കൊച്ചി: സ്വര്‍ണക്കടത്ത് കേസ് അന്വേഷണം കൂടുതല്‍ സിനിമാതാരങ്ങളിലേക്ക്. മിസ് സൗത്ത് ഇന്ത്യയും നടിയുമായ ശ്രവ്യാ സുധാകരനെ സിബിഐ ഇന്നലെ അറസ്റ്റുചെയ്തു. സ്വര്‍ണക്കടത്തുമായും ഈ കേസിലെ മുഖ്യപ്രതി ഫയാസുമായും ശ്രവ്യക്ക് ബന്ധമുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലാണ് രണ്ട് ദിവസത്തെ ചോദ്യംചെയ്യലിനുശേഷം ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയത്. അന്വേഷണം കൂടുതല്‍ സിനിമാതാരങ്ങളിലേക്ക് വ്യാപിക്കുകയാണെന്ന സൂചനയും സിബിഐ നല്കി.
ഫയാസിനെ തനിക്ക് പരിചയപ്പെടുത്തിയത് നടി മൈഥിലിയാണെന്ന് ശ്രവ്യ സിബിഐക്ക് മൊഴി നല്‍കിയിരുന്നു. മൈഥിലിക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് സിബിഐ നോട്ടീസയക്കും. അമ്മ ഭാരവാഹിയും നടനുമായ ഇടവേള ബാബുവിനെ വീണ്ടും ചോദ്യംചെയ്യാനും സിബിഐ സംഘം ആലോചിക്കുന്നുണ്ട്. എറണാകുളത്തുള്ള മറ്റൊരു പ്രമുഖ നടിയെയും ഇതുമായി ബന്ധപ്പെട്ട് സിബിഐ ചോദ്യംചെയ്തേക്കും. അടുത്തകാലത്ത് വിവാഹമോചിതയായ ഇവര്‍ ഫയാസുമൊത്ത് ഒട്ടേറെ ഗള്‍ഫ് യാത്രകള്‍ നടത്തിയിട്ടുള്ളതായി സിബിഐക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഗള്ഫ്ഷോകളുടെ മറവില്‍ സിനിമാനടിമാരെ ഉപയോഗിച്ച് സ്വര്‍ണക്കടത്ത് നടത്തിയിരുന്നതായാണ് വെളിപ്പെടുന്നത്. മാസത്തില്‍ ഒന്നും രണ്ടും വീതം ഷോകള്‍ ഇത്തരത്തില്‍ സംഘടിപ്പിച്ചിരുന്നു. അതേസമയം ഫയാസുമായി തനിക്ക് പരിചയമുണ്ടെന്നും എന്നാല്‍ ഇയാള്‍ സ്വര്ണക്കള്ളക്കടത്തുകാരനാണെന്ന് അറിയില്ലായിരുന്നുവെന്നും നടി മൈഥിലി ജന്മഭൂമിയോട് പറഞ്ഞു.
ശ്രവ്യയെ ഫയാസിന് പരിചയപ്പെടുത്തിയത് താനാണ് എന്ന് പറയുന്നത് ശരിയല്ല. ഗള്‍ഫില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണ് എന്ന് പറഞ്ഞാണ് ഫയാസ് പരിചയപ്പെട്ടത്. സ്വന്തമായി സിനിമ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നതായും ഇയാള്‍ പറഞ്ഞിരുന്നു. സ്വര്‍ണക്കടത്ത് സംബന്ധിച്ചോ ഗള്‍ഫ് പ്രോഗ്രാം സംബന്ധിച്ചോ ഒന്നും ഫയാസുമായി സംസാരിച്ചിട്ടില്ല. ശ്രവ്യയെ തനിക്കറിയാം. ഫയാസുമായും ശ്രവ്യയുമായും വര്‍ഷങ്ങളുടെ അടുപ്പമുണ്ട്. എന്നാല്‍ സ്വര്‍ണക്കടത്ത് കേസില്‍ ഇവര്‍ പ്രതികളാണെന്ന് അറിയുന്നത് ഇപ്പോഴാണെന്നും മൈഥിലി പറഞ്ഞു. സിബിഐ ആവശ്യപ്പെട്ടാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായി മൊഴി നല്കാന് തയ്യാറാണെന്നും മൈഥിലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: