മുപ്പതില്‍ കൂടുതല്‍ സംഗീതയാത്രകള്‍ നടത്തിയെന്ന ബഹുമതി ഈ സംഗീത അധ്യാപകന് സ്വന്തം. സംഗീത ഉപകരണങ്ങളുടെ പശ്ചാത്തലത്തില്‍ ഗ്രാമങ്ങളിലേയും പട്ടണങ്ങളിലേയും തെരുവോര വീഥികളില്‍ ജനനന്മ സന്ദേശമുള്ള ഗാനങ്ങള്‍ അവതരിപ്പിക്കുന്നതാണ് ജനകീയ സംഗീത യാത്ര കൊണ്ട് വിഷ്ണുഭട്ട് ഉദ്ദേശിക്കുന്നത്.
തുടക്കം 1987ലായിരുന്നു. ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് വരള്‍ച്ചാ ദുരിതാശ്വാസ പദ്ധതിയിലേക്ക് പണം സ്വരൂപിക്കാനായിരുന്നു ഇത്. കാസര്‍കോട് ജില്ലയിലെ രാജാസ് ഹൈസ്കൂളിലാണ് ആദ്യമായി സംഗീതം അവതരിപ്പിച്ചത്. ജനകീയ സംഗീത പ്രസ്ഥാനം എന്ന ആശയത്തില്‍ വിവിധ പഠന പദ്ധതികള്‍ സ്വയം ചിട്ടപ്പെടുത്തിയ സംഗീതവും സാംസ്കാരിക പാഠങ്ങളും എല്ലാം തന്നെ വിദ്യാര്‍ത്ഥികള്‍ക്കെന്ന പോലെ സമൂഹത്തിനും ഉണര്‍വ് പകര്‍ന്നിരുന്നു.
പുതുമകള്‍ ഉയര്‍ത്തിക്കൊണ്ട് വിവിധതലത്തിലുള്ള ആശയങ്ങളുമായി സാംസ്കാരിക പാഠങ്ങള്‍ ഓരോന്നും വിദ്യാഭ്യാസ ചരിത്രമാക്കാന്‍ ഒരുങ്ങുകയാണ് കാസര്‍കോട് ഗവ.ഗേള്‍സ് ഹൈസ്കൂളിലെ സംഗീത അധ്യാപകന് കൂടിയായ വെള്ളിക്കോത്ത് വിഷ്ണുഭട്ട്.
ദാരിദ്ര്യത്തിന്റെ ചൂടുകാറ്റേറ്റ് വളര്‍ന്ന വിഷ്ണുഭട്ട് എന്ന വിദ്യാര്‍ത്ഥി ഒരിക്കലും വിചാരിച്ചില്ല ഭാവിയില്‍ സംഗീത അധ്യാപകന് ആകുമെന്ന്. കുടുംബ പശ്ചാത്തലം വളരെ ദയനീയമായിരുന്നു. അച്ഛന്റെ ജീവിത സാഹചര്യം കണ്ട് മനം നൊന്തുപോയ വിഷ്ണുഭട്ടിന് ഒരിക്കലും തന്റേതായ ആഗ്രഹങ്ങള്‍ പൂവണിഞ്ഞേതീരുവെന്ന ദുര്‍വാശി ഉണ്ടായിരുന്നില്ല. വെള്ളിക്കോത്ത് ഗോവിന്ദഭട്ട് – ഗൗരിഅമ്മ ദമ്പതികളുടെ എട്ടാമത്തെ പുത്രനാണ് വെള്ളിക്കോത്ത് വിഷ്ണുഭട്ട്.
സംഗീതകലയില്‍ മകന് കഴിവുണ്ടെന്ന് മനസ്സിലാക്കിയ പിതാവ് വീട്ടിനടുത്ത് താമസിക്കുന്ന കുണ്ടുവളപ്പില്‍ നാരായണ ഭാഗവതരെ കണ്ട് ശിഷ്യഗണത്തില്പ്പെടുത്തി. ഗുരുകുല സമ്പ്രദായരീതിലായിരുന്നു സംഗീതപഠനം. അന്നത്തെ കാലഘട്ടത്തില്‍ പഴയ സിനിമാ ഗാനങ്ങള്‍ ലളിതഗാന മത്സര വിഭാഗത്തില്‍ പെട്ടതിനാല്‍ സ്കൂള്‍ കലോത്സവങ്ങളില്‍ അന്ന് ലളിതഗാന മത്സരാര്‍ത്ഥികള്‍ കൂടുതലായിരുന്നു. സ്കൂള്‍ കലോത്സവത്തില്‍ ‘വീണപൂവേ’ എന്ന സിനാമാഗാനം ആദ്യമായി ആലപിച്ച് ലളിതഗാന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി. യുവജനോത്സവ കഥകളി സംഗീത ഇനത്തില്‍ മൂന്ന് വര്‍ഷവും കണ്ണൂര്‍ ജില്ലയില്‍ ഒന്നാമതെത്തി. സംഗീത കോളേജ് പഠനസമയത്ത് സംസ്ഥാനതല ശാസ്ത്രീയ സംഗീത മത്സരത്തില്‍ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.
മാവുങ്കാല്‍ ആനന്ദാശ്രമത്തിലെ മാതാജി കൃഷ്ണഭായിയുടെ ധനസഹായത്തോടെ വെള്ളിക്കോത്തെ സ്കൂള്‍ പഠനത്തിനുശേഷം സംഗീത പഠനത്തിനായി പാലക്കാട്ടെ ചെമ്പൈ സ്മാരക സംഗീത കോളേജില്‍ ചേര്‍ന്നു. 1983-ല്‍ ഗാനഭൂഷണം പാസായി. സംഗീതം ജീവിത തപസ്യയാക്കണമെന്നായിരുന്നു മോഹം. തുടര്‍പഠനം ആഗ്രഹിച്ചെങ്കിലും കുടുംബത്തിലെ പ്രാരാബ്ധം മൂലം സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉപേക്ഷിക്കുകയായിരുന്നു. സ്കൂള്‍ അധ്യാപകനെന്ന നിലയില്‍ ഉപജീവനമാര്‍ഗ്ഗം തേടുകയായിരുന്നു.
ലക്ഷ്യം സഫലമാക്കാനുള്ള വീട്ടുകാരുടെ പ്രയത്നം വിജയിച്ചു. പഠിച്ച സ്കൂളില്‍ (വെള്ളിക്കോത്ത് ഗവ.ഹൈസ്കൂള്‍) തന്നെ താല്‍ക്കാലിക അധ്യാപകന് ആകാന്‍ വിധിയുണ്ടായി. ആറ് മാസത്തിനുശേഷം നീലേശ്വരം രാജാസ് ഹൈസ്കൂളില്‍ നാലുവര്‍ഷവും പിന്നീട് കാസര്‍കോട് ഗേള്‍സ് ഹൈസ്കൂളില്‍ സ്ഥിരം അധ്യാപകനും ആവുകയായിരുന്നു. ഇതോടെ അസ്തമിച്ചത് വെള്ളിക്കോത്ത് വിഷ്ണുഭട്ട് എന്ന സംഗീത അധ്യാപകന്റെ സംഗീതജ്ഞനാവാനുള്ള മോഹമായിരുന്നു.
ശാസ്ത്രീയ സംഗീതം (വായ്പാട്ട്), ലളിതഗാനം, സംഗീത സംവിധാനം, തിന്മകള്ക്കെതിരെ ജനകീയ സംഗീതയാത്ര, ഉപകരണ സംഗീതം (ഹാര്‍മോണിയം, വയലിന്, ട്രിപ്പിള്‍ഡ്രം, കീബോര്‍ഡ്, തബല, മൃദംഗം) തുടങ്ങിയവയാണ് ഇദ്ദേഹത്തിന് വഴങ്ങുന്ന സംഗീത മേഖലകള്‍.
പ്രശസ്ത നടന് മധു നിര്‍മ്മിച്ച ‘മിനി’ എന്ന സിനിമയുടെ സംഗീത സംവിധാനത്തിന് 1995-ല്‍ സംസ്ഥാന അവാര്‍ഡിന് അര്‍ഹനായി. ദേശീയ അധ്യാപക അവാര്‍ഡ് ആദ്യമായി ഒരു സംഗീത അധ്യാപകന് ലഭിക്കുന്നത് വെള്ളിക്കോത്ത് വിഷ്ണുഭട്ടിലൂടെയാണ്. രണ്ടായിരത്തിലായിരുന്നു അത്. അവാര്‍ഡ് ഏറ്റുവാങ്ങാന്‍ ദല്‍ഹിയില്‍ എത്തിയപ്പോഴുണ്ടായ അനുഭവം ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങളായി കരുതുന്നു. അന്നത്തെ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പെയ്, കേന്ദ്രമന്ത്രി മുരളീ മനോഹര്‍ ജോഷി എന്നിവരോടൊപ്പം അവരുടെ വസതിയില്‍ വിരുന്ന് സല്‍ക്കാരത്തില്‍ പങ്കെടുത്തത് വിഷ്ണുഭട്ടിന്റെ മറക്കാനാവാത്ത അനുഭവങ്ങളില്‍ ഒന്നാണ്.
സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാരം (2010), തിരുവല്ല ആസ്ഥാനമായ അധ്യാത്മിക കലാവേദിയുടെ സംസ്ഥാന അവാര്‍ഡ് (1992), യുനസ്കോ-യൂനിസെഫ് അഫിലിയേറ്റ് ചെയ്ത ദേശീയ സംഘടന വേള്‍ഡ് പീസ് കാസര്‍കോട് ചാപ്റ്ററിന്റെ സമാധാന പുരസ്കാരം (1995), നെഹ്റു യുവകേന്ദ്ര യുവജന അവാര്‍ഡ് (2010), ബാലഗോകുലം സംസ്ഥാന അവാര്‍ഡ് കീര്‍ത്തിമുദ്ര (2008), തുടങ്ങി ഒട്ടേറെ അവാര്‍ഡുകള്‍ക്ക് അദ്ദേഹം അര്‍ഹനായി.
സമ്പൂര്‍ണ്ണ സാക്ഷരത, ദേശീയോദ്ഗ്രഥനം, വര്‍ഗീയതക്കെതിരെ മാനവിക ജനമൈത്രി, രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ, മദ്യം മയക്കുമരുന്നിനെതിരെ, സ്ത്രീപീഡനത്തിനെതിരെ, മനുഷ്യഐക്യസന്ദേശവുമായി തീവണ്ടിയില്‍, ഗാന്ധി സന്ദേശം, പരിസ്ഥിതി, എയ്ഡ്സ്, യുദ്ധ വിപത്ത്, ചരിത്രം, ശുചിത്വം, ഊര്‍ജ സംരക്ഷണം, ജലസംരക്ഷണം, മലയാളഭാഷ, ഗാന്ധിസ്മൃതി, കുട്ടികള്‍ക്കൊപ്പം തിന്മകള്ക്കെതിരെ, ശ്രീരാമനാമ സന്ദേശ ഭജനയാത്ര, ബ്രിട്ടീഷ് ഭരണകാലത്ത് നിരോധിക്കപ്പെട്ട സമരഗാനങ്ങള്‍ ഉള്‍പ്പെടുത്തി സ്വാതന്ത്ര്യസമരഗീതിക തുടങ്ങിയ 31ല്‍പ്പരം സംഗീതയാത്രകളാണ് നടത്തിയിട്ടുള്ളത്.
ഭാഷാമൈത്രി വളര്‍ത്തുന്നതിനായി (കന്നഡ, മലയാളം, തുളു, സംസ്കൃതം, ഹിന്ദി, ഇംഗ്ലീഷ്, കോംഗ്ങ്ങിണി, അറബി, തമിഴ്) നവഭാഷ പ്രാര്‍ത്ഥനാഗീതം ചിട്ടപ്പെടുത്തി. നിര്‍ധനരായ സംഗീത പ്രതിഭകളെ കണ്ടെത്തി സൗജന്യ പരിശീലനവും നല്‍കുന്നതോടൊപ്പം സ്വന്തം നാടിന്റെ ചരിത്രമറിയാനും അതുവഴി ദേശസ്നേഹം വളര്‍ത്തിയെടുക്കാന്‍ ഹൃദയാഞ്ജലി എന്ന സംഗീത രൂപത്തിനും അദ്ദേഹം തുടക്കം കുറിച്ചു.
1977 ല്‍ കൊല്ലൂര്‍ ശ്രീ മൂകാംബിക ക്ഷേത്രസന്നിധിയിലായിരുന്നു സംഗീത കച്ചേരിക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് എത്രയെത്ര അവസരങ്ങള്‍ ഭട്ടിനെ തേടിയെത്തി.
കവിതകള്‍ എഴുതുന്ന കുട്ടികള്‍ക്ക് പ്രചോദനം നല്കി അവ പൊതുവേദികളില്‍ എത്തിക്കുന്ന സംരംഭമാണ് വിഷ്ണുഭട്ടിന്റെ അടുത്ത ചുവടുവെപ്പ്. സംഗീതത്തില്‍ പുതുതലമുറ ഉയര്‍ന്നുവരണമെങ്കില്‍ ഓരോ സ്കൂളിലും സംഗീതത്തിനായി ഓരോ തസ്തിക അനുവദിക്കണം. എന്നാല്‍ മാത്രമേ ഈ രംഗത്തേക്ക് കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂവെന്ന് വിഷ്ണുഭട്ട് പറയുന്നു. സ്വയം വികസിപ്പിച്ചെടുത്ത സംഗീത സാംസ്കാരിക പാഠം സംസ്ഥാനതലത്തില്‍ വ്യാപിപ്പിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അധികൃതരില്‍ നിന്നും അതിനുള്ള അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വെള്ളിക്കോത്ത് വിഷ്ണുഭട്ട് എന്ന സംഗീത അധ്യാപകന്. ഭാര്യ: പി.ജ്യോതി. ശ്രീഗൗരി ഏക മകള്‍.
വൈ.കൃഷ്ണദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: