ന്യൂദല്‍ഹി: ലോക്പാല്‍ ബില്ലിന് വേണ്ടി പാര്‍ലമെന്റ് സമ്മേളനം നീട്ടി വയ്ക്കേണ്ടി വന്നാല്‍ അതും ചെയ്യുമെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി കമല്‍നാഥ് വ്യക്തമാക്കി. ലോക്സഭയില്‍ ലോക് പാല് ബില്‍ പാസാാകുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും അതിനാല്‍ തന്നെ ബില്ല് ലോക്സഭയിലേക്ക് പരിഗണിക്കപ്പെടുമെന്നും കമല്‍നാഥ് വ്യക്തമാക്കി.
ലോക്പാല്‍ ബില്‍ രാജ്യസഭയില്‍ പാസാക്കുന്നത് ഇന്നായിരുന്നെങ്കിലും കേന്ദ്രതൊഴില്‍ മന്ത്രി ശിശ്റാം ഓലയുടെ നിര്യാണത്തില്‍ അനുശോചിച്ച് പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്ന് പിരിയുകയായിരുന്നു. തുടര്‍ന്ന് നാളത്തേക്ക് ബില്ല് പാസാക്കുന്ന കാര്യങ്ങള്‍ മാറ്റി വയ്ക്കുകയായിരുന്നു. ബില്ലിനെതിരെ കടുത്ത നിലപാടെടുത്ത സമാജ് വാദിപാര്‍ട്ടിയെ ഒടുവില്‍ അനുനയിപ്പിച്ചതായാണ് സൂചന. ബില്ലിലെ ചര്‍ച്ചയെ സമാജ് വാദ് പാര്‍ട്ടി എതിര്‍ക്കാനിടയില്ല.
ചര്‍ച്ചയില്ലാതെ ബില്‍ പാസാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്.ലോക്പാല്‍ ബില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാജ്യസഭയില്‍ അവതരിപ്പിച്ചെങ്കിലും പാസാക്കാനായിരുന്നില്ല. സമാജ്വാദി പാര്‍ട്ടിയുടേയും സീമാന്ധ്ര എംപിമാരുടേയും ബഹളത്തെ തുടര്‍ന്ന് രാജ്യസഭ തിങ്കളാഴ്ച വരെ പിരിയുകയായിരുന്നു. ലോക്പാല്‍ ബില്‍ അല്ല വിലക്കയറ്റമാണ് ആദ്യം ചര്‍ച്ച ചെയ്യേണ്ടതെന്നായിരുന്നു സമാജ്വാദി പാര്‍ട്ടിയുടെ ആവശ്യം.സെലക്ട് കമ്മിറ്റി നിര്‍ദ്ദേശിച്ച പതിനാല് ഭേദഗതികളോടെയാണ് വി നാരായണ സ്വാമി ബില്‍ അവതരിപ്പിച്ചത്. സിബിഐ മേധാവിയെ പ്രധാനമന്ത്രി, ലോക്സഭ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ്ജസ്റ്റിസ് എന്നിവരടങ്ങിയ കൊളീജിയം നിശ്ചയിക്കുമെന്ന് പുതുക്കിയ ലോക്പാല്‍ ബില്‍ വ്യവസ്ഥ ചെയ്യുന്നു.
സര്‍ക്കാര്‍ സഹായം സ്വീകരിക്കുന്ന സംഘടനകളെ ലോക്പാല്‍ പരിധിയില്‍ ഉള്‍പ്പെടുത്തിയെങ്കിലും മതരാഷ്ട്രീയ സംഘടനകളെ ഒഴിവാക്കി. ലോകായുക്ത രൂപീകരണവും ബില്ലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.ലോക്പാല്‍ നിയമം നടപ്പാക്കി ഒരു വര്‍ഷത്തിനകം സംസ്ഥാനങ്ങള്‍ ലോകായുക്ത രൂപീകരിക്കണമെന്നാണ് പുതിയ വ്യവസ്ഥ.
അഴിമതിക്കാരുടെ സ്വത്ത് വകകള്‍ ഏറ്റെടുക്കണമെന്ന സെനറ്റ് കമ്മിറ്റി ശുപാര്‍ശയ്ക്ക് കേന്ദ്രം ഭേദഗതി വരുത്തി. സ്വത്ത് ഏറ്റെടുക്കും മുമ്പ് വിശദീകരണ നോട്ടീസ് നല്‍കണമെന്നാണ് പുതിയ വ്യവസ്ഥ.പുതുക്കിയ ബില്‍ രാജ്യസഭ പാസാക്കിയാല്‍ ലോക്സഭയുടെ പരിഗണനയ്ക്ക് അയക്കും. അതേസമയം ലോക്പാല്‍ ബില്ലിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി രാജ്യസഭാ ചെയര്മാന് യോഗം വിളിച്ചു കൂട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: