ജോഹന്നസ്ബര്‍ഗ്: ഇന്ത്യക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്ക പൊരുതുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 280 റണ്‍സിനെതിരെ രണ്ടാം ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സെടുത്തിട്ടുണ്ട്. 48 റണ്‍സോടെ ഫിലാന്‍ഡറും 17 റണ്‍സോടെ ഡു പ്ലെസിസുമാണ് ക്രീസില്‍. ഒരുഘട്ടത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 146 എന്ന നിലയില്‍ തകര്‍ന്നടിഞ്ഞ ദക്ഷിണാഫ്രിക്ക ഏഴാം വിക്കറ്റില്‍ ഡുപ്ലെസിസും ഫിലാന്‍ഡറും ചേര്‍ന്ന് നേടിയ 67 റണ്‍സിന്റെ കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ഒന്നിന് 129 റണ്‍സ് എന്ന ശക്തമായ നിലയിലായിരുന്ന ദക്ഷിണാഫ്രിക്ക ഇന്ത്യന്‍ പേസ് ആക്രമണത്തിന് മുന്നില്‍ മുന്നേറ്റ-മധ്യനിര തകര്‍ന്നടിയുകയായിരുന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത്ശര്മ്മയും രണ്ട് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷാമിയുമാണ് ദക്ഷിണാഫ്രിക്കയെ പ്രതിരോധത്തിലാക്കിയത്.
അഞ്ചിന് 255 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിവസം കളി പുനാരാരംഭിച്ച ഇന്ത്യക്ക് വെറും 25 റണ്‍സ് കൂടിയേ കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞുള്ളൂ. സ്കോര്‍ 264-ല്‍ എത്തിയപ്പോള്‍ ഇന്ത്യക്ക് രണ്ടാം ദിവസത്തെആദ്യ തിരിച്ചടി നേരിട്ടു. തലേന്നത്തെ സ്കോറിനോട് രണ്ട് റണ്‍സ് കൂട്ടിച്ചേര്‍ത്ത് ധോണിയും നാല് റണ്‍സ് കൂട്ടിച്ചേര്‍ത്ത് അജിന്‍ക്യ രഹാനെയും പുറത്തായി. 19 റണ്‍സെടുത്ത ധോണിയെ മോര്‍ക്കല്‍ ഡിവില്ലിയേഴ്സിന്റെ കൈകളിലെത്തിച്ചപ്പോള്‍ 47 റണ്‍സെടുത്ത രഹാനെയെ ഫിലാന്‍ഡറുടെ പന്തില്‍ ഡിവില്ലിയേഴ്സ് തന്നെ കയ്യിലൊതുക്കി. ഇതേ സ്കോറില്‍ തന്നെ ഇന്ത്യക്ക് എട്ടാം വിക്കറ്റും നഷ്ടമായി.
റണ്ണൊന്നുമെടുക്കാതിരുന്ന സഹീര്‍ ഖാനെ ഫിലാന്‍ഡര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നീട് സ്കോര്‍ 278-ല്‍ എത്തിയപ്പോള്‍ ഇഷാന്ത് ശര്‍മ്മയെ (0) ഫിലാന്‍ഡറും 280-ല്‍ എത്തിയപ്പോള്‍ മുഹമ്മദ് ഷാമിയെ (0) മോര്‍ക്കലും ബൗള്‍ഡാക്കിയതോടെ ഇന്ത്യന്‍ ഇന്നിംഗ്സിന് തിരശ്ശീലവീണു. പതിനൊന്ന് റണ്‍സുമായി അശ്വിന് പുറത്താകാതെ നിന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ഫിലാന്‍ഡറും മൂന്ന് വിക്കറ്റ് വീഴ്ത്തിയ മോര്‍ക്കലും ചേര്‍ന്നാണ് ഇന്ത്യയെ ചുരുട്ടിക്കെട്ടിയത്. നേരത്തെ ഇന്ത്യക്ക് വേണ്ടി വിരാട് കോഹ്ലി സെഞ്ച്വറി നേടിയിരുന്നു.
തുടര്‍ന്ന് ഒന്നാം ഇന്നിംഗ്സ് ആരംഭിച്ച ദക്ഷിണാഫ്രിക്കക്ക് സ്കോര്‍ 37 റണ്‍സിലെത്തിയപ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടമായി. 21 റണ്‍സെടുത്ത ആല്‍വിരോ പീറ്റേഴ്സനാണ് ഇഷാന്ത് ശര്‍മ്മയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി ആദ്യം മടങ്ങിയത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്തും ഹാഷിം ആംലയും ചേര്‍ന്ന് സ്കോര്‍ 130-ല്‍ എത്തിച്ചു. എന്നാല്‍ 36 റണ്‍സെടുത്ത ആംലയെ ഇഷാന്ത് ശര്‍മ്മ ബൗള്‍ഡാക്കിയതോടെ 93 റണ്‍സിന്റെ ഈ കൂട്ടുകെട്ടും പിരിഞ്ഞു. തൊട്ടടുത്ത പന്തില്‍ കല്ലിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഇഷാന്ത് ശര്‍മ്മ വീണ്ടും ആഞ്ഞടിച്ചു. സ്കോര്‍ 130-ല്‍ നില്‍ക്കേ തന്നെ നാലാം വിക്കറ്റും ആതിഥേയര്‍ക്ക് നഷ്ടമായി. അര്‍ദ്ധസെഞ്ച്വറിയുമായി മുന്നേറുകയായിരുന്ന ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്തിനെ (68) സഹീര്ഖാന് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. 1ന് 129 എന്ന ശക്തമായ നിലയില്‍ നിന്നാണ് നാലിന് 130 എന്ന നിലയിലേക്ക് ദക്ഷിണാഫ്രിക്ക തകര്‍ന്നത്. പിന്നീട് സ്കോര്‍ 145- എത്തിയപ്പോള്‍ അഞ്ചാം വിക്കറ്റും വീണു. രണ്ട് റണ്‍സെടുത്ത ജെ.പി. ഡുമ്നിയെ മുഹമ്മദ് ഷാമി മുരളി വിജയിന്റെ കൈകളിലെത്തിച്ചു. ഒരു റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ആറാം വിക്കറ്റും ദക്ഷിണാഫ്രിക്കക്ക് നഷ്ടമായി. 13 റണ്‍സെടുത്ത എ.ബി. ഡിവില്ലിയേഴ്സിനെ മുഹമ്മദ് ഷാമി എല്‍ബിയില്‍ കുടുക്കി. ഇന്ത്യന്‍ പേസ് ആക്രമണത്തിന് മുന്നില്‍ ദക്ഷിണാഫ്രിക്ക തകര്‍ന്നടിയുകയായിരുന്നു.
പിന്നീട് ഡുപ്ലെസിസും ഫിലാന്‍ഡറും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സിന്റെ രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: