കുട്ടികളുടെ അവകാശങ്ങളും മനുഷ്യാവകാശങ്ങളാണ്. ഭരണഘടനാപ്രകാരം അത് മൗലികാവകാശങ്ങളുമാണ്. സുരക്ഷ, ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, ചൂഷണരഹിത ജീവിതം എന്നിവയ്ക്കുള്ള അവകാശം, സുരക്ഷിതത്വത്തിനുള്ള അവകാശങ്ങള്‍ക്ക് പുറമെ ജീവിക്കാനുള്ള അവകാശം, സ്വന്തം കാഴ്ചപ്പാടുകള്‍ വ്യക്തമാക്കാനും സ്വതന്ത്രമായി ചിന്തിക്കാനും സ്വമനഃസാക്ഷിക്കനുസരിച്ച് പെരുമാറാനും മതവിശ്വാസത്തിനും കുട്ടികള്‍ക്ക് അവകാശമുണ്ട്. മാതാപിതാക്കള്‍ അവര്‍ക്ക് ആവശ്യമായ ജീവിത സാഹചര്യം ഉറപ്പാക്കുകയും പഠിക്കാനും കളിക്കാനും വിനോദത്തിനുമുള്ള അവകാശങ്ങളെ അംഗീകരിക്കുകയും വേണം. ചൂഷണ-അവഗണനാ വിമുക്ത ജീവിതാവകാശത്തിന് പുറമെ സാമ്പത്തിക സാമൂഹിക സാംസ്ക്കാരിക അവകാശങ്ങളും കുട്ടികള്‍ക്കുണ്ട്. ഭക്ഷണം, വെള്ളം, വീട് എന്നിവയ്ക്കും ജോലിചെയ്യാനുമുള്ള അവകാശം, ജോലിസ്ഥലത്തുള്ള അവകാശം എന്നിവ വേറെയും.
സഞ്ചാരസ്വാതന്ത്ര്യം, ചിന്താസ്വാതന്ത്ര്യം, ഭയവിമുക്തജീവിതം, സ്വന്തം ശരീരത്തിനുമേലുള്ള അധികാരം മുതലായവയും കുട്ടികള്‍ക്കുണ്ട്. വധശിക്ഷ അവര്‍ക്ക് നല്കുകയില്ല. ഇതെല്ലാം ഉറപ്പാക്കാന്‍ CRY (Child Right And You) എന്ന സംഘടനയുമുണ്ട്. ജീവിക്കാനും വളരാനും പോഷകാഹാരത്തിനും വിദ്യാഭ്യാസത്തിനും എല്ലാമുള്ള അവരുടെ അവകാശങ്ങള്‍ മൗലികാവകാശങ്ങളാണ്.
കുട്ടികളെ സംബന്ധിച്ചിടത്തോളം ഈ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതല്ലേ. ഇന്ത്യയില്‍ 440 ദശലക്ഷം കുട്ടികളുണ്ട്. ലോകബാലജനസംഖ്യയുടെ 49 ശതമാനമാണിത്. ഇവരില്‍ 83 ശതമാനവും ലൈംഗികമായോ ശാരീരികമായോ മാനസികമായോ പീഡിപ്പിക്കപ്പെടുന്നുണ്ട്. കേരളത്തിലും 55 ശതമാനം കുട്ടികള്‍ പീഡനവിധേയരാണ്.
കേരളം സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികളോട് അവരെ കേരളത്തിലേക്കാകര്‍ഷിക്കുന്നത് എന്താണ് എന്ന് ചോദിച്ചാല്‍ ഉത്തരം കേരളത്തിന്റെ പ്രകൃതിഭംഗി, പച്ചനിറമുള്ള വനങ്ങളും മലകളും കുന്നുകളും നീലത്തടാകങ്ങളും വെള്ളിനീരൊഴുകുന്ന നദികളും, പിന്നെ മലയാളികളുടെ ദേഹശുചിത്വം (പാരിസ്ഥിതികം എന്ന് പറയാനാകില്ലല്ലോ), ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവും രാഷ്ട്രീയ അവബോധവും (മലയാളികളെപ്പോലെ ഇത്രയധികം പത്രം വായിക്കുന്നവരെ അവര്‍ മറ്റ് സംസ്ഥാനങ്ങളില്‍ കണ്ടിട്ടില്ല), നല്ല പെരുമാറ്റം എന്നൊക്കെയാവും മറുപടി. മറ്റൊരു പ്രധാന ആകര്‍ഷണം കേരളത്തിന്റെ ഭക്ഷണരീതികളാണ്. ഇഡ്ഡലി, ദോശ, ഇടിയപ്പം, അപ്പം മുതലായ മസാലരഹിതമായ പലഹാരങ്ങളാണ് ആഗോളതലത്തില്‍തന്നെ കേരളത്തെ ലോകത്തെ ഏറ്റവും വലിയ പ്രഭാതഭക്ഷണകേന്ദ്രം (Best breakfast destination) ആക്കി മാറ്റുന്നത്. കേരളത്തിലെ ഹൗസ്ബോട്ടില്‍ സഞ്ചരിച്ച് തീരവാസികളായ നാട്ടുകാരെയും കുട്ടനാടന്‍ കര്‍ഷകരെയും പരിചയപ്പെടുന്നതും വിദേശ വിനോദസഞ്ചാരികള്‍ക്ക് ഹരമാണ്.
കേരളത്തിലെ വര്‍ക്കല, കോവളം, കോഴിക്കോട് ബീച്ചുകളും വിനോദസഞ്ചാരികളുടെ പറുദീസയാണ്. കോവളത്ത് നീന്തല്‍വസ്ത്രം മാത്രം ധരിച്ച് വെയില് ആസ്വദിക്കുന്ന വിദേശദമ്പതികളെ ധാരാളമായി കാണാം. വര്‍ക്കലയില്‍ അവര്‍ മത്സ്യബന്ധന തൊഴിലാളി കുടുംബങ്ങളില്‍ താമസിച്ച് അവരുമായി ഇടപഴകുന്നതിനെപ്പറ്റി ഞാന്‍ ഒരിക്കല്‍ എഴുതിയിട്ടുണ്ട്. കേരളത്തില്‍ ബിവറേജസ് കോര്പ്പറേഷന് കഴിഞ്ഞാല്‍ പിന്നെ ഏറ്റവുമധികം റവന്യൂ വരുമാനം തരുന്ന മേഖലയും വിനോദസഞ്ചാരമാണ്. ഇന്ന് പരിസ്ഥിതിയെ നശിപ്പിച്ചും ടൂറിസം റിസോര്‍ട്ടുകള്‍ പെരുകുന്നതിന് കാരണം വര്‍ധിച്ചുവരുന്ന വിനോദസഞ്ചാരികളാണ്.
പക്ഷെ ഇതിനെല്ലാം അപ്പുറം കേരളത്തിലെ വിനോദസഞ്ചാരത്തിന് മറ്റൊരു തലമുണ്ട്; ബാല ലൈംഗികപീഡനം. കേരളം ഇന്ന് ഒരു ‘പെഡോഫില്‍ ഡെസ്റ്റിനേഷന്‍’ കൂടിയാണ്. 83 ശതമാനം കുട്ടികളും ലൈംഗികമായും ശാരീരികമായും മാനസികമായും ഇന്ത്യയില്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ കേരളത്തില്‍ അത് 55 ശതമാനമാണ്. ഈ പീഡിപ്പിക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും ആണ്‍കുട്ടികളാണ് എന്നതാണ് പ്രത്യേകത. സാധാരണ പീഡനം എന്നാല്‍ സ്ത്രീപീഡനം എന്നാണെങ്കില്‍ കൗമാരപീഡനം എന്നാല്‍ ബാലപീഡനമാണ്. കേരളത്തില്‍ എത്തുന്ന വിദേശസഞ്ചാരികള്‍ പുറപ്പെടുന്നതിന് മുമ്പ് ട്രാവല്‍ ഏജന്റുമാരോട് ബാലന്മാരെ ലൈംഗിക ഉപയോഗത്തിന് ലഭിക്കുമോ എന്ന് ചോദിച്ചിരുന്നതായി തലസ്ഥാനത്തെ ഒരു ട്രാവല്‍ ഏജന്റ് എന്നോട് പറഞ്ഞിട്ടുണ്ട്. ‘ഇന്ത്യന്‍ എക്സ്പ്രസി’ല്‍ ടൂറിസത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നപ്പോഴാണ് ഈ വിവരം ലഭിച്ചത്.
കഴിഞ്ഞ ആഴ്ച എറണാകുളത്ത് ശിശുസംരക്ഷണ കമ്മീഷന് ടൂറിസത്തിലെ ശൈശവാവകാശങ്ങള് എന്ന വിഷയത്തില്‍ ഒരു സെമിനാര്‍ സംഘടിപ്പിക്കുകയുണ്ടായി. കമ്മീഷന് ചെയര്‍പേഴ്സണ്‍ നീല ഗംഗാധരന് ഐഎഎസ് പറഞ്ഞത് ഭരണഘടന കുട്ടികളെ പീഡനവിമുക്തരാക്കി വളരാന്‍ സാഹചര്യം ഒരുക്കുകയും പ്രത്യേകിച്ച് അനുഛേദം 32, 34, 35 പ്രകാരം കുട്ടികളെ ലൈംഗികചൂഷണത്തില്നിന്നും കടത്തിക്കൊണ്ടുപോകുന്നതില്നിന്നും സംരക്ഷണം നല്‍കണമെന്ന് അനുശാസിക്കുന്നുവെന്നുമാണ്. ഇന്ത്യയും ‘കണ്വെന്ഷന് ഓഫ് ചെയില്‍ഡ് റൈറ്റ്സ്’ (സിആര്‍സി) എന്നതില്‍ ഒപ്പുവെച്ചിട്ടുണ്ട്. വിനോദസഞ്ചാരം ബാലലൈംഗിക ചൂഷണത്തിന് വഴിവെക്കുകയും കുട്ടികളുമായി ലൈംഗികബന്ധം പുലര്‍ത്താനുള്ള ആഗ്രഹം വര്‍ധിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ഇപ്പോള്‍ വേള്‍ഡ് ടൂറിസം നെറ്റ്വര്‍ക്ക് വിനോദസഞ്ചാര മേഖലയില്‍ കുട്ടികളുടെ ലൈംഗികചൂഷണത്തിനെതിരെ നിയമം രൂപീകരിച്ചിട്ടുണ്ട്. കേരള ടൂറിസം പോളിസി 2012 പ്രകാരം ഇത് അവസാനിപ്പിക്കാന്‍ ഒരു ടാസ്ക് ഫോഴ്സും രൂപീകരിച്ചിട്ടുണ്ട്. നിയമത്തിന്റെ അഭാവമല്ല, അത് പ്രയോഗത്തില്‍ വരുത്താത്തതാണ് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നത്.
വിനോദസഞ്ചാരികള്‍ക്ക് ഇക്കാലത്ത് ആണ്‍കുട്ടികളെ ലഭിക്കുക എളുപ്പമാണ്. പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുകയാണെങ്കില്‍ നേരിടേണ്ടിവരുന്ന കളങ്കം ആണ്‍കുട്ടികള്‍ക്ക് അനുഭവിക്കേണ്ടിവരുന്നില്ല എന്നതും ഇതില്‍ ഒരു പ്രധാന ഘടകമാണ്. ലൈംഗികബന്ധത്തില്കൂടി ലഭ്യമാകുന്ന വന്‍തുകയും കുട്ടികളെ വഴിതെറ്റിക്കുന്നു.
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സുരക്ഷിതത്വമില്ലെന്ന് കേഴുമ്പോള്‍ ആണ്‍കുട്ടികളും ലൈംഗികചൂഷണത്തിന് വിധേയരാകുന്നു എന്ന വസ്തുത വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ട്. കൗമാരക്കാരായ ഇവരുടെ സ്വഭാവരൂപീകരണത്തെ ഇത് ബാധിക്കുമെന്നതിനാല്‍ പ്രത്യേക പരിഗണന നല്‍കേണ്ടതാണ്. ഇത്തരം പീഡനങ്ങള്‍ കുട്ടികളെ ഭാവിയില്‍ ലൈംഗികവൈകൃതങ്ങളില്‍ തല്പരരാക്കുമ്പോള് ആരോഗ്യകരമായ വൈവാഹിക ജീവിതം പോലും നഷ്ടമാകുന്നു.
നീല ഗംഗാധരന് വിളിച്ചുകൂട്ടിയ സെമിനാറില്‍ ഗോവ, മുംബൈ മുതലായ സംസ്ഥാനങ്ങളില്‍നിന്നും പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. ഗോവയില്‍ 14.6 ലക്ഷം വിനോദസഞ്ചാരികളെത്തുന്നു. അവിടെ സന്ദര്‍ശകരില്‍നിന്നുള്ള ലൈംഗികപീഡനം വളരെ കൂടുതലാണ്. അതിനാല്‍ ഗോവ ചില്‍ഡ്രന്‍സ് ആക്ട് പാസാക്കിയിട്ടുണ്ട്. ഗോവയില്‍നിന്നാണ് ഫ്രെഡി പീറ്റ്സ് എന്ന സായിപ്പിനെ ബാലലൈംഗിക ചൂഷണത്തിന് അറസ്റ്റ് ചെയ്തത്.
രണ്ട് ദശലക്ഷം കുട്ടികള്‍ വിനോദസഞ്ചാര മേഖലയില്‍ ലൈംഗികചൂഷണത്തിന് വിധേയരാകുന്നുവെന്നാണ് ഒരു കണക്ക്. വിനോദസഞ്ചാരം വികസിക്കുന്ന കേരളത്തിന് ഇത് ഒരു മുന്നറിയിപ്പാണ്. കേരളം പൂര്‍ണ സാക്ഷരത നേടിയ മാതൃകാ സംസ്ഥാനമാണ്. പക്ഷെ വിനോദഞ്ചാരികളുടെ കടന്നുകയറ്റം ഇവിടത്തെ സംസ്കാരത്തെയും മലിനമാക്കുന്നു. കോവളത്ത് ലൈംഗികവിധേയയായ ഒരു ബാലികയെ സുഗതകുമാരി രക്ഷിച്ച് ‘അഭയ’യിലെത്തിച്ച് പഠിപ്പിച്ച് ഉദ്യോഗസ്ഥയാക്കിയിരുന്നു. ഇടുക്കിയില്‍ കഞ്ചാവ് അന്വേഷിച്ച് ചെല്ലുന്ന വിദേശസഞ്ചാരികള്‍ അവിടത്തെ ബാലികാ-ബാലന്മാരെ ലൈംഗികചൂഷണത്തിന് വിധേയരാക്കുന്നുണ്ട്. ഒരിക്കല്‍ ഇടുക്കി സന്ദര്‍ശിക്കവെ അവിടെ ഇംഗ്ലീഷും ഫ്രഞ്ചും ജര്‍മ്മനും എല്ലാം സംസാരിക്കുന്ന കുട്ടികളെ ഞാന്‍ കണ്ടു! ദീര്‍ഘകാല ഇടപഴകലില്ക്കൂടി മാത്രം ലഭ്യമാകുന്ന ഒരു കഴിവാണിത്.
കേരളം വിനോദസഞ്ചാരം വികസിപ്പിക്കാന്‍ കിണഞ്ഞ് ശ്രമിക്കുമ്പോള്‍ അതോടൊപ്പം കടന്നുവരുന്ന ഈ ബാലലൈംഗിക ചൂഷണത്തില്‍നിന്നും കുട്ടികളെ സംരക്ഷിക്കാന്‍ നിയമം രൂപീകരിക്കുകയും ജാഗ്രത പുലര്‍ത്തുകയും ചെയ്യണം. ഇവിടുത്തെ ഹോംസ്റ്റേകളില്‍ പോലും ബാലന്മാര് ലൈംഗികചൂഷണത്തിന് വിധേയരാകുന്നു. ബാലന്മാര് ഹോട്ടലുകളിലും ലോഡ്ജുകളിലും ഹോംസ്റ്റേകളിലും എത്തുന്നത് ബന്ധപ്പെട്ട അധികാരികളില്‍ സംശയം ഉണര്‍ത്തുന്നില്ല.
ബാലപീഡനം അണുബാധ പോലെ പടരുന്ന ഒരു അധോലോക വ്യവസായമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, കുട്ടികള്‍ പഠനം ഉപേക്ഷിച്ച് അസന്മാര്ഗിക പണസമ്പാദനത്തിലേക്ക് തിരിയുന്നു. ഈ സാഹചര്യത്തില്‍ കേരളത്തിന്റെ ഭാവിപൗരന്മാരുടെ ശാരീരിക-മാനസിക സുരക്ഷിതത്വത്തിനുവേണ്ടി കേരളം ജാഗ്രത പുലര്‍ത്തേണ്ടതാണ്. ഗോവ പോലെ ഇവിടെയും നിയമനിര്‍മ്മാണം ആവശ്യമാണ്.
e-mail: [email protected]
ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: