ന്യൂദല്‍ഹി: ലൈംഗിക പീഡനക്കേസില്‍ ആരോപണവിധേയനായ ജസ്റ്റിസ് എ കെ ഗാംഗുലിയെ പശ്ചിമബംഗാള്‍ മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കണമെന്ന് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് ലോക്സഭയില്‍ ആവശ്യപ്പെട്ടു. സ്വയം ഒഴിയാന്‍ തയ്യാറായില്ലെങ്കില്‍ ജസ്റ്റിസ് ഗാംഗുലിയെ നീക്കം ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.
സുഷമയുടെ ആവശ്യത്തെ തൃണമൂല്‍ കോണ്‍ഗ്രസ് സഭയില്‍ പിന്തുണച്ചു. നിയമവിദ്യാര്‍ത്ഥിനിയുടെ ലൈംഗിക ആരോപണക്കേസില്‍ ആരോപണവിധേയനായ മുന്‍ സുപ്രീംകോടതി ജഡ്ജി എ കെ ഗാംഗുലി ആണെന്ന് അറിഞ്ഞതിനു ശേഷം ഗാംഗുലി മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാല്‍ സ്ഥാനം രാജിവക്കില്ലെന്നാണ് ഗാംഗുലിയുടെ നിലപാട്.
ഗാംഗുലിയെ ചെയര്മാന് സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രാഷ്ട്രപതി പ്രണബ് മുഖര്‍ജിയോട് ആവശ്യപ്പെട്ടിരുന്നു. കേസില്‍ ജസ്റ്റിസ് എ.കെ.ഗാംഗുലിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് സുപ്രീം കോടതി സമിതി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഒരു മാധ്യമത്തിന് നല്കിയ ലേഖനത്തിലാണ് നിയമ വിദ്യാര്‍ത്ഥിനി ന്യായാധിപന് തന്നെ പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ പരാതി കണക്കിലെടുത്താണ് സുപ്രീംകോടതി അന്വേഷണ സംഘത്തെ നിയോഗിച്ചത്.
നിയമ വിദ്യാര്‍ത്ഥിനിയുടെയും ഗാംഗുലിയുടേയും മൊഴി എടുത്ത സമിതി, നവംബര്‍ 28ന് അന്വേഷണ റിപ്പോര്‍ട്ട് ചീഫ് ജസ്റ്റിസ് പി സദാശിവത്തിന് സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: