‘ലോകത്ത് എന്നെപ്പോലുള്ള അനവധിപേര്‍ ജയിലുകളില്‍ കഴിയുന്നുണ്ട്. ഈ വ്യവസ്ഥിതിയുടെ ഇരകളാണ് ഞങ്ങള്‍. ഉന്നതരുമായി ബന്ധപ്പെട്ട കേസായതുകൊണ്ട് ഞങ്ങള്‍ക്കുവേണ്ടി വാദിക്കാനും അധികമാരെയും കിട്ടില്ല’ ഒരിക്കല്‍ ജയിലില്‍ തന്നെക്കാണാനെത്തിയ മാധ്യമ പ്രവര്‍ത്തകനോട് രാജീവ്ഗാന്ധി വധക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പേരളിവാളന് പറഞ്ഞ വാക്കുകളാണിത്. ശരിയാണ് പേരറിവാളന് വേണ്ടി വാദിക്കാന്‍ അധികമാരുമില്ല. ആകെയുള്ളത് അമ്മ അര്‍പുതാംബാള്‍. അറിവ് എന്ന ഓമനപ്പേരില്‍ വിളിക്കുന്ന മകന് പേരറിവാളന്റെ മോചനത്തിന് വേണ്ടി പ്രക്ഷോഭരംഗത്ത് നിറഞ്ഞുനില്‍ക്കുകയാണ് ഈ അമ്മ.
നീതിക്കു വേണ്ടിയുള്ള പോരാട്ടമാണ് അര്പുതാംബാളിന്റേത്. തന്റെ മകന് ജയിലിനു പുറത്ത് കാലെടുത്തു വയ്ക്കുന്ന നിമിഷത്തിനു വേണ്ടിയാണ് അര്‍പുതാംബാള്‍ ജീവിച്ചിരിക്കുന്നതു തന്നെ. ജോലാര്‍പേട്ടിലെ തന്റെ വീടും പരിസരവും മാത്രമറിയുന്ന, ഭര്‍ത്താവിന്റെ തുണയില്ലാതെ ഒറ്റയ്ക്ക് യാത്ര ചെയ്തിട്ടില്ലാത്ത അര്‍പുതാംബാള്‍ ഇന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്നു. ജയിലിലും കോടതിയിലും പല പല ഓഫിസുകളിലും കയറിയിറങ്ങുന്നു. ജാഥ നയിക്കുന്നു. തനിക്കറിയാവുന്ന ഭാഷയില്‍ പ്രസംഗിക്കുന്നു. പത്രസമ്മേളനങ്ങള്‍ നടത്തുന്നു.
എന്തിനാണെന്നറിയാതെ പരിചയക്കാരനായ ഒരാള്‍ക്ക് ബാറ്ററി കൊടുത്ത കുറ്റത്തിന് 20 വര്‍ഷം ജയിലില്‍ നരകയാതന അനുഭവിക്കുകയാണ് ഈ അമ്മയുടെ മകന്. 20 വയസ്സ് മാത്രമുള്ളപ്പോഴാണ് പേരറിവാളന് അറസ്റ്റിലാവുന്നത്. ശ്രീലങ്ക സന്ദര്‍ശിച്ച് രാജീവ് ഗാന്ധിയെ വധിക്കാനുള്ള ഗൂഢാലോചനയില്‍ പങ്കെടുത്തെന്നും പ്രതികള്‍ക്ക് ബോംബ് എത്തിച്ചുകൊടുത്തുവെന്നുമാണ് ഇയാള്‍ക്കുമേല്‍ ആരോപിക്കപ്പെട്ട കുറ്റം.
എന്നാല്‍ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച, പഠിക്കാന്‍ മിടുക്കനായ തന്റെ മകന് അറിവിന് എല്‍ടിടിയുമായി ഒരു ബന്ധവുമില്ലെന്ന് അര്‍പുതാംബാള്‍ ഉറച്ച് വിശ്വസിക്കുന്നു. എന്റെ മകന് ചെയ്ത കുറ്റമെന്താണെന്ന് അറിയാനുള്ള അവകാശം എനിക്കില്ലേ? രാജീവ് ഗാന്ധിയുടെ ജീവനുള്ള വില തന്നെ എന്റെ മകനുമില്ലേ? എന്റെ മകനെ രാജ്യം എന്തിനാണ് കൊലയാളിയാക്കി മാറ്റിയത്. കേസിലെ മറ്റൊരു പ്രതിയായ നളിനിയ്ക്ക് മാപ്പ് കൊടുത്തവര്‍ക്ക് എന്തേ എന്റെ മകനും അത് നല്കികൂടാ – അര്‍പുതാംബാള്‍ ചോദിക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി നടത്തപ്പെട്ട ഒരു അട്ടിമറിയുടെ ഇരയായിരുന്നു പേരറിവാളന്. രാജീവ് ഗാന്ധി വധക്കേസ് അന്വേഷിച്ച മുന്‍ സിബിഐ ഉദ്യോഗസ്ഥന് ത്യാഗരാജന് അറിവിന്റെ ജീവിതം എങ്ങനെ നശിച്ചു എന്നതിന് തെളിവുമായി ഇപ്പോള്‍ രംഗത്തെത്തിയിട്ടുണ്ട്. ത്യാഗരാജന്റേത് ഒരു തെളിവ് നല്കല് അല്ല, ഒരു കുറ്റസമ്മതം തന്നെയാണ്. വൈകിയ വേളയിലെങ്കിലും ത്യാഗരാജന്റെ കുറ്റസമ്മതം അര്‍പുതാംബാളിന് പ്രതീക്ഷയും കരുത്തും നല്‍കിയിരിക്കുകയാണ്.
എം.രാജു
പ്രതികരിക്കാൻ ഇവിടെ എഴുതുക: