‍ക്ക് അമ്പരപ്പുളവാക്കുന്ന നിലപാടാണ് ആം ആദ്മി പാര്‍ട്ടി സ്വീകരിച്ചിരിക്കുന്നത്.
പുതിയ നിയമസഭയില്‍ 28 എംഎല്‍എമാരാണ് ആംആദ്മി പാര്‍ട്ടിക്കുള്ളത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിക്കും സഖ്യകക്ഷിക്കുമായി 32 അംഗങ്ങളുടെ പിന്തുണയുണ്ട്. എന്നാല്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയെ ഒരുതരത്തിലും പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കിയ ആംആദ്മി പാര്‍ട്ടി നേതൃത്വം കോണ്‍ഗ്രസില്‍ നിന്നും പിന്തുണ സ്വീകരിക്കില്ലെന്ന് ആദ്യം സ്വീകരിച്ച നിലപാട് തിരുത്തി ചില നിബന്ധനകളോടെ പിന്തുണ സ്വീകരിക്കാമെന്ന് പിന്നീട് അറിയിക്കുകയായിരുന്നു. എന്നാല്‍ ഈ നിലപാടും മാറ്റിയ ആം ആദ്മി നേതൃത്വം ജനങ്ങളില്‍നിന്നും അഭിപ്രായം സ്വീകരിച്ച ശേഷം സര്‍ക്കാര്‍ രൂപീകരണ തീരുമാനം എടുക്കുമെന്നാണ് അവസാനം അറിയിച്ചത്. ജനങ്ങള്‍ കോണ്‍ഗ്രസ് പിന്തുണ സ്വീകരിക്കാന്‍ ആംആദ്മി പാര്‍ട്ടിക്ക് അനുമതി നല്‍കിയെന്നാണ് അരവിന്ദ് കേജ്രിവാളിന്റെ പുതിയ വെളിപ്പെടുത്തല്‍. ഇതോടെ കോണ്‍ഗ്രസ് പിന്തുണയോടെ ദല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി സര്‍ക്കാരുണ്ടാക്കാന്‍ തയ്യാറെടുക്കുന്ന വിചിത്രമായ സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്.
ദല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നുള്ള ലഫ്.ഗവര്‍ണ്ണറുടെ ശുപാര്‍ശയില്‍ തീരുമാനം വൈകുന്നതും ആംആദ്മി പാര്‍ട്ടി നേതൃത്വത്തെ സര്‍ക്കാര്‍ രൂപീകരണ നിലപാടിലേക്ക് എത്തിക്കുന്നതിനായി കോണ്‍ഗ്രസ് സ്വീകരിച്ച തന്ത്രമാണെന്നാണ് സൂചന. ഫലത്തില്‍ ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിച്ചാലും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ അനുമതിയില്ലാതെ യാതൊരു തീരുമാനങ്ങളും സ്വീകരിക്കാനാവാത്ത നിലയുണ്ടാകുമെന്നുറപ്പായി.
ജനങ്ങള്‍ക്ക് നല്കിയ വാദ്ഗാനങ്ങള്‍ പാലിക്കാനായി പുതിയ സാഹചര്യത്തില്‍ യാതൊന്നും ചെയ്യാനാവില്ലെന്നും കോണ്‍ഗ്രസ് പിന്തുണയോടെ സര്‍ക്കാര്‍ ഉണ്ടാക്കാതിരിക്കുകയാണ് നല്ലതെന്നുമുള്ള പക്ഷക്കാര്‍ ആംആദ്മിയില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. എന്തായാലും ആംആദ്മി-കോണ്‍ഗ്രസ് കൂട്ടുകെട്ടില്‍ ദല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകൃതമാകുന്നത് ദല്‍ഹി നിവാസികളില്‍ അമ്പരപ്പും രോഷവും മാത്രമാണ് ഉണ്ടാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: