ദുബായ്: നിയമവിരുദ്ധമായ ബൗളിംഗ് ആക്ഷന്റെ പേരില്‍ വെസ്റ്റിന്‍ഡീസ് ഓഫ് സ്പിന്നര്‍ ഷെയ്ന് ഷില്ലിംഗ്ഫോര്‍ഡിനെ രാജ്യാന്തര മത്സരങ്ങളില്‍ ബൗള്‍ ചെയ്യുന്നതില്‍ നിന്ന് ഐസിസി വിലക്കി. അനുവദനീയ പരിധിയായ 15 ഡിഗ്രിയിലും കൂടുതല്‍ കൈ മടക്കിയാണ് ഷില്ലിംഗ്ഫോര്‍ഡ് തന്റെ ഓഫ് സ്പിന്നുകളും ദൂസരകളും എറിയുന്നതെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഐസിസി നടപടി. ബയോ കെമിക്കല്‍ പരിശോധനയിലൂടെയാണ് ഷില്ലിംഗ്ഫോര്‍ഡിന്റെ ആക്ഷനില്‍ അപാകതയുണ്ടെന്ന് ഐസിസി കണ്ടെത്തിയത്.
ന്യൊാസെലാന്റിനെതിരായ പരമ്പര തുടങ്ങുന്നതിന് മുന്‍പ് നവംബര്‍ 29ന് പെര്‍ത്തിലാണ് ബയോമെക്കാനിക്കല്‍ പരിശോധന നടത്തിയത്. വീണ്ടും പരിശോധനയ്ക്ക് വിധേയനായി പിഴവുകള്‍ തിരുത്തിയതായി തെളിയിച്ചെങ്കില്‍ മാത്രമേ ഷില്ലിങ്ങ്ഫോഡിന് ഇനി അന്താരാഷ്ട്ര മത്സരങ്ങളില്‍ ബൗള്‍ ചെയ്യാനാവുകയുള്ളൂ. കിവീസിനെതിരായ ഒന്നാം ടെസ്റ്റില്‍ ഷില്ലിങ്ങ്ഫോഡ് ആറ് വിക്കറ്റ് വീഴ്ത്തിയിരുന്നു. 2010 ഡിസംബറില്‍ ശ്രീലങ്കക്കെതിരായ പരമ്പരക്കിടയിലും ഷില്ലിങ്ങ്ഫോര്ഡിന് സമാനമായ വിലക്ക് നേരിടേണ്ടിവന്നിരുന്നു. 2011 ജൂണിലാണ് വീണ്ടും പന്തെറിയാന്‍ അനുമതി ലഭിച്ചത്.
മറ്റൊരു വിന്‍ഡീസ് താരമായ മര്‍ലോണ്‍ സാമുവല്‍സ് വേഗതയേറിയ പന്തുകള്‍ എറിയരുതെന്നും ഐസിസി വിലക്കിയിട്ടുണ്ട്. സാമുവല്‍സിന്റെ ഓഫ് സ്പിന്നുകള്‍ നിയമവിധേയമാണെങ്കിലും അതിവേഗ ബോളുകള്‍ അനുവദനീയമായി പരിധിയില്‍ കൂടുതല്‍ കൈമടക്കിയാണ് എറിയുന്നതെന്ന് കണ്ടെത്തി. സാമുവല്‍സിന് തുടര്‍ന്നും ഓഫ് സ്പിന്നുകള്‍ എറിയാമെങ്കിലും അതിവേഗ പന്തുകള്‍ എറിയാനാവില്ല.
സച്ചിന് ടെണ്ടുല്‍ക്കറുടെ വിടവാങ്ങല്‍ ടെസ്റ്റിന്റെ രണ്ടാം ദിനമാണ് ഇരുവരുടെയും ബൗളിംഗ് ആക്ഷനെക്കുറിച്ച് അമ്പയര്‍മാരും മാച്ച് റഫറിയും സംശയമുന്നയിച്ചത്. നേരത്തെയും ഇരുവരെയും നിയമവിരുദ്ധമായ ബൗളിംഗ് ആക്ഷന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. വിലക്കിനെതിരെ 14 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്കാന് താരങ്ങള്‍ക്കാവും. ഇന്ത്യക്കെതിരായ പരമ്പരയില്‍ ഷില്ലിംഗ്ഫോര്ഡായിരുന്നു വിന്‍ഡീസ് നിരയില്‍ തിളങ്ങിയ ഏക ബൗളര്‍. വിടവാങ്ങല്‍ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ സച്ചിന്റെ വിക്കറ്റ് നേടിയതോടെ ഷില്ലിംഗ്ഫോര്‍ഡ് ശ്രദ്ധേയനാവുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: