കാല്‍പ്പന്തുകളിയില്‍ ഗോളടിച്ചുകൂട്ടുന്നവരാണ് യഥാര്‍ത്ഥ ഹീറോകള്‍. അത് ലോകകപ്പിലാണെങ്കിലോ, അത് അവരുടെ ജീവിതം തന്നെ മാറ്റിമറിക്കും.
ലോകത്തിലെ വമ്പന്‍ ക്ലബ്ബുകളെല്ലാം ഈ താരത്തിനുപിന്നാലെ പണച്ചാക്കുകളുമായി ചെല്ലും. അത്തരമൊരു താരമാണ് ബ്രസീലിന്റെ മുന്ഗോളടിയന്ത്രം റൊണാള്‍ഡോ. നാല് ലോകകപ്പുകളില്‍ നിന്നാണ് റൊണാള്‍ഡോ 15 ഗോളുകള്‍ നേടി ടോപ് സ്കോറര്‍ പദവി സ്വന്തമാക്കിയത്. 2006-ല്‍ ജര്‍മ്മനിയില്‍ നടന്ന ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ജപ്പാനെതിരെ രണ്ട് ഗോള്‍ നേടിയതോടെയാണ് റൊണാള്‍ഡോ ജര്‍മ്മനിയുടെ ഇതിഹാസതാരം ജെറാര്‍ഡ് മുള്ളറുടെ 14 ലോകകപ്പ് ഗോളുകള്‍ എന്ന റെക്കോര്‍ഡിനൊപ്പമെത്തിയത്. ഇതേ ലോകകപ്പില്‍ പ്രീ-ക്വാര്‍ട്ടര്‍ ഫൈനലില്‍ ഘാനക്കെതിരെ ഒരു ഗോള്‍ കൂടി നേടിയതോടെ മുള്ളറുടെ റെക്കോര്‍ഡും മറികടന്നു. ലോകകപ്പ് ഫുട്ബോളിലെ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് മൂന്നുതവണ ലോകത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം നേടിയ റൊണാള്‍ഡോ. മൂന്നുതവണ ലോക ഫുട്ബോളര് അവാര്‍ഡും റൊണാള്‍ഡോയെ തേടിയെത്തി. 1996-ല്‍ 20-ാം വയസ്സിലാണ് റൊണാള്‍ഡോയെ തേടി ഈ ബഹുമതി ആദ്യമായെത്തിയത്. പിന്നീട് പിന്നീട് 1997ലും 2002ലും റൊണാള്‍ഡോയായിരുന്നു ലോക ഫുട്ബോളര് ഓഫ് ദി ഇയര്‍.
1998ലെ ഫ്രാന്‍സ് ലോകകപ്പില്‍ ടീമിനെ ഫൈനല്‍ വരെ എത്തിച്ച റൊണാള്‍ഡോ ഏറ്റവും മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ പന്ത് സ്വന്തമാക്കി. നാല് ഗോളുകള്‍ നേടിയ റൊണാള്‍ഡോ മൂന്നെണ്ണതിന് അവസരമൊരുക്കുകയും ചെയ്തു. അതേസമയം ഒരു ദുരന്തനായകന് കൂടിയാണ് റൊണാള്‍ഡോ. 1998-ലെ ലോകകപ്പ് ഫൈനലില്‍ റൊണാള്‍ഡോയുടെ നിറംമങ്ങലിനു കാരണം ആരോഗ്യപരമായ കാരണങ്ങളാണെന്ന് വാര്‍ത്തകള്‍ പരുന്നു. കലാശക്കളിയുടെ ദിനത്തില്‍ ഉറക്കത്തിനിടെ റൊണാള്‍ഡോക്ക് അപസ്മാരമുണ്ടായെന്ന റിപ്പോര്‍ട്ടുകളും പിന്നാലെയെത്തി. റൊണാള്‍ഡോയുടെ വായില്‍ നിന്ന് നുരയും പതയും വന്നതായും വിളറി വെളുത്ത അദ്ദേഹം ശ്വാസംകിട്ടാതെ പിടഞ്ഞതായും ടീമിലെ പ്രതിരോധ ഭടനായ ഗോണ്‍സാല്‍വസ് വെളിപ്പെടുത്തി. ബ്രസീലിയന്‍ ടീമിന്റെ മുറിയില്‍ നിന്ന് ‘അവന് മരിച്ചു, അവന് മരിച്ചു’ എന്ന നിലവിളി ഉയര്‍ന്നെന്ന് ഹോട്ടല്‍ മാനേജരും സാക്ഷ്യപ്പെടുത്തി. അമിത പ്രതീക്ഷകളുടെ കടുത്ത സമ്മര്‍ദ്ദം കുഞ്ഞു റോയ്ക്ക് താങ്ങാനാവുന്നതിനുമപ്പുറമായിരുന്നു. പ്രകടനം മോശമായതിന്റെ കാരണവും ഇതുതന്നെയായിരുന്നു.
എന്നാല്‍ 2002-ല്‍ ജപ്പാനിലും ദക്ഷിണ കൊറിയയിലുമായി നടന്ന ലോകകപ്പലാണ് റൊണാള്‍ഡോ വിശ്വരൂപം പുറത്തെടുത്തത്. ലോകകിരീടത്തോടൊപ്പം എട്ട് ഗോളുകള്‍ നേടി ടോപ്സ്കോറര്‍ക്കുള്ള സ്വര്‍ണ്ണബൂട്ടും റൊണാള്‍ഡോ കരസ്ഥമാക്കി. ഫൈനലില്‍ അതുവരെ ഒരു ഗോള്‍ മാത്രം വഴങ്ങി ഏറെക്കുറെ അജയ്യനായി നിന്ന ജര്‍മ്മനിയുടെ ഇതിഹാസ ഗോളി ഒളിവര്‍ ഖാന്റെ വലയില്‍ രണ്ടുതവണ പന്തെത്തിച്ചത് റൊണാള്‍ഡോയായിരുന്നു. ഏറ്റവും മികച്ച രണ്ടാമത്തെ കളിക്കാരനുള്ള സില്‍വര്‍ പന്തും റൊണാള്‍ഡോയെ തേടിയെത്തി. ഈ ലോകകപ്പിലാണ് റോ ത്രയങ്ങള്‍ എന്ന് പ്രസിദ്ധരായ റൊണാള്‍ഡോ-റിവാള്‍ഡോ-റൊണാള്‍ഡീഞ്ഞോ എന്നിവര്‍ അരങ്ങുതകര്‍ത്തത്. ആ വര്‍ഷത്തെ ഓള് സ്റ്റാര്‍ ടീമിലും ഈ മൂന്നുപേരും ഉള്‍പ്പെട്ടു. 2006-ലെ ലോകകപ്പിലും റൊണാള്‍ഡോ ബ്രസീല്‍ നിരയില്‍ അണിനിരന്നെങ്കിലും ടീമിനെ കിരീടത്തിലേക്ക് നയിക്കാന്‍ കഴിഞ്ഞില്ല.
1994-ല്‍ തന്റെ 17-ാം വയസ്സിലാണ് റൊണാള്‍ഡോ ബ്രസീലിന്റെ ദേശീയ ജേഴ്സി അണിഞ്ഞത്. പരമ്പരാഗത എതിരാളികളായ അര്‍ജന്റീനയുമായുള്ള സൗഹൃദമത്സരത്തിലായിരുന്നു അരങ്ങേറ്റം. ആ വര്‍ഷത്തെ ലോകകപ്പ് ടീമില്‍ റൊണാള്‍ഡോ ഇടംപിടിച്ചെങ്കിലും ഒരു മത്സരം പോലും കളിക്കാന്‍ കഴിഞ്ഞില്ല. റൊമാരിയോ-ബബറ്റോ കൂട്ടുകെട്ടായിരുന്നു ഈ ലോകകപ്പില്‍ ബ്രസീലിന്റെ ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. എന്നാല്‍ 1998-ല്‍ ഫ്രാന്‍സില്‍ നടന്ന ലോകകപ്പില്‍ ടീമിനെ കിരീടത്തിലേക്ക് നയിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തം റൊണാള്‍ഡോക്കായിരുന്നു. 1994-ലെ ലോകകപ്പിനുശേഷം അന്നത്തെ സൂപ്പര്‍താരമായിരുന്ന റൊമാരിയോയുടെ നിര്‍ദ്ദേശമനുസരിച്ചാണ് റൊണാള്‍ഡോ തന്റെ 17-ാം വയസ്സില്‍ ഡച്ച് ക്ലബയാ പിഎസ്വി ഐന്തോവനില്‍ ചേര്‍ന്നത്. ആദ്യ സീസണില്‍ 30 ഗോളുകളാണ് റൊണാള്‍ഡോ പിഎസ്വിക്കായി അടിച്ചുകൂട്ടിയത്. രണ്ടാം സീസണില്‍ പരിക്കിനെ തുടര്‍ന്ന് ഏറെ മത്സരങ്ങള്‍ കളിക്കാന്‍ കഴിയാതിരുന്ന റൊണാഡോ 13 മത്സരങ്ങളില്‍ നിന്ന് 12 ലീഗ് ഗോളുകളും നേടി. 1996-ല്‍ റൊണാള്‍ഡോയുടെ മികവില്‍ പിഎസ്വി ഡച്ച് കപ്പും സ്വന്തമാക്കി. രണ്ട് വര്‍ഷത്തെ പിഎസ്വി ജീവിതത്തിനിടയില്‍ റൊണാള്‍ഡോ 58 മത്സരങ്ങളില്‍ നിന്നായി 54 ഗോളുകള്‍ സ്വന്തം പേരില്‍ കുറിച്ചു. ഈ സ്ട്രൈക്കിങ്ങ് പാടവത്തില്‍ ആകൃഷ്ടരായാണ് സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ റൊണാള്‍ഡോയില്‍ നോട്ടമിട്ടത്.
ഇന്റര്‍മിലാനും താരത്തെ സ്വന്തമാക്കാന്‍ വേണ്ടി പരിശ്രമിച്ചിരുന്നു. എന്നാല്‍ അന്നത്തെ ലോകറെക്കോര്‍ഡ് തുകയായ 19.5 മില്ല്യണ്‍ ഡോളറിന് ബാഴ്സലോണയാണ് റൊണാള്‍ഡോയെ സ്വന്തമാക്കിയത്. 1996-97 സീസണില്‍ ബാഴ്സലോണക്കായി 49 മത്സരങ്ങളില്‍ നിന്ന് 47 ഗോളുകള്‍ ഈ ബ്രസീലിയന്‍ താരം അടിച്ചുകൂട്ടി. ആ സീസണില്‍ യുവേഫ കപ്പ് വിന്നേഴ്സ് കപ്പ്, സ്പാനിഷ് സൂപ്പര്‍ കപ്പ്, കോപ്പ ഡെല്‍ റേ എന്നീ കിരീടങ്ങള്‍ കറ്റാലന്‍സ് കരസ്ഥമാക്കി. സ്പാനിഷ് ലീഗില്‍ ആ സീസണിലെ ടോപ് സ്കോററും റൊണാള്‍ഡോയായിരുന്നു. 37 മത്സരങ്ങളില്‍ നിന്ന് 34 ഗോളുകള്‍. ഒരൊറ്റ സീസണ് മാത്രമാണ് റൊണാള്‍ഡോ ബാഴ്സയില്‍ കളിച്ചത്. പിന്നീട് ഇന്റര്‍മിലാനിലും റയല്‍ മാഡ്രിഡിലും എസി മിലാനിലും ഏറ്റവും അവസാനം സ്വന്തം നാട്ടില്‍ കൊറിന്ത്യന്‍സിനും വേണ്ടി റൊണാള്‍ഡോ ബൂട്ടുകെട്ടി.
1994 മുതല്‍ 2011 വരെ ബ്രസീലിന്റെ ദേശീയ ജേഴ്സിയണിഞ്ഞ റൊണാള്‍ഡോ 98 മത്സരങ്ങളില്‍ നിന്നായി 62 ഗോളുകളും സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. 2011 ജൂണ്‍ 7ന് റുമാനിയക്കെതിരായ സൗഹൃദ മത്സരത്തോടെ റൊണാള്‍ഡോ അന്താരാഷ്ട്ര ഫുട്ബോളിനോട് വിടപറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: