കൊച്ചി: കൊച്ചി-മുസ്സിരിസ് ബിനാലെ വീണ്ടും കാണാന്‍ ലോകമെമ്പാടുമുള്ളവര്‍ക്ക് ഗൂഗിള്‍ ആര്‍ട്ട് പ്രൊജക്ട് അവസരമൊരുക്കുന്നു. മ്യൂസിയങ്ങളും സ്ഥിരം പ്രദര്‍ശനങ്ങളുമായി മാത്രം ഇതുവരെ കൈകോര്‍ത്തിരുന്ന ഗൂഗിള്‍ ആര്‍ട്ട് പ്രൊജക്ട് ആദ്യമായി ഡിജിറ്റല്‍ രൂപത്തില്‍ ആര്‍ക്കൈവ് ചെയ്യുന്ന ആദ്യ ബിനാലെയായി കൊച്ചി-മുസ്സിരിസ് ബിനാലെ മാറും.
ലണ്ടനിലെ നാഷണല്‍ ആര്‍ട് ഗ്യാലറിയും വാഷിംഗ്ടണ്‍ ഡിസിയിലെ കളക്ഷന്‍സ് ഓഫ് വൈറ്റ് ഹൗസും ഉള്‍പ്പെടെയുള്ള ലോകത്തെ ശ്രദ്ധേയങ്ങളായ കലാസ്ഥാപനങ്ങളുമായി ചേര്‍ന്ന് ഗൂഗിള്‍ സംഘടിപ്പിക്കുന്ന സംയുക്തസംരംഭമാണ് ഗൂഗിള്‍ ആര്‍ട്ട് പ്രൊജക്ട്.
ഇന്ത്യയിലെ ആദ്യ ബിനാലെയുടെ പ്രധാന പ്രദര്ശനസ്ഥലമായിരുന്ന ആസ്പിന്‍വാള്‍ ഹൗസിനൊപ്പം മറ്റ് 14 പ്രദര്‍ശനശാലകളിലെ കലാരൂപങ്ങളും ഗൂഗിള്‍ ആര്‍ട്ട് പ്രൊജക്ട് പ്രദര്‍ശിപ്പിക്കുന്നുണ്ട്. 2012ല്‍ കണ്ട ബിനാലെ അടുത്ത 20 വര്‍ഷത്തേക്ക് മനസ്സില്‍ തങ്ങിനില്‍ക്കാനുതകുന്ന ഈ സംരംഭം ചരിത്രനേട്ടം തന്നെയാണെന്ന് ക്യൂറേറ്ററായിരുന്ന ബോസ് കൃഷ്ണമാചാരി പറഞ്ഞു. 23 രാജ്യങ്ങളില്‍ നിന്നുള്ള 89 കലാകാരന്മാരായിരുന്നു ആദ്യ ബിനാലെയില്‍ കലാസൃഷ്ടികളുമായെത്തിയത്.
ബിനാലെ പോലുള്ള പ്രദര്‍ശനത്തിന് ഗൂഗിള്‍ ആര്‍ട്ട് പ്രൊജക്ടില്‍ സ്ഥാനം നേടാനാകുകയെന്നത് വലിയൊരു കാര്യമാണെന്നും ഇതിനുമുമ്പുണ്ടായിട്ടില്ലാത്ത ഈ നേട്ടത്തിന്റെ ഭാഗമാകാന്‍ സഹകരിച്ചവര്‍ക്കെല്ലാം അഭിമാന മുഹൂര്‍ത്തമാണെന്നും ബിനാലെ എക്സിക്യൂട്ടീവ് ഡയറക്ടറും ഡിജിറ്റല്‍ ഡെവലപ്മെന്റ് ഇന്‍ ചാര്‍ജുമായ ശ്വേതള്‍ പട്ടേല്‍ പറഞ്ഞു.
വിവരശേഖരണത്തിനും മറ്റുമായി ബിനാലെ വേദികളിലൂടെ വീണ്ടും സഞ്ചരിക്കാനുള്ള അവസരമാണ് കലാസ്വാദകര്‍ക്കും കലാവിദ്യാര്‍ഥികള്‍ക്കും ഗൂഗിള്‍ ആര്‍ട്ട് പ്രൊജക്ട് ഒരുക്കുന്നത്. ദര്‍ബാര്‍ ഹാളും ആസ്പിന്‍വാള്‍ ഹൗസും ഉള്‍പ്പെടെയുള്ള പ്രദര്‍ശന വേദികളില്‍ ഒരാഴ്ചക്കാലം ഉയര്‍ന്ന ഗുണമേന്മയുള്ള ക്യാമറകളുപയോഗിച്ച് 360 ഡിഗ്രിയില്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇതിലുണ്ടാകുക. ഗൂഗിള്‍ ഇന്ത്യയുടെ സഹകരണത്തോടെ കൊച്ചി ബിനാലെ ഫൗണ്ടേഷനും ഗൂഗിള്‍ ആര്‍ട്ട് പ്രൊജക്ടും തമ്മിലുള്ള സംയുക്തസംരംഭമായിരുന്നു ഇത്. ബിനാലെയെ ആഗോളപ്രേക്ഷകരിലെത്തിക്കാന് സഹായകമാകുമെന്ന് ഗൂഗിള്‍ ആര്‍ട്ട് പ്രൊജക്ട് മേധാവി അമിത് സൂദ് ചൂണ്ടിക്കാട്ടി.
വിവിധ മ്യൂസിയങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കാണാന്‍ അവസരമൊരുക്കുന്നതിനൊപ്പം ആസ്വാദകര്‍ക്ക് തങ്ങളുടെ ശേഖരത്തിലേക്ക് ഇഷ്ടമുള്ളവ കൂട്ടിച്ചേര്‍ക്കാനുള്ള സൗകര്യവും ഗൂഗിള്‍ കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒരുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: