ദുബായ്: പാക്കിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ശ്രീലങ്കയ്ക്ക് 24 റണ്‍സിന്റെ ജയം. ഇതോടെ ട്വന്റി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ സിംഹളവീരര്ക്കു കഴിഞ്ഞു. പരമ്പര സമനിലയിലായി (1-1).
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് നിയോഗിക്കപ്പെട്ട ലങ്ക മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സാണ് അടിച്ചുകൂട്ടിയത്. കുട്ടിക്രിക്കറ്റില്‍ പാക് ടീമിനെതിരെ ലങ്ക നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോര്‍ കൂടിയായത്. ചേസ് ചെയ്ത പാക്കിസ്ഥാന് 19.2 ഓവറില്‍ 187ല്‍ ഒതുങ്ങി.
കുഷാല്‍ പെരേര (59 പന്തില്‍ 84), തിലകരത്നെ ദില്ഷന് (33 പന്തില്‍ 48), കുമാര്‍ സംഗക്കാര (21 പന്തില്‍ 44 നോട്ടൗട്ട്) എന്നിവരുടെ സ്ഫോടനാത്മക ബാറ്റിങ്ങായിരുന്നു ലങ്കയ്ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. ദില്‍ഷനും പെരേരയും ഒന്നാം വിക്കറ്റില്‍ 100 റണ്‍സ് ചേര്‍ത്തു. അവസാന ഓവറുകളില്‍ പെരേരയ്ക്കൊപ്പം സംഗക്കാരയും കത്തിക്കയറി. പെരേര അഞ്ചു ഫോറുകളും നാലു സിക്സറും പറത്തി. ദില്ഷന് എട്ട് ബൗണ്ടറികള്‍ കണ്ടെത്തി. നാലു ഫോറുകളും രണ്ടു സിക്സറുകളും അടങ്ങുന്നതായിരുന്നു സംഗയുടെ ഇന്നിങ്ങ്സ്. സയീദ് അജ്മല്‍ രണ്ട് വിക്കറ്റുകള്‍ നേടി. പാക് നിരയില്‍ ഓപ്പണര്‍ ഷര്‍ജീല്‍ ഖാന് (25 പന്തില്‍ 50), ഷാഹിദ് ആഫ്രീദി (28), ശൊഹൈല്‍ തന്‍വീര്‍ (41) തുടങ്ങിയവര്‍ പോരാടിയെങ്കിലും ഫലംകണ്ടില്ല. മൂന്നു വിക്കറ്റുകളുമായി സചിത്ര സേനാനായകെ ലങ്കന്‍ ആക്രമണത്തിന് ചുക്കാന്‍ പിടിച്ചു. തിസാര പെരേരയും നുവാന്‍ കുലശേഖരയും സീക്കുഗെ പ്രസന്നയും രണ്ടുപേരെ വീതം കൂടാരംകയറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: