അസംഘടിതരായി കാലങ്ങളോളം ആരോഗ്യമേഖലയില്‍ ജോലിചെയ്തിരുന്ന നഴ്സുമാരുടെ ദുരവസ്ഥ കേരളം കണ്ടു മറന്ന കാഴ്ചയാണ്. നിശ്ചിതമായ ജോലി സമയമില്ലാതെ, കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്ത് നരകയാതന അനുഭവിച്ച നഴ്സ് ജീവനക്കാര്‍ പിന്നീട് സമരവുമായി മുന്നിട്ടിറങ്ങി വിജയിച്ചതും നാം മറന്നിട്ടില്ല. നേഴ്സിങ് മേഖലയില്‍ മാത്രമല്ല, രാജ്യത്തെ മിക്ക തൊഴിലിടങ്ങളിലും സ്ത്രീകള്‍ പല രീതിയിലും ചൂഷണം ചെയ്യപ്പെടുന്നുണ്ട്. പുരുഷനു തുല്യമായ പരിഗണന തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കും നല്‍കണമെന്ന മുറവിളി കാലങ്ങളായി നാം കേട്ടുകൊണ്ടിരിക്കുന്നു. തുല്യ പരിഗണന ലഭിച്ചില്ലെങ്കില്‍പോലും സ്ത്രീകള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന അവകാശം ഉറപ്പുവരുത്തേണ്ട ഭരണാധികാരികള്‍ പോലും കണ്ണടച്ച് ഇരുട്ടാക്കുന്നു. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് മതിയായ സുരക്ഷ ലഭിക്കുന്നില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അത് ഉറപ്പുവരുത്തുന്നതിനും വേണ്ടി നിരവധി സമരങ്ങള്‍ നടത്തിയ ചരിത്രമുണ്ട്. എന്നാല്‍ അവയൊന്നും ഫലവത്തായിരുന്നില്ല…..
അനുദിനം ഓരോ സ്ത്രീയും നേരിടുന്ന ചൂഷണങ്ങളള്‍ക്കെതിരെ അവര്‍ തന്നെ പോരാടുകയാണ് ഒറ്റക്കെട്ടായി. മുന്‍ സമരങ്ങളെ പോലെയല്ല തികച്ചും ആധികാരികമായി തന്നെ. വിവിധ മേഖലകളില്‍ പണിയെടുക്കുന്ന സ്ത്രീകളാണ് അഖിലേന്ത്യാ തലത്തില്‍ സമര പരിപാടിയിലേക്ക് കടക്കുന്നത്. അഖിലേന്ത്യാ വര്‍ക്കിങ് വിമന്‍സ് കോര്‍ഡിനേഷനാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നിരാഹാരസമരമോ, റിലേ സമരങ്ങളോ അല്ല ഇവര്‍ തിരഞ്ഞെടുക്കുന്ന സമരമാര്‍ഗ്ഗം. അവകാശ പത്രിക സമര്‍പ്പണത്തിലൂടെ തങ്ങളുടെ അവകാശങ്ങളും സംരക്ഷണവും ഉറപ്പുവരുത്താന്‍ ഒരുങ്ങുകയാണ് ഇവര്‍.
ന്യായമായ വേതനവും മറ്റാനുകൂല്യങ്ങളും നേടിയെടുക്കേണ്ട ഒരു വിഭാഗമാണ് അദ്ധ്യാപകര്‍. കേരളത്തില്‍ ഇന്ന് അണ്‍എയ്ഡഡ് സ്കൂളുകളുടെ എണ്ണം ദിനംപ്രതി പെരുകിക്കൊണ്ടിരിക്കുന്നു. സ്റ്റേറ്റ്, സിബിഎസ്ഇ തുടങ്ങി പല സിലബസുകള്‍ കൈകാര്യം ചെയ്യുന്ന സ്കൂളുകളും ഇക്കൂട്ടത്തിലുണ്ട്. ഇവിടെയെല്ലാം ജോലിചെയ്യുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. 2500 മുതല്‍ 5500 രൂപവരെയാണ് ഒട്ടുമിക്ക സ്കൂളുകളും നല്കി വരുന്നത്. അവധിക്കാല ശമ്പളവും നല്‍കാറില്ല എന്നതാണ് വസ്തുത. വിദ്യാസമ്പന്നരായ സ്ത്രീകളാണ് ഈ മേഖലയില്‍ കൂടുതല്‍ എന്നതിനാല്‍ ആരുംതന്നെ പ്രതികരിക്കാറില്ല. മറ്റു പല സ്വകാര്യമേഖലകളില്‍ ജോലിചെയ്യുന്ന സ്ത്രീകളും ഇത്തരത്തില്‍ കുറഞ്ഞ ശമ്പളത്തില്‍ മറ്റാനുകൂല്യങ്ങള്‍ ഒന്നുംതന്നെയില്ലാതെ ജോലിചെയ്യുന്നുണ്ട്.
ജില്ലാ കളര്‍ക്ടര്‍മാര്‍ക്കാണ് അവകാശപത്രിക സമര്‍പ്പിക്കുന്നത്. പത്രിക സമര്‍പ്പക്കുന്നതിലൂടെ കുറെയെങ്കിലും നേടിയെടുക്കാന്‍ കഴിഞ്ഞാല്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് കുറെക്കൂടി സുരക്ഷിതത്ത്വം നല്കാന് അതു സഹായിക്കും. കേന്ദ്രതൊഴില്‍ മന്ത്രാലയം സംഘടിപ്പിച്ച 44-ാം സെഷന് ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സും 45-ാം സെഷന് കോണ്‍ഫറന്‍സും അംഗീകരിച്ച പല കാര്യങ്ങളും നാളിതുവരെ നടപ്പാക്കാത്തത് സ്ത്രീകളുടെ തൊഴില്‍ സുരക്ഷിതത്ത്വത്തിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. 44-ാം സെഷനില്‍ തൊഴില്‍ സാധ്യത വര്‍ധിപ്പിക്കലും തൊഴില്‍ ഉറപ്പുവരുത്തലുമായിരുന്നു ഗവണ്മെന്റിന്റെ പ്രധാന അജണ്ടയായി നിര്‍ദ്ദേശിച്ചിരുന്നത്.
2022 ആകുമ്പോഴേക്കും ഏകദേശം 500 മില്യണ്‍ ആളുകള്‍ പലമേഖലകളിലായി പരിശീലനം ലഭിച്ചവരായിട്ടുണ്ടാകും എന്നാണ് കണക്കാക്കപ്പെടുന്നത്. അത്തരത്തിലുള്ള ആളുകളെ കണ്ടെത്തി അനുയോജ്യമായ ജോലി നല്‍കുക എന്നതാണ് മറ്റൊരു നിര്‍ദ്ദേശം. കൂടാതെ ഒരു ദേശീയ തൊഴില്‍ പോളിസി നിശ്ചയിക്കുക, സംരഭകരെ വളര്‍ത്തുക, സ്വയം തൊഴില്‍ കണ്ടെത്താന്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങി ഇരുപത്തിമൂന്നു നിര്‍ദ്ദേശങ്ങളാണ് ഉണ്ടായിരുന്നത്.
1957ല്‍ 15-ാം ഐഎല്‍സിയും 1992 ല്‍ സുപ്രീംകോടതിയും നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങളും നോക്കിയാണ് മിനിമം വേതനം നിശ്ചയിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ എടുക്കുന്നത്. ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സിലെ 45-ം സെഷന് സെന്‍ട്രല്‍, സ്റ്റേറ്റ് ഗവണ്മെന്റുകള് പ്രഖ്യാപിച്ചിട്ടുള്ള പല പദ്ധതികളുടെയും തൊഴില്‍ നിബന്ധനകളും, വേതനവും, അവര്‍ക്കു കിട്ടുന്ന സുരക്ഷിതത്ത്വത്തിനുമാണ് മുന്‍തൂക്കം നല്‍കിയിരിക്കുന്നത്. അംഗന്‍വാടി, മിഡ്-ഡേ മീല്‍, ആഷ, സര്‍വ്വ ശിക്ഷാ അഭിയാന്, തൊഴിലുറപ്പു പദ്ധതി തുടങ്ങിയ പലതും ഇതില്‍പ്പെടുന്നുണ്ട്. ഇതെല്ലാംതന്നെ സ്ത്രീകള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന തരത്തിലാണ് ആസൂത്രണം ചെയ്തിരിക്കുന്നതും. ഇന്റഗ്രേറ്റഡ് ചെയില്‍ഡ് ഡെവലപ്മെന്റ് സര്‍വീസ് (ഐസിഡിഎസ്) സ്കീമിന്റെ കീഴില്‍ ഏകദേശം 13.70 ലക്ഷം അങ്കണ്‍വാടികളാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളിലെല്ലാം കൂടി 13.72 ലക്ഷം വര്‍ക്കേഴ്സും 12.54 ലക്ഷം ഹെല്‍പ്പേഴ്സു മാണുള്ളത്.
സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവരാണ് മിഡ്-ഡെ മീല്‍ വര്‍ക്കേഴ്സ്. ഏകദേശം 27.48 ലക്ഷം ആളുകള്‍ ഇത്തരത്തില്‍ ജോലി ചെയ്യുന്നതായാണ് കണക്ക്. 1000 മുതല്‍ 1500 വരെയാണ് വേതനമായി ലഭിക്കുന്നത്. ഇത്തരം മേഖലകള്‍ കൂടാതെ പ്രത്യേക സാമ്പത്തിക മേഖലയില്‍ ജോലിചെയ്യുന്ന സ്ത്രീകളും തു ല്യവേതനം ഉറപ്പ് വരുത്തുന്നതിനും അവകാശ പത്രികയിലൂടെ ശ്രമിക്കുന്നു. അസംഘടിത മേഖലയിലും ഗാര്‍ഹിക ജോലികളിലും, കാര്‍ഷിക മേഖലയിലും ഉള്‍പ്പെടെ മുഴുവന്‍ തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്കും ആറുമാസത്തെ ശമ്പളത്തോടുകൂടിയ പ്രസവാവധി ലഭിക്കത്തക്ക തരത്തില്‍ മെറ്റേണിറ്റി ബെനഫിറ്റ് ആക്റ്റ് ഭേദഗതി ചെയ്യുക, മുഴുവന്‍ തൊഴിലിടങ്ങളിലും ക്രെഷ് ഏര്‍പ്പെടുത്തുക തുടങ്ങി തൊഴിലിടങ്ങളില്‍ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ക്കെതിരെയുള്ള സുരക്ഷവരെ അവകാശ പത്രികയിലൂടെ ആവശ്യപ്പെട്ടുകൊണ്ടാണ് സ്ത്രീകള്‍ രംഗത്തെത്തിയിരിക്കു
ന്നത്.
തൊഴിലുറപ്പ് നല്കുമ്പോള് അതുവഴി ഉണ്ടാകുന്ന സാമ്പത്തിക നഷ്ടവും പഠനവിഷയമാക്കേണ്ടതാണ്. ഗ്രാമങ്ങളിലെ തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ സമയവും സുരക്ഷിതത്വവും ഉറപ്പുവരുത്തിയിട്ടുണ്ടെങ്കിലും ജോലിചെയ്യാതെ ധാരാളംപേര്‍ പണം പറ്റുന്നുണ്ട്. അവകാശ പത്രിക അംഗീകരിപ്പിച്ചെടുത്ത് അവകാശങ്ങള്‍ സംരക്ഷിക്കുമ്പോള്‍ ഇത്തരത്തിലുള്ള സാമ്പത്തികനഷ്ടം കൂടി ഒഴിവാക്കിയാകണം തൊഴില്‍ സുരക്ഷിതത്ത്വവും ഉയര്‍ന്ന വേതനവും ഉറപ്പുവരുത്തേണ്ടത്. സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷത്തിനും, അവകാശത്തിനുവേണ്ടിയുള്ള പോരാട്ടം നല്ല തുടക്കമാകട്ടെ…..
കെ.എം.കനകലാല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: