ചങ്ങനാശ്ശേരി : പാഠപുസ്തകവിതരണം കെബിപിഎസ്സിനെ ഏല്പിച്ചത് കരാര്‍ വ്യവസ്ഥകള്‍ ഇല്ലാതെയെന്ന് സൂചന. നിരക്ക് ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ സംബന്ധിച്ച് യാതൊരു കരാറും കെബിപിഎസ്സും പാഠപുസ്തക ഓഫീസും തമ്മില്‍ ഇല്ല. അച്ചടി ജോലികള്‍ പോലും സ്വകാര്യ പ്രസ്സുകള്‍ക്ക് മറിച്ച് നല്‍കുകയും കരാര്‍ തൊഴിലാളികളെ ഉപയോഗിച്ചും പ്രവര്‍ത്തിക്കുന്ന കെബിപിഎസ്സിനെ വിതരണ ചുമതല കൂടി ഏല്പിച്ചതും ദുരൂഹമാണ്. എന്നാല്‍ വിതരണത്തിന് യാതൊരു സംവിധാനവുമില്ലാത്തെ കെബിപിഎസ്സില്‍ 2010-11 ലും 2012-13 ലും തപാല്‍ വകുപ്പിനെയും 2011-12 ലും 2013-14 ലും സ്വകാര്യ കൊറിയര്‍ കാരെയും വിതരണ ചുമതല ഏല്പിക്കുകയായിരുന്നു. വിതരണത്തിന് ചെലവായ ട്രാന്സ്പോര്ട്ടേഷന് ചാര്‍ജ്ജ് മാത്രം നല്‍കാനാണ് സര്‍ക്കാര്‍ ഉത്തരവില്‍ അനുവാദമുള്ളത്. എന്നാല്‍ 2010-11 ല്‍ 83.96 ലക്ഷം രൂപ കെബിപിഎസ്സിന് നിയമവിരുദ്ധമായി സര്‍വ്വീസ് ചാര്‍ജ്ജ് ആയി നല്കി. പൊതുവിദ്യാഭ്യാസ വകുപ്പിലെ പാഠപുസ്തക വിഭാഗത്തിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 34 ഡിപ്പോകളോടും ചേര്‍ന്ന് ഗോഡൗണുകള്‍ ഉണ്ട്. എന്നാല്‍ 2010-11 ല്‍ ഈ ഗോഡൗണുകള്‍ ഉപയോഗിക്കാതെ കെബിപിഎസ് സ്വകാര്യഗോഡൗണുകള് വാടകയ്ക്ക് എടുത്താണ് പാഠപുസ്തകങ്ങള്‍ വിതരണം നടത്തിയത്. ഗോഡൗണുകളുടെ വാടകയിനത്തില്‍ 44.73 ലക്ഷം രൂപ സ്വകാര്യവ്യക്തികള്‍ക്ക് നല്‍കിയും പൊതുഖജനാവ് ദുര്‍വ്യയം ചെയ്തു.
പാഠപുസ്തകവിഭാഗം ഒരു കൊമേഴ്സ്യല്‍ ഡിപ്പാര്‍ട്ട്മെന്റാണ്. ഓരോ വര്‍ഷത്തെയും ഇടപാടുകളുടെ വിലവിവരക്കണക്കുകളുടെ അടിസ്ഥാനത്തിലുള്ള പെര്ഫോര്മ അക്കൗണ്ട് എഴുതി സൂക്ഷിക്കേണ്ടതാണ്. 2010-11 മുതല്‍ ഇത്തരത്തിലുള്ള പെര്ഫോര്മ അക്കൗണ്ട് തയ്യാറാക്കിയിട്ടില്ല. ക്രമക്കേടുകള്‍ വെളിച്ചത്തുവരാതിരിക്കാന്‍ വേണ്ടിയാണ് പെര്ഫോര്മ അക്കൗണ്ട് തയ്യാറാക്കാത്തതെന്ന് ആക്ഷേപമുണ്ട്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ജില്ലാ ഗോഡൗണുകളില്‍ സൂക്ഷിക്കേണ്ട ബഫര്‍ സ്റ്റോക്ക് കാണാതായി. 2009 ഡിസംബര്‍ 15 ലെ ഉത്തരവ് പ്രകാരം പാഠപുസ്തകവിഭാഗത്തിന്റെ ജില്ലാതല ഓഫീസുകളുടെ കീഴിലാണ് ബഫര്‍ സ്റ്റോക്ക് സൂക്ഷിക്കേണ്ടത്. പാഠപുസ്തക മേഖല കെബിപിഎസ് കുത്തകയാക്കിയതോടെ പൊതുവിദ്യാഭ്യാസ ഡയക്ടറുടെ കീഴിലുള്ള പാഠപുസ്തക വിഭാഗത്തിന് യാതൊരു ജോലിയുമില്ലാതായി. ആധുനിക അച്ചടി സംവിധാനങ്ങളോടെ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ആരംഭിച്ച കേരള സ്റ്റേറ്റ് ഓഡിയോ വിഷ്വല്‍ ആന്റ് റിപ്രോഗ്രാഫിക് സെന്ററില്‍ ജോലിയില്ലാതെ അറുനൂറോളം ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കേണ്ട അവസ്ഥയാണ്. ഇതെല്ലാം നടക്കുന്നത് വിദ്യാഭ്യാസ മന്ത്രിയുടെയും വിദ്യാഭ്യാസ വകുപ്പ് ഓഫീസിന്റെയും അറിവോടെയാണെന്നും ആരോപണമുയരുന്നുണ്ട്.
എസ്. സജികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: