ശബരിമല: സന്നിധാനത്ത് ധൂപചൂര്ണ്ണ സുഗന്ധവുമായി ഗവ. ആയുര്‍വേദ ആശുപത്രിയുടെ ആരോഗ്യപ്രവര്‍ത്തനങ്ങള്‍. കാലാവസ്ഥ മാറുന്നതിനനുസരിച്ച്. സംഭവിക്കുന്ന ആരോഗ്യപരമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും അന്തരീക്ഷത്തെ അണുവിമുക്തമാക്കുന്ന ധൂപചൂര്ണ്ണമാണ് ഇവര്‍ രംഗത്തിറക്കിയിരിക്കുന്നത്.
അപരാജിത ധൂപചൂര്ണ്ണമെന്ന ഇതില്‍ വയമ്പ്, ചെന്ഞ്ചല്ല്യം, ഗുഗുലു മുതലായ നാല്‍പ്പതോളം പച്ചമരുന്നുകള്‍ ചേര്‍ത്താണ് തയ്യാറാക്കിയിരിക്കുന്നത്. തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലുള്‍പ്പെടെ മധ്യകേരളത്തിലെ ക്ഷേത്രങ്ങളില്‍ അത്താഴപൂജയ്ക്ക് ശേഷം തൃപ്പുക എന്ന ചടങ്ങുണ്ട്. ധൂപത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണിത്. വൈകുന്നേരങ്ങളിലാണ് ധൂപചൂര്‍ണ്ണം ഉപയോഗിക്കുന്നത്. കനലിനു മുകളില്‍ വിതറിയ ധൂപം പുകയായി എല്ലായിടത്തും വ്യാപിക്കുന്നതോടെ വായുവില്‍ രോഗാണുക്കളുടെ സാന്നിധ്യം കുറഞ്ഞുവരുന്നു.
സന്നിധാനത്ത് ഗവണ്മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ ധൂപചൂര്ണ്ണത്തിന്റെ പായ്ക്കറ്റുകള്‍ നല്കുന്നു. ഇതിനു പുറമേ വൈകുന്നേരങ്ങളില്‍ സന്നിധാനത്തും പരിസരത്തും ധൂപചൂര്ണ്ണമുപയോഗിച്ച് പുകയ്ക്കാറുണ്ട്. ചാര്‍ജ് മെഡിക്കല്‍ ഓഫീസര്‍ ഡോ. വി വി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരും ജീവനക്കാരുമുള്‍പ്പെടെ ഒന്‍പത് പേരാണ് ആശുപത്രിയില്‍ ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: