ജയ്പൂര്‍: രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നരേന്ദ്രമോദിയുടെ സാന്നിദ്ധ്യം കൊണ്ട് മുസ്ലിം വോട്ടുകളെ ബിജെപിയിലേക്ക് ആകര്‍ഷിക്കാന്‍ സാധിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും അധികാരം തിരിച്ചു പിടിക്കാന്‍ മുസ്ലിങ്ങള്‍ ബിജെപിയുടെ കൂടെ നിന്നു എന്ന് ചിന്തിക്കുന്നതിനപ്പുറം മോദിയുടെ നേതൃത്വം അംഗീകരിക്കുന്നു എന്നതിന്റെ തെളിവാണിത്. 2008 ല്‍ ബിജെപിക്ക് 7 മുതല്‍ 8 ശതമാനം വരെ മുസ്ലിം വോട്ട് കിട്ടിയപ്പോള്‍ മോദിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ബിജെപിക്ക് ലഭിച്ചത് 25 ശതമാനം മുസ്ലിം വോട്ടുകളാണ്.
വസുന്ധരാ രാജെ സിന്ധ്യയുടെ നേതൃത്വത്തില്‍ ബിജെപി സംസ്ഥാനഭരണം പിടിച്ചെടുത്തപ്പോള്‍ സെമിഫൈനല്‍ എന്ന നിലക്ക് പല വിഭാഗത്തിലെ ജനങ്ങളും താമരയ്ക്കായി വിരലില്‍ മഷിപടര്‍ത്തി. മുസ്ലിം ഭൂരിപക്ഷ നിയോജക മണ്ഡലങ്ങളിലും മറ്റ് മതസ്ഥരായ ബിജെപി സ്ഥാനാര്‍ത്ഥികള്‍ 10,000 ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുന്ന കാഴ്ച്ചയാണ് കാണാന്‍ സാധിച്ചത്. മോദിയുടെ തെരഞ്ഞെടുപ്പ് റാലികളിലും മുസ്ലീം മതവിഭാഗക്കാരുടെ വന്‍ പങ്കാളിത്തം പ്രകടമായിരുന്നു.
ബിജെപി തൊട്ടുകൂടായ്മയുള്ള പാര്‍ട്ടിയാണെന്ന കോണ്‍ഗ്രസിന്റെ വാദം രാജസ്ഥാന് മുസ്ലീങ്ങള്‍ തള്ളി യതിന്റെ തെളിവാണ് അവര്‍ക്ക് ഭൂരിപക്ഷമുള്ള സ്ഥലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച് കയറിയത്. വോട്ടിങ്ങ് ശതമാനത്തിലെ വര്‍ദ്ധനവും ഇത് സൂചിപ്പിക്കുന്നു. ഗോപാല്ഗ്രഹിലെ വിവാദവിഷയത്തില്‍ കോണ്‍ഗ്രസ് കൈക്കൊണ്ട നിലപാടും അവര്‍ക്ക് തിരിച്ചടിയായി. നരേന്ദ്രമോദിയുടെ നേതൃത്വത്തെ യുവ മുസ്ലിം ജനതയും സ്വീകരിച്ചിരിക്കുന്നുവെന്ന് രാജസ്ഥാനിലെ ബിജെപി ന്യൂനപക്ഷ സെല്‍ പ്രസിഡന്റ് അമീന് പത്താന് പറഞ്ഞു.
കമ്മ്യൂണലിസത്തെയും സെക്യൂലറിസത്തെയും പാടെ അവഗണിക്കുന്ന തെരഞ്ഞെടുപ്പായിരുന്നു 2013ലേത്. വിലക്കയറ്റം റെക്കോര്‍ഡ് നിലയില്‍ എത്തിയത് കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടിങ്ങില്‍ പോലും വിള്ളല്‍ വീഴ്ത്തി. അനിയന്ത്രിതമായി ഭക്ഷണസാധനങ്ങള്‍ക്ക് വിലകൂടിയത് സാധാരണക്കാരന്റെ കുടുംബ ബഡ്ജറ്റ് താളം തെറ്റിച്ചു. ജനങ്ങളെ ഈ അവസ്ഥയില്‍ നിന്നും കര കയറ്റാന്‍ മോദിക്ക് സാധിക്കുമെന്ന് എന്‍ജിഒ സംഘടനകള്‍ മുന്‍ സര്‍വ്വേ ചൂണ്ടിക്കാട്ടി പറയുന്നു. രാജസ്ഥാന് യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയില്‍ മുസ്ലീം വിഭാഗക്കാര്‍ ഉള്‍പ്പെടെയുള്ള എംഎ, എംഫില്‍, പിഎച്ച്ഡി വിദ്യാര്‍ത്ഥികള്‍ മോദി പ്രധാനമന്ത്രിയായാല്‍ നിലവിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്.
ചരിത്രത്തില്‍ ഏറ്റവും കുറവ് മുസ്ലിം സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചതും ഈ തെരഞ്ഞെടുപ്പിലാണ് എന്നത് ശ്രദ്ധേയമാണ്. നഗാവൂറില് മത്സരിച്ച ഹബീബൂര്‍ റഹ്മാന്, ദീഡ്വാനയില് മത്സരിച്ച യൂനസ് ഖാന് തുടങ്ങിയവര്‍ ബിജെപി സ്ഥാനാര്‍ത്ഥികളായി മത്സരിച്ച് തിളക്കമാര്‍ന്ന വിജയം നേടിയവരാണ്. അതേസമയം 17 മുതല്‍ 18 മുസ്ലിം സ്ഥാനാര്‍ത്ഥികള്‍ വരെ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് പരാജയപ്പെട്ടു.
ചുരു നിയോജക മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാര്‍ത്ഥിയുടെ മരണത്തെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് ഡിസംബര്‍ 13 ലേക്ക് മാറ്റി വച്ചിരിക്കുകയാണ്. മുസ്ലിം ഭൂരിപക്ഷമുള്ള മണ്ഡലമാണിത്. മോദി തരംഗം രാജസ്ഥാനില്‍ എല്ലാ വിഭാഗക്കാര്‍ക്കിടയിലും പ്രകടമാണെന്ന് വ്യക്തം. നാല് സംസ്ഥാനങ്ങളിലും ബിജെപിക്ക് വിജയം കൈവരിക്കാന്‍ സാധിച്ചത് മോദി തരംഗം എന്ന് കോണ്‍ഗ്രസുകാര്‍ പോലും ഇപ്പോള്‍ സമ്മതിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: