കൊച്ചി: സേവനം മോശമായതിനാല്‍ മൂലം 2012-13 സാമ്പത്തിക വര്‍ഷത്തില്‍ ബിഎസ്എന്‍എല്‍ കണക്ഷന് ഉപേക്ഷിച്ചവരുടെ എണ്ണം കൊച്ചിയില്‍ മാത്രം ഇരുപതിനായിരത്തിലേറെ. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം ബിഎസ്എന്‍എല്‍ ഉപേക്ഷിക്കുന്നവരുടെ എണ്ണം പെരുകുന്നുവെന്ന് ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. നഗരങ്ങളില്‍ പോലും നെറ്റ് വര്‍ക്ക് സൗകര്യം കൃത്യമായി ലഭിക്കാത്തതാണ് ഉപഭോക്താക്കളെ ഇതിനു പ്രേരിപ്പിക്കുന്നത്. ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ ചെന്നൈയിലാണ് ഈ വര്‍ഷം ഏറ്റവുമധികം കണക്ഷനുകള്‍ ഉപേക്ഷിക്കപ്പെട്ടത്. അന്‍പതിനായിരത്തിലേറെ ഉപഭോക്താക്കള്‍ ചെന്നൈയില്‍ ബിഎസ്എന്‍എല്ലിനെ ഉപേക്ഷിച്ചു. ദേശീയ തലത്തില്‍ പ്രതിവര്‍ഷം 15 ലക്ഷത്തിലേറെപ്പേര്‍ ബിഎസ്എന്‍എല്‍ ഉപേക്ഷിക്കുന്നതായാണ് കണക്ക്. 2000ല്‍ കമ്പനിയായി മാറുമ്പോള്‍ സാമ്പത്തികമായി ലാഭത്തിലായിരുന്ന ബിഎസ്എന്‍എല്‍ ഇപ്പോള്‍ നഷ്ടത്തിന്റെ നിലയില്ലാക്കയത്തിലാണ്.
സ്വകാര്യ മൊബെയില്‍ സേവന ദാതാക്കളെ അപേക്ഷിച്ച് സര്‍വ്വീസില്‍ കാണിക്കുന്ന അലംഭാവമാണ് ഉപഭോക്താക്കളെ ബിഎസ്എന്‍എല്‍ വിടാന്‍ പ്രേരിപ്പിക്കുന്നത്. ടവറുകള്‍ പോലും കൃത്യമായി പ്രവര്‍ത്തിപ്പിക്കാന്‍ ശ്രദ്ധിക്കാത്തതുമൂലമാണ് നഗരങ്ങളില്‍ പോലും നെറ്റ്വര്‍ക്ക് ലഭിക്കാത്തത്. സ്വകാര്യ മൊബെയില്‍ കമ്പനികളില്‍ നിന്നും മാസപ്പടി പറ്റുന്ന ഉദ്യോഗസ്ഥരാണ് ഇതിനു പിന്നിലെന്ന് ചില ജീവനക്കാര്‍ തന്നെ വെളിപ്പെടുത്തുന്നു. ഇത്തരക്കാരെ കണ്ടെത്താന്‍ ഇടക്കാലത്ത് ആഭ്യന്തര വിജിലന്‍സ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഡിജിഎം മുതല്‍ ലൈന്മാന് വരെയുള്ളവര്‍ വിവിധ കേസുകളില്‍ കുടുങ്ങുകയും ചെയ്തു. എന്നാല്‍ പിന്നീട് ആരുടെയൊക്കെയോ സമ്മര്‍ദ്ദ ഫലമായി ഈ സംവിധാനം നിഷ്ക്രിയമാവുകയായിരുന്നു.
2000ല്‍ ഇന്ത്യന്‍ ടെലഫോണ്‍ സേവനത്തിന്റെ 75 ശതമാനവും ബിഎസ്എന്എല്ലിനായിരുന്നുവെങ്കില് ഇപ്പോഴത് 13 ശതമാനം മാത്രമായി മാറിയിരിക്കുന്നു. ബിഎസ്എന്‍എല്‍ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി അതിജീവിക്കണമെങ്കില്‍ അടുത്ത അഞ്ച് കൊല്ലത്തിനുള്ളില്‍ അരലക്ഷം കോടിയുടെ വികസന പ്രവര്‍ത്തനങ്ങളെങ്കിലും നടത്തേണ്ടി വരും. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്തി നടപടിയെടുക്കേണ്ടതായും വരും. സര്‍ക്കാരിനു മുന്നില്‍ ഇതൊരു വലിയ വെല്ലുവിളിയാണ്. പത്തു ലക്ഷത്തിലേറെ ജീവനക്കാരാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനങ്ങളിലൊന്നായ ബിഎസ്എന്‍എല്ലിനുള്ളത്. വന്‍ സാമ്പത്തിക നഷ്ടത്തിലായ കമ്പനി ഇപ്പോള്‍ ശമ്പളം നല്കാന് പോലും സര്‍ക്കാരിനെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. ഇതിനിടയില്‍ ഉപഭോക്താക്കള്‍ വന്‍ തോതില്‍ ബിഎസഎന്്എല്ലിനെ കയ്യൊഴിയുന്നത് ഈ സ്ഥാപനത്തിന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കും.
വര്‍ഷങ്ങളായി തുടരുന്ന ആസൂത്രിത നീക്കമാണ് ഈ സ്ഥാപനത്തെ ഇന്നത്തെ പരിതാപകരമായ നിലയിലെത്തിച്ചത്. ആത്മാര്‍ത്ഥതയുള്ള ചില ജീവനക്കാര്‍ ഇക്കാര്യങ്ങള്‍ പലവട്ടം ചൂണ്ടിക്കാണിച്ചിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായിട്ടില്ല.
ടി.എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: