ലോകകപ്പ് ഗോള്‍ ഒരു കളിക്കാരന്റെ ജീവിതാഭിലാഷമാണ്. സ്ട്രൈക്കര്‍മാര്‍ മുതല്‍ ഡിഫന്ഡര്മാര്വരെ അതു മോഹിക്കുന്നു. ചിലര്‍ ഒറ്റഗോള്‍ കൊണ്ടു തന്നെ എന്നെന്നും ഓര്‍മയില്‍ നിറയും. സൗദി അറേബ്യയുടെ സയിദ് ഒവൈറാനും തുര്‍ക്കിയുടെ ഹസന് സുകൂറും അക്കൂട്ടത്തില്‍പ്പെട്ടവരാണ്.
1994 അമേരിക്കന്‍ ലോകകപ്പിലായിരുന്നു ഒവൈറാന്റെ അത്ഭുതഗോള്‍. ആദ്യ മത്സരത്തില്‍ ഹോളണ്ടിനോടു തോറ്റെങ്കിലും മൊറോക്കോയെ കീഴടക്കി സൗദി അറേബ്യ പ്രീ- ക്വാര്‍ട്ടര്‍ സാധ്യതകള്‍ നിലനിര്‍ത്തിയിരുന്നു. നിര്‍ണായക മത്സരത്തില്‍ സൗദിക്കു നേരിടേണ്ടിയിരുന്നത് യൂറോപ്യന്‍ പ്രതിനിധികളായ ബല്‍ജിയത്തെ. സുപ്രധാന മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ ഒവൈറാന്റെ സൂപ്പര്‍ ഗോള്‍ പിറന്നു.
ഏറെക്കുറെ സ്വന്തം പെനാല്‍റ്റി ബോക്സിനു മുന്നിലെന്നു പറയാവുന്നയിടത്തു നിന്നു കിട്ടിയ പന്തുമായി മൈതാന മധ്യത്തിലൂടെ ഒറ്റയ്ക്കു കുതിച്ച ഒവൈറാന് ആറ് എതിരാളികളെ വെട്ടിച്ച് എതിര് വലയില്‍ പന്തു നിക്ഷേപിച്ചപ്പോള്‍ ഗ്യാലറി ഇളകി മറിഞ്ഞു. ഒവൈറാന്റെ ഗോളിന്റെ ബലത്തില്‍ ബല്‍ജിയത്തെ മറികടന്ന് സൗദി നോക്കൗട്ടിലേക്ക് കുതിക്കുകയും ചെയ്തു. അടുത്ത മത്സരത്തില്‍ സ്വീഡനോട് തോറ്റു പുറത്തായെങ്കിലും സൗദിയും ഒവൈറാനും കാണികളുടെ മനസിലെ നിറമുള്ള സ്മരണയായി. ആ ഒരൊറ്റ ഗോള്‍ ഒവൈറാന് അറേബ്യന്‍ മറഡോണ എന്ന വിളിപ്പേരും ചാര്‍ത്തിക്കൊടുത്തു. ഫിഫയുടെ ഗോള്‍ ഓഫ് ദ സെഞ്ചുറി പട്ടികയില്‍ ആറാം സ്ഥാനവും ഒവൈറാന്റെ ഗോളിനായിരുന്നു. ആ ലോകകപ്പിലെ മികച്ച 22 കളിക്കാരില്‍ ഒരാളും ഒവൈറാന് തന്നെ. 1998 ലോകകപ്പിലും ഒവൈറാന് രാജ്യത്തിനുവേണ്ടി ബൂട്ടുകെട്ടി.
താരങ്ങള്‍ രാജ്യത്തിനു പുറത്തു കളിച്ചുകൂടെന്ന സൗദി നിയമമില്ലാതിരുന്നെങ്കില് ഒരു പക്ഷേ ഒവൈറാന് ക്ലബ് ഫുട്ബോളിലെ അറിയപ്പെടുന്ന കളിക്കാരനായിമാറിയേനെ. റിയാദ് ആസ്ഥാനമായുള്ള അല്‍ ഷബാബ് വേണ്ടിയായിരുന്നു ഒവൈറാന് കരിയറിലുടനീളം പന്തു തട്ടിയത്.
2002ലെ ഏഷ്യന്‍ ലോകകപ്പിലൂടെ ചരിത്രത്തില്‍ ഇടംപിടിച്ച സുകൂര്‍ ഗോള്‍ പൊട്ടിവീണു. ആതിഥേയ ടീമുകളിലൊന്നായ ദക്ഷിണകൊറിയക്കെതിരെ 11-ാം സെക്കന്റില്‍ തുര്‍ക്കി താരം വലചലിപ്പിച്ചു കളഞ്ഞു. ലോകകപ്പിലെ ഏറ്റവും വേഗം കൂടിയ ഗോളെന്ന പെരുമയാണ് സുകൂറിന്റെ സ്ട്രൈക്കിനു വന്നുചേര്‍ന്നത്.
ഉജ്വല മുന്നേറ്റം നടത്തിയ തുര്‍ക്കിയും ദക്ഷിണ കൊറിയയും മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ മുഖാമുഖംവന്നു. കിക്കോഫ് ചെയ്ത കൊറിയ രണ്ടു ബാക് പാസുകളിലൂടെ പന്തു സ്വന്തം ഗോള്‍ മുഖത്തേക്കു നീട്ടി. മുന്നോട്ടു കയറിയ സുകൂര്‍ തീര്‍ത്ത സമ്മര്‍ദ്ദത്താല്‍ കൊറിയന്‍ നായകന് ഹോങ്ങ് യുങ്ങ് ബോയുടെ കാലില്‍ നിന്ന് പന്തു വഴുതി. ഞൊടിയിടയില്‍ ബോള്‍ റാഞ്ചിയ സുകൂര്‍ മുന്നോട്ടാഞ്ഞശേഷം തൊടുത്ത കരുത്തുറ്റ ഷോട്ട് തടുക്കാന്‍ കൊറിയന്‍ ഗോളിക്കായില്ല. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് മത്സരം ജയിച്ച തുര്‍ക്കി മൂന്നാം സ്ഥാനവുമായി മടങ്ങി.
തുര്‍ക്കിയുടെ ടോപ് സ്കോറര്‍ എന്ന പട്ടം ഉറപ്പിച്ചാണ് സുകൂര്‍ (112 മത്സരങ്ങളില്‍ നിന്ന് 51 ഗോളുകള്‍) കരിയര്‍ അവസാനിപ്പിച്ചത്. സ്വന്തം നാട്ടിലെതന്നെ ഗലാറ്റസരെ ക്ലബ്ബിനുവേണ്ടി കരിയറിന്റെ ഏറിയ പങ്കും ഉഴിഞ്ഞുവച്ച സുകൂര്‍ ഇന്റര്മിലാന്, പാര്‍മ, ബ്ലാക്ക്ബേണ്‍ എന്നീ ടീമുകള്‍ക്കുവേണ്ടിയും കളിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: