വാഷിങ്ങ്ടണ്‍: ഒരു വര്‍ഷത്തിനിടെ സിറിയയില്‍ നാലോളം സ്ഥലങ്ങളില്‍ രാസായുധം പ്രയോഗിക്കപ്പെട്ടതായി യുഎന്‍ പരിശോധകര്. ആഗസ്റ്റ് മാസത്തില്‍ ദമാസ്കസില്‍ സിറിയന്‍ സര്‍ക്കാര്‍ വിമതര്‍ക്ക് നേരെ രാസായുധാക്രമണം നടത്തിയിരുന്നെന്ന ആരോപണത്തെ സ്ഥിരീകരിക്കുന്നതാണ് വ്യാഴാഴ്ച്ച പുറത്തു വിട്ട യുഎന്‍ പരിശോധകരുടെ റിപ്പോര്‍ട്ട്.
ഏഴ് സ്ഥലങ്ങളില്‍ നടന്ന രാസായുധാക്രമണങ്ങളെ പ്പറ്റിയാണ് അന്വേഷണം നടത്തിയത്. ഇതില്‍ രണ്ടിടങ്ങളില്‍ രാസായുധം പ്രയോഗിച്ചതായി സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ലെന്ന് പരിശോധനാ സംഘത്തിന്റെ നേതൃത്വം വഹിക്കുന്ന സ്വീഡിഷ് പ്രൊഫസര്‍ അകി സീല്സ്റ്റോം അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെയോ വിമതരുടേയോ പക്ഷം പിടിക്കാതെയാണ് സംഘം വിവരങ്ങള്‍ ശേഖരിച്ചത്.
അലിപ്പോയുടെ സമീപപ്രദേശമായ ഖാന് അല്‍ അസ്സാല്‍, ദമാസ്കസിന്റെ കിഴക്കേ നഗര പ്രാന്തപ്രദേശമായ ജോബര്‍, വടക്ക്-പടിഞ്ഞാറ് ഇഡ്ലീബിന് സമീപമുള്ള സരാക്യൂബ്, ദമാസ്കസിന് സമീപമുള്ള അഷ്രഫിയാസ് സഹ്നയാ തുടങ്ങിയ ഇടങ്ങളിലാണ് രാസായുധം പ്രയോഗിക്കപ്പെട്ടതായി സംഘം കണ്ടെത്തിയത്. ഇതില്‍ രണ്ടിടങ്ങളില്‍ രാസായുധമായ ‘സരിന്’ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ഖാന് അല്‍ അസ്സാലില് സര്‍ക്കാരും വിമതരും മാറിമാറി രാസായുധം പ്രയോഗിച്ചിട്ടുണ്ടെന്നും എന്നാല്‍ അവര്‍ ഇക്കാര്യം നിഷേധിച്ചിട്ടുണ്ടെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ജോബര്‍, അഷ്രഫിയാസ് സഹ്നയാ തുടങ്ങിയ പ്രദേശങ്ങളില്‍ സിറിയന്‍ സര്‍ക്കാര്‍ രാസായുധം പ്രയോഗിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. ബ്രിട്ടണും ഫ്രാന്‍സുമാണ് ആരോപണം ഉന്നയിച്ചത്.
സീല്സ്റ്റോമിന്റെ നേതൃത്വത്തിലുള്ള പരിശോധകര് സെപ്റ്റംബര്‍ 16 ന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതില്‍ ആഗസ്റ്റ് 21 ന് ദമാസ്കസിലെ ഖൗട്ടയില് നടത്തിയ പരിശോധനയില്‍ രാസായുധം പ്രയോഗിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. കരയില്‍ നിന്നും കരയിലേക്ക് വിക്ഷേപിക്കാന്‍ സാധിക്കുന്ന റോക്കറ്റ് ഉപയോഗിച്ചാണ് ‘സരിന്’ എന്ന മാരക രാസായുധം പ്രയോഗിച്ചത്. ഗ്രാഫിക്സ് ദൃശ്യങ്ങളുടെ പിന്തുണയോടെ സംഘം ഇതിനുള്ള തെളിവുകള്‍ നിരത്തുന്നു. അന്തരീക്ഷത്തില്‍ പടര്‍ന്ന വിഷവാതകം ശ്വസിച്ച് ആയിരക്കണക്കിന് പേര് മരിച്ചിരുന്നു. യുഎസ് സര്‍ക്കാരിന്റെ കണക്കനുസരിച്ച് 1,400 പേരാണ് രാസായുധാക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്.
ദമാസ്കസിലെ വിമതര്‍ക്ക് നേരെ ഖൗട്ടയിലുണ്ടായ രാസായുധാക്രമണത്തില്‍ പ്രതിഷേധിച്ച് അമേരിക്ക സിറിയക്കെതിരെ സൈനിക നടപടിക്ക് ഒരുങ്ങിയിരുന്നു. റഷ്യയുടെ ഇടപെടലോടെ രാസായുധങ്ങള്‍ 2014ല്‍ നശിപ്പിക്കാമെന്ന ഉടമ്പടിയില്‍ എത്തുകയായിരുന്നു.
2013 മാര്‍ച്ച് 19 ന് ഖാന് അല്‍ അസ്സാലില് സൈനികര്‍ക്കും ജനങ്ങള്‍ക്കും നേരെ രാസായുധം പ്രയോഗിക്കപ്പെട്ടിട്ടുണ്ടെന്ന് വിദഗ്ധര്‍ സ്ഥിരീകരിക്കുന്നു. ഇതില്‍ പ്രയോഗിക്കപ്പെട്ടത് ദ്രുതഗതിയില്‍ അന്തരീക്ഷത്തില്‍ വ്യാപിക്കുന്ന രാസായുധമാണെന്ന് സൈന്യവും മെഡിക്കല്‍ സംഘവും വ്യക്തമാക്കുന്നു. സംഭവസ്ഥലങ്ങളില്‍ നിന്നും ശേഖരിച്ച തെളിവുകള്‍ ശാസ്ത്ര ശേഖരത്തിലേക്ക് സൂക്ഷിച്ച് വയ്ക്കുവാനും പഠനത്തിനുമായി കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: