വഡോദര: സര്‍വ്വീസസിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ ബറോഡക്ക് ഇന്നിംഗ്സ് വിജയം. ഇന്നിംഗ്സിനും 147 റണ്‍സിനുമാണ് ബറോഡ വിജയം സ്വന്തമാക്കിയത്. ഇന്നിംഗ്സ് പരാജയം ഒഴിവാക്കാന്‍ 178 റണ്‍സ് വേണ്ടിയിരുന്ന സര്‍വ്വീസസിനെ 20 ഓവറില്‍ വെറും 31 റണ്‍സിന് ചുരുട്ടിക്കെട്ടിയാണ് ബറോഡ ഉജ്ജ്വല വിജയം സ്വന്തമാക്കിയത്. 10 ഓവറില്‍ 13 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ മുനാഫ് പട്ടേലിന്റെയും 10 ഓവറില്‍ 11 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റുകള്‍ പിഴുത ഗഗന്ദീപ്സിംഗിന്റെയും തകര്‍പ്പന്‍ ബൗളിംഗിന് മുന്നിലാണ് സര്‍വ്വീസസ് ബാറ്റിംഗ്നിര ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നടിഞ്ഞത്.
മുനാഫിന്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണ് ഇത്. 14 റണ്‍സെടുത്ത വിഷ്ണു തിവാരിയാണ് സര്‍വ്വീസസിന്റെ ടോപ് സ്കോറര്‍. മറ്റാര്‍ക്കും തന്നെ രണ്ടക്കം പോലും തികക്കാന്‍ കഴിഞ്ഞില്ല. നാല് പേര് പൂജ്യത്തിന് പുറത്തായി. സ്കോര്‍ ചുരുക്കത്തില്‍: സര്‍വ്വീസസ്: 191, 31. ബറോഡ 369.
ദല്‍ഹിയില്‍ നടന്ന മറ്റൊരു മത്സരത്തില്‍ ദല്‍ഹിയും ഇന്നിംഗ്സ് വിജയം സ്വന്തമാക്കി. വിദര്‍ഭയെ ഇന്നിംഗ്സിനും 156 റണ്‍സിനുമാണ് ദല്‍ഹി കീഴടക്കിയത്. ഇന്നിംഗ്സ് പരാജയം ഒഴിവാക്കാന്‍ 361 റണ്‍സ് വേണ്ടിയിരുന്ന വിദര്‍ഭയെ ദല്‍ഹി 204 റണ്‍സിന് എറിഞ്ഞിട്ടതോടെയാണ് ഇന്നിംഗ്സ് വിജയം സ്വന്തമായത്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ആശിഷ് നെഹ്റ, പര്‍വീന്ദര്‍ അവാന, സുമിത് നര്‍വാള്‍ എന്നിവരാണ് വിദര്‍ഭയെ തകര്‍ത്തത്. സ്കോര്‍ ചുരുക്കത്തില്‍: വിദര്‍ഭ 88, 204. ദല്‍ഹി 9ന് 448 ഡി.
കൊല്‍ക്കത്തയില്‍ നടന്ന മറ്റൊരു മത്സരത്തില്‍ ഉത്തര്‍പ്രദേശിനെ ബംഗാള്‍ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി. രണ്ടാം ഇന്നിംഗ്സില്‍ വിജയിക്കാന്‍ 69 റണ്‍സ് വേണ്ടിയിരുന്ന ബംഗാള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 70 റണ്‍സെടുത്ത് ലക്ഷ്യം മറികടന്നു. 21 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സയന് മൊണ്ടാലും 11 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സുദിപ് ചാറ്റര്‍ജിയുമാണ് ബംഗാളിനെ വിജയത്തിലേക്ക് നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: