ന്യൂദല്‍ഹി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. സുപ്രീംകോടതിയുടെ രണ്ടു ജഡ്ജിമാരടങ്ങുന്ന ബഞ്ചാണ് ജാമ്യത്തിന് ഉത്തരവിട്ടത്. ഈ കേസുമായി ബന്ധപ്പെട്ട് 37 പേര്‍ക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ലാലുവിന്റെ വിലക്ക് ഇപ്പോഴും നിലനില്‍ക്കുകയാണ്.
സുപ്രീംകോടതിയുടെ ഉത്തരവിനെ കോണ്‍ഗ്രസും ആര്‍ജെഡിയും സ്വാഗതം ചെയ്തു. ലാലുവിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി കേന്ദ്രമന്ത്രി കപില്‍ സിബല്‍ മാധ്യമങ്ങളോട് പറഞ്ഞു.
പൂര്‍ണമായും കോടതിയില്‍ വിശ്വാസമര്‍പ്പിക്കുന്നുവെന്നും ഈ തീരുമാനത്തെ തങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നും ലാലുവിന്റെ ഭാര്യയും മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയുമായ റാബ്റി ദേവി പറഞ്ഞു. ഇത് പാര്‍ട്ടിക്ക് വലിയ ആശ്വസം നല്‍കുമെന്നും അവര്‍ പറഞ്ഞു.
ലാലുവിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ലെങ്കിലും പാര്‍ട്ടിക്കുവേണ്ടി പ്രചാരണം നടത്താന്‍ കഴിയും. പാര്‍ട്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും റാബ്രി ദേവി കൂട്ടിച്ചേര്‍ത്തു.
ലാലു മുഖ്യമന്ത്രിയായിരുന്ന സമയത്ത് ചൗബാസ ട്രഷറിയില്‍നിന്നും 37.7 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസില്‍ കഴിഞ്ഞ സെപ്തംബര്‍ 30 നാണ് സിബിഐ കോടതി ലാലുവിനെ ശിക്ഷിച്ചത്. 25 ലക്ഷം രൂപയുടെ പിഴയും അഞ്ച് വര്‍ഷത്തെ തടവുമാണ് ലാലുവിന് വിധിച്ചിരുന്നത്. ശിക്ഷ ലഭിച്ചതിനെത്തുടര്‍ന്ന് ലാലുവിന്റെ പാര്‍ലമെന്റംഗത്വവും നഷ്ടമായിരുന്നു. അഴിമതിയാരോപണത്തിന് വിധേയരായ പാര്‍ലമെന്റംഗങ്ങളെ അയോഗ്യരാക്കണമെന്ന സുപ്രീംകോടതിയുടെ വിധിയെത്തുടര്ന്നാണിത്. ലാലുവിനൊപ്പം മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയുമായിരുന്ന ജഗന്നാഥ് മിശ്രയ്ക്കും ശിക്ഷ ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: