ഫുട്ബോള്‍ ഗോളടിക്കുന്നവന്റെയും ഗോളടിപ്പിക്കുന്നവന്റെയും മാത്രമല്ല തടുക്കുന്നവന്റെയും കൂടെ കളിയാണെന്ന് തെളിയിച്ചവനായിരുന്നു വിഖ്യാത ഗോളി ഒളിവര്‍ ഖാന്. 2002-ല്‍ ജര്‍മ്മനിയെ ലോകകപ്പ് ഫൈനല്‍വരെ എത്തിച്ച ഖാന് മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ കൈപ്പിടിയിലാക്കി. ചരിത്രത്തിലാദ്യമായാണ് ഒരു ഗോള്‍ കീപ്പര്‍ അത്തരമൊരു നേട്ടം സ്വന്തമാക്കുന്നത്.
കയറ്റിറക്കങ്ങള്‍ ഖാന്റെ കരിയറിനൊപ്പം എന്നും സഞ്ചരിച്ചിരുന്നു. 1994 ലോകകപ്പിന് തൊട്ടുമുന്‍പാണ് ഖാന് ദേശീയ ടീമിലേക്ക് വിളിവരുന്നത്. എന്നാല്‍ ആദ്യ അന്താരാഷ്ട്ര മത്സരം കളിക്കാന്‍ പിന്നെയും കാത്തിരിക്കേണ്ടിവന്നു, 1995 ജൂണ്‍ 23 വരെ. സ്വിറ്റ്സര്‍ലന്റിനെതിരെ 2-1 ജയത്തോടെ ഖാന് അരങ്ങേറി.
തൊട്ടടുത്തവര്‍ഷം ഇംഗ്ലണ്ട് ആതിഥ്യം വഹിച്ച യൂറോകപ്പില്‍ ജര്‍മ്മനി ജേതാക്കളായി. ടീമിലുണ്ടായിരുന്നിട്ടും ഒളിവര്‍ റെക്കനൊപ്പം റിസര്‍വ് കീപ്പറുടെ റോള്‍ അണിയാനായിരുന്നു ഖാന്റെ വിധി. 1998 ലോകകപ്പിലും ഖാന് സൈഡ് ബഞ്ചിലിരുന്നു. ലോകകപ്പിനുശേഷം ആന്ദ്രിയാസ് കോപ്കെ വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ ആദ്യമായി ഖാന് ഫസ്റ്റ് ഗോള്‍കീപ്പറുടെ പദവി ഉറപ്പിച്ചു. രണ്ട് വര്‍ഷങ്ങള്‍ക്കുശേഷം ഖാനെ കാത്തിരുന്നത് ദുരന്തം. 2000ത്തിലെ യൂറോ കാപ്പില്‍ ജര്‍മ്മനി ആദ്യ റൗണ്ടില്‍ തന്നെ തോറ്റമ്പി. എങ്കിലും ഒളിവര്‍ ബിയറോഫിന്റെ പിന്‍ഗാമിയെന്ന നിലയില്‍ ഖാന് നായക സ്ഥാനത്ത് അവരോധിക്കപ്പെട്ടു. പിന്നാലെവന്നു മറ്റൊരു വേദനാജനകമായ മത്സരഫലം. 2002 ലോകകപ്പിന്റെ യോഗ്യതാ റൗണ്ടില്‍ ഇംഗ്ലണ്ടിന് മുന്നില്‍ ജര്‍മ്മനി 5-1ന് നാണംകെട്ടു. ഏഷ്യയിലേക്കു ടിക്കേറ്റ്ടുക്കാന്‍ ഉക്രൈനുമായി പ്ലേ ഓഫ് കളിക്കേണ്ടിവന്നു ജര്‍മ്മനിക്ക്. ഫൈനല്‍ റൗണ്ടില്‍ ഖാനും ടീമും അപമാനങ്ങള്‍ക്കുള്ള കണക്കുതീര്‍ക്കുക തന്നെ ചെയ്തു. ഏറെക്കുറെ ആധികാരികമെന്നു പറയാവുന്ന പ്രകടനങ്ങളിലൂടെ ജര്‍മ്മനി കലാശക്കളിക്ക് അര്‍ഹതനേടി. ഖാന്റെ ഉശിരന്‍ റിഫ്ലക്സുകളും നെഞ്ചിടിപ്പിക്കുന്ന ബ്ലോക്കുകളും സേവുകളും ജര്‍മ്മന്‍ പടയുടെ പ്രയാണത്തിന് ഇന്ധനമേകി. ഫൈനലിലേക്കുള്ള വഴിയില്‍ ഖാന് വഴങ്ങിയത് വെറും ഒരു ഗോളുമാത്രം. ബ്രസീലിനോടുള്ള കിരീടപ്പോരാട്ടത്തില്‍ 67 മിനിറ്റുവരെ സ്വന്തം വലകുലുങ്ങാതെ കാക്കാനും ഖാനു കഴിഞ്ഞു. ഒടുവില്‍ റൊണാള്‍ഡോയുടെ സ്ട്രൈക്കിങ് പാടവം ഖാന്റെ അപരാജിത പരിവേഷത്തില്‍ വിള്ളല്‍വീഴ്ത്തി. റൊ നേടിയ രണ്ടു ഗോളുകളുടെ ബലത്തില്‍ ബ്രസില്‍ കിരീടം ചൂടി.
വലതു കൈവിരലിലെ പരിക്കുമായാണ് ഖാന് ഫൈനല്‍ കളിച്ചത്. തന്റെ തെറ്റിന് മുറിവിനെ പഴിചാരാന്‍ ഖാന് നിന്നില്ല. ‘ആശ്വസിക്കാന്‍ ഒന്നുമില്ല. കഴിഞ്ഞ ഏഴ് മത്സരങ്ങള്‍ക്കിടെ ഞാന്‍ വരുത്തിയ ഒരേയൊരു പിഴവ് അതായിരുന്നു. അതിന് കനത്ത വില നല്‍കേണ്ടിവന്നു’ മത്സരശേഷം ഖാന് പറഞ്ഞു. ടീമിനെ സ്വയം താങ്ങിനിര്‍ത്തിയ ഖാനെ മികച്ച ഗോളിക്കുള്ള ലെവ് യാഷിന് അവാര്‍ഡുകൂടി സമ്മാനിച്ചാണ് ഫിഫ ആദരിച്ചത്. ലോകകപ്പിലെ അഞ്ച് മത്സരങ്ങളില്‍ ഗോള്‍ വഴങ്ങാത്ത ആദ്യ ജര്‍മ്മന്‍ കീപ്പര്‍ എന്ന പെരുമയും ഖാന് സ്വന്തം പേരിലെഴുതി.
റൂഡി വോളറിന് പകരം യുര്‍ഗെന്‍ ക്ലിന്സ്മാന് ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തതോടെ ഖാന് ജീവിതത്തിലെ മറ്റൊരു പരീക്ഷണഘട്ടത്തിന് ആരംഭം കുറിക്കപ്പെട്ടു. ഖാന് പകരം ജെന്‍സ് ലേമാനെ ക്ലിന്സ്മാന് കൂടുതല്‍ പരിഗണന നല്കി. ഖാനോ ലേമാനോ എന്ന ചോദ്യം ഉയര്‍ന്നു. 2006 സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പിനുള്ള ടീമിലെ ഫസ്റ്റ് ഗോളിയായി ലേമാന പ്രഖ്യാപിച്ച് ക്ലിന്സ്മാന് നയം വ്യക്തമാക്കി. എന്നിട്ടും ഖാന് പരിഭവിച്ചില്ല. രണ്ടാം ഗോളിയുടെ കുപ്പായമിട്ടു. ക്വാര്‍ട്ടറില്‍ അര്‍ജന്റീനയ്ക്കെതിരായ പെനാല്‍റ്റി ഷൂട്ടൗട്ടിന് മുന്‍പ് ലേമാന് ഊര്‍ജ്ജം പകര്‍ന്ന് ഖാനിലെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ്. മൂന്നാംസ്ഥാനത്തിന് വേണ്ടി പോര്‍ച്ചുഗലുമായി നടന്ന അങ്കത്തില്‍ ഫസ്റ്റ് ഇലവനില്‍ ഇടംനല്കി ജര്‍മ്മനി ഖാനോടുള്ള സ്നേഹാദരങ്ങള്‍ അടിവരയിട്ടു. പോര്‍ച്ചുഗലിനെ ജര്‍മ്മനി 3-1ന് പരാജയപ്പെടുത്തുമ്പോള്‍ ഖാന് കൂടുതല്‍ ഉയരങ്ങളിലേക്ക് എടുത്തുയര്‍ത്തപ്പെട്ടു. പൗലേറ്റയുടെ ഷോട്ട് തട്ടിത്തെറിപ്പിച്ചും ബോക്സിനുള്ളില്‍ നിന്ന് ഡെക്കോ തൊടുത്ത തകര്‍പ്പനടി നിഷ്ഫലമാക്കിയുമൊക്കെ ഖാന് വീരോചിതം വിടവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: