കോട്ടയം: സ്കൂള്‍ പാഠപുസ്തക അച്ചടി, വിതരണം എന്നിവയില്‍ വന്‍ അഴിമതി നടക്കുന്നതായി ആരോപണമുയരുന്നു. ഒക്ടോബര്‍ 20നകം രണ്ടാംഘട്ട പാഠപുസ്തകവിതരണം പൂര്‍ത്തിയാക്കാനാണ് സംസ്ഥാന ടെക്സ്റ്റ് ബുക്ക് ഓഫീസര്‍ പാഠപുസ്തകവിതരണത്തിന്റെ ചുമതലയുള്ള കെബിപിഎസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇതുവരെ പാഠപുസ്തകത്തിന്റെ അച്ചടിപോലും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.
ഒന്ന് മുതല്‍ നാലുവരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങള്‍ അച്ചടിക്കുന്നത് 76 സെ.മീ മാപ്പ്ലിത്തോ പേപ്പര്‍ ഉപയോഗിച്ചാണ്. ഒരു വര്‍ഷം ശരാശരി 800 ടണ്‍ പേപ്പര്‍ മാത്രമാണ് ഈ പുസ്തകങ്ങള്‍ അച്ചടിക്കാന്‍ വേണ്ടത്. എന്നാല്‍ 2010-11ല്‍ 1750 ടണ്ണും, 2011-12ല്‍ 1128 ടണ്ണും 2012-13ല്‍ 1285 ടണ്ണും പേപ്പര്‍ വാങ്ങിയതായാണ് ഔദ്യോഗിക കണക്ക്. 2010-11ല്‍ 703 ടണ്ണും, 2011-12ല്‍ 797 ടണ്‍ പേപ്പറും, 2012-13ല്‍ 657 ടണ്‍ പേപ്പറുമാണ് ഉപയോഗിച്ചിട്ടുള്ളത്. മൂന്നുവര്‍ഷങ്ങളിലുമായി 2159 ടണ്‍ പേപ്പര്‍ മാത്രമാണ് ഉപയോഗിച്ചിട്ടുള്ളതെന്ന് വിവരാവകാശപ്രകാരം ലഭിച്ച രേഖകളില്‍ വ്യക്തമാകുന്നു.
എന്നാല്‍ വാങ്ങിയതാവട്ടെ 4163 ടണ്‍ പേപ്പറാണ്. ഏകദേശം പത്തുകോടിയിലധികം വിലവരുന്ന 2006 ടണ്‍ പേപ്പറാണ് ഈ കാലയളവില്‍ അധികമായി വാങ്ങിക്കൂട്ടിയത്. ഈ പേപ്പര്‍ സൂക്ഷിക്കുന്നതിന് കെബിപിഎസ് ലക്ഷക്കണക്കിനു രൂപ പ്രതിവര്‍ഷം വാടയിനത്തില്‍ ചെലവഴിക്കുകയാണ്. 12,380 സ്കൂളുകളിലേക്ക് ആദ്യഘട്ടത്തില്‍ 2.02 കോടി പുസ്തങ്ങളാണ് വിതരണം ചെയ്യേണ്ടത്. അധ്യയനവര്‍ഷം ആരംഭിക്കുമ്പോള്‍ ഔദ്യോഗിക കണക്ക് പ്രകാരം പകുതി ജില്ലകളിലും അമ്പത് ശതമാനത്തില്‍ താഴെമാത്രമാണ് പുസ്തക വിതരണം നടത്തിയിട്ടുള്ളത്.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേപ്പര്‍ ഉപയോഗിച്ച് കെബിപിഎസ്, പ്ലസ് വണ്‍, പ്ലസ് ടു പാഠപുസ്തകങ്ങള്‍ അച്ചടിച്ചു. ഇതുമൂലം സര്‍ക്കാരിന് രണ്ടു കോടിരൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. ഇത്തരത്തില്‍ കെബിപിഎസ് ഉപയോഗിച്ച പേപ്പറോ അതിന്റെ വിലയോ സര്‍ക്കാരിലേക്ക് ഇതുവരെയും നല്‍കിയിട്ടില്ല. ഈ പുസ്തങ്ങള്‍ വിറ്റുകിട്ടിയ പണം കെബിപിഎസ് നേരിട്ട് കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്. പേപ്പര്‍ വേസ്റ്റേജ് ഇനത്തില്‍ സര്‍ക്കാരിലേക്ക് തിരിച്ചടക്കേണ്ടതില് കെബിപിഎസ് ഗുരുതരമായ വീഴ്ചവരുത്തി. പാഠപുസ്തക അച്ചടിയിലുണ്ടാകുന്ന പേപ്പര്‍ വേസ്റ്റേജിന്റെ വിലയുടെ 25 ശതമാനം സര്‍ക്കാര്‍ ഖജനാവിലേക്ക് തിരിച്ച് അടയ്ക്കേണ്ടതാണ്. എന്നാല്‍ 2006-2007 മുതല്‍ ഈ ഇനത്തില്‍ ഒരു രൂപപോലും സര്‍ക്കാരിലേക്ക് തിരിച്ചടച്ചിട്ടില്ല.
പാഠപുസ്തക അച്ചടിക്കായി നല്കുന്ന പേപ്പറിന്റെ 8 ശതമാനം വേസ്റ്റേജ് ഇനത്തില്‍ കെബിപിഎസിന് സൗജന്യം നല്‍കുന്നുണ്ട്. പ്രതിവര്‍ഷം വിവിധ ഇനത്തിലുള്ള പതിനായിരം ടണ്‍ പേപ്പറാണ് കെബിപിഎസിന് നല്‍കുന്നത്. ഇതില്‍ അഞ്ചുകോടി രൂപാ വിലവരുന്ന 800 ടണ്‍ പേപ്പര്‍ കെബിപിഎസിന് സൗജന്യമായി ലഭിക്കുന്നു. 2006-2007 വര്‍ഷം മുതല്‍ പേപ്പറിന്റെ ഉപഭോഗപരിശോധന നടത്തിയിട്ടില്ല. അക്കൗണ്ടന്റ് ജനറലിന്റെ പ്രാഥമിക ഓഡിറ്റിംഗ് റിപ്പോര്‍ട്ടില്‍ ക്രമക്കേട് നടത്തിയതായി കണ്ടെത്തിയ ഉദ്യോഗസ്ഥനെ കെബിപിഎസില്‍ ആറു മാസത്തേക്ക് പുതിയ തസ്തിക സൃഷ്ടിച്ച് നിയമിച്ചതും ഇതിനിടെ വിവാദമായിട്ടുണ്ട്. 2011-12 ലെ മാറുന്ന പത്താംക്ലാസ് പുസ്തകങ്ങള്‍ അധികമായി അച്ചടിച്ച് 1.39 കോടി രൂപയുടെ നഷ്ടം വരുത്തുകയും ചെയ്തു. വെയര്‍ഹൗസ് ഗോഡൗണ്‍ വാടകയ്ക്ക് എടുത്ത ഇനത്തില്‍ 44 ലക്ഷം രൂപ നല്കി. സര്‍വ്വീസ് ചാര്‍ജ്ജ് ഇനത്തില്‍ കെബിപിഎസിന് 83 ലക്ഷം രൂപ അനുവദിച്ചു തുടങ്ങിയവയുടെ ഉത്തരവാദിത്വമാണ് അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഈ കാലയളവിലെ പാഠപുസ്ത ഓഫീസര്‍ക്കെതിരെ കണ്ടെത്തിയിരിക്കുന്നത്.
എസ്. സജികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: