പെര്‍ത്ത്: ഒടുവില്‍ ആഷസ് ഓസ്ട്രേലിയ സ്വന്തമാക്കി. മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 150 റണ്‍സിന് തകര്‍ത്താണ് ഓസ്ട്രേലിയ ആഷസ് തിരിച്ചുപിടിച്ചത്.
ആറുവര്‍ഷത്തെ ഇടവേളക്കുശേഷമാണ് ആഷസില്‍ ഓസ്ട്രേലിയന്‍ പടയോട്ടം നടന്നത്. ഇതോടെ ഓസ്ട്രേലിയ പരമ്പരയില്‍ 3-0ന് മുന്നിലെത്തി. രണ്ടാം ഇന്നിംഗ്സില്‍ വിജയിക്കാന്‍ 504 റണ്‍സ് വേണ്ടിയിരുന്ന ഇംഗ്ലണ്ട് 353 റണ്‍സിന് പുറത്തായി. ആദ്യ ഇന്നിംഗ്സില്‍ ഓസ്ട്രേലിയക്ക് വേണ്ടി സെഞ്ച്വറി നേടിയ സ്റ്റീവന്‍ സ്മിത്താണ് മാന്‍ ഓഫ് ദി മാച്ച്. സ്കോര്‍ ചുരുക്കത്തില്‍: ഓസ്ട്രേലിയ 385, 369ന് 9 ഡി. ഇംഗ്ലണ്ട്: 251, 353. ബ്രിസ്ബെനില്‍ നടന്ന ആദ്യടെസ്റ്റില്‍ 381 റണ്‍സിനും അഡ്ലെയ്ഡില് നടന്ന രണ്ടാം ടെസ്റ്റില്‍ 218 റണ്‍സിനും ഓസ്ട്രേലിയ വിജയിച്ചിരുന്നു.
അവസാന ദിവസമായ ഇന്നലെ അഞ്ചിന് 251 റണ്‍സ് എന്ന നിലയില്‍ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഇംഗ്ലണ്ടിന് വേണ്ടി തകര്‍പ്പന്‍ സെഞ്ച്വറിയോടെ പൊരുതി നോക്കിയ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്ക്സിനും അനിവാര്യമായ ഇംഗ്ലിഷ് പതനം ഒഴിവാക്കാനായില്ല. തലേന്നത്തെ സ്കോറിനോട് 102 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ബാക്കി അഞ്ച് വിക്കറ്റുകളും നഷ്ടപ്പെട്ടു. 72 റണ്‍സുമായി ബാറ്റിംഗ് പുനരാരംഭിച്ച സ്റ്റോക്ക്സ് 120 റണ്‍സെടുത്ത് ഏഴാമനായാണ് പുറത്തായത്. മാറ്റ് പ്രയര്‍ 26ഉം ബ്രസ്നന് 12ഉം സ്വാന് നാലും ആന്ഡേഴ്സണ് രണ്ടും റണ്‍സെടുത്ത് പുറത്തായതോടെ ഇംഗ്ലണ്ട് ഇന്നിംഗ്സ് 353 റണ്‍സില്‍ അവസാനിച്ചു. രണ്ട് റണ്‍സെടുത്ത ബ്രോഡ് പുറത്താകാതെ നിന്നു. ഓസ്ട്രേലിയക്ക് വേണ്ടി മിച്ചല്‍ ജോണ്സണ് 78 റണ്‍സ് വഴങ്ങി നാലും നഥാന്‍ ലിയോണ്‍ 70 റണ്‍സ് വിട്ടുകൊടുത്ത് മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിന്റെയും ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കിന്റെയും നൂറാമത്തെ ടെസ്റ്റ് മത്സരമായിരുന്നു ഇത്. ഇതില്‍ മൈക്കല്‍ ക്ലാര്‍ക്ക് പുഞ്ചിരിയോടെ പരമ്പര വിജയം സ്വന്തമാക്കിയപ്പോള്‍ അലിസ്റ്റര്‍ കുക്കിന് ഈ പരമ്പര കണ്ണീരിന്റേതായി.
ആദ്യ ഇന്നിംഗ്സില്‍ നൂറാം ടെസ്റ്റ് കളിക്കുന്ന ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിന്റെ സെഞ്ച്വറിയുടെ കരുത്തില്‍ ഓസ്ട്രേലിയ 385 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ട് 251ന് പുറത്തായി. സെഞ്ച്വറി നേടാനായില്ലെങ്കിലും ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് 72 റണ്‍സെടുത്ത് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്കോററായി. ഓസീസിന്റെ രണ്ടാം ഇന്നിംഗ്സില്‍ വാര്‍ണറും വാട്സണും സെഞ്ച്വറി നേടിയപ്പോള്‍ ക്ലാര്‍ക്ക് 23 റണ്‍സിന് പുറത്തായി. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സില്‍ ആദ്യപന്തില്‍ തന്നെ അലിസ്റ്റര്‍ കുക്ക് പൂജ്യത്തിന് ഹാരിസിന്റെ പന്തില്‍ ബൗള്‍ഡായി. 26ന് മെല്‍ബണിലാണ് പരമ്പരയിലെ നാലാമത്തെ ടെസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: