അഞ്ചല്‍: സ്റ്റാര്‍ സിംഗറായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സമ്മാനമായി ലഭിച്ച ഫ്ലാറ്റ് സ്വന്തമാക്കാനാകാതെ വിഷമിക്കുകയാണ് ഗായകന് ആദര്‍ശ്. 2010-2011 ഏഷ്യാനെറ്റ് മഞ്ച് സ്റ്റാര്‍ സിംഗറിലെ ആദ്യസീസണ്‍ മത്സരത്തിലെ വിജയിയായിരുന്നു മാസ്റ്റര്‍ ആദര്‍ശ്. തിരുവനന്തപുരം പുളിയറക്കോണത്ത് നടന്ന ഓഡിഷന് ടെസ്റ്റ് മുതലുള്ള എല്ലാ മത്സരങ്ങളിലും പുറത്താകാതെ ആദര്‍ശ് നടത്തിയ മുന്നേറ്റം സംഗീത പ്രേമികളില്‍ അത്ഭുതം സൃഷ്ടിച്ചിരുന്നു.
വിധികര്‍ത്താക്കളായ ഗായിക സുജാത ഉള്‍പ്പെടെയുള്ളവര്‍ മുക്തകണ്ഠം പ്രശംസിച്ച ആദര്‍ശിന് മൂന്നു വര്‍ഷം കഴിഞ്ഞിട്ടും ഒന്നാം സമ്മാനമായി ലഭിച്ച ഫ്ലാറ്റ് സ്വന്തമാക്കാനാകാതെ വിഷമിക്കുകയാണ്. ഫ്ലെയര്‍ അലയന്‍സ് സ്പോണ്സര് ചെയ്ത അന്‍പത് ലക്ഷം രൂപ വിലയുള്ള ഫ്ലാറ്റാണ് ഒന്നാം സമ്മാനമായി ലഭിച്ചത്.
കാക്കനാട് ഇന്‍ഫോ പാര്ക്കിന് സമീപം ഫ്ലാറ്റ് ലഭിച്ചെങ്കിലും ആഡംബര നികുതി ഇനത്തില്‍ എട്ട് ലക്ഷം രൂപ നികുതിയടച്ചാല്‍ മാത്രമേ ആദര്‍ശിന് ഫ്ലാറ്റ് സ്വന്തമാക്കാനാകു. എന്നാല്‍ നികുതിയടയ്ക്കാനുള്ള പണമില്ലാത്തതിനാല്‍ ഫ്ലാറ്റിനെക്കുറിച്ചുള്ള ചിന്തയേ ഉപേക്ഷിച്ചിരിക്കുകയാണ് ആദര്‍ശ്.
റിയാലിറ്റിഷോകളില്‍ പങ്കെടുത്ത് വിജയിക്കുന്ന സാധാരണക്കാര്‍ക്ക് ഇത്തരം സമ്മാനങ്ങള്‍ പണമില്ലാത്തതിന്റെ പേരില്‍ സ്വന്തമാക്കാനാകാത്തത് ഇതാദ്യമല്ല. എന്നാലും വന്‍ സമ്മാനങ്ങള്‍ വാഗ്ദാനം നല്കി വാങ്ങാനാളില്ലാതെ വരുമ്പോഴും നേട്ടം കൊയ്യാനാകുമെന്നതാണ് ചാനലുകാരും സ്പോണ്‍സറുമാരും ഉദ്ദേശിക്കുന്ന റിയാലിറ്റി. സിനിമയില്‍ പാടാന്‍ അവസരം ഉണ്ടാക്കുമെന്ന മുന്‍മന്ത്രി ഗണേഷ് കുമാറിന്റെ വാഗ്ദാനവും കാറ്റില്‍ ലയിച്ചതില്‍ ദുഃഖിതനാണ് ഈ കൊച്ചുഗായകന്.
സജീഷ് വടമണ്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: