കൊച്ചി: എഴുപത്തിരണ്ടാമത് സര്. അശുതോഷ് മുഖര്‍ജി അഖിലേന്ത്യാ അന്തര്‍സര്‍വകലാശാല ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് മൂവാറ്റുപുഴ നിര്‍മല കോളേജില്‍ നടക്കും. ഡിസംബര്‍ 19 മുതല്‍ 31 വരെയാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുക. എക്സൈസ് മന്ത്രി കെ. ബാബു മത്സരം ഉദ്ഘാടനം ചെയ്യും. എംജി സര്‍വ്വകലാശാലയുടെ ആഭിമുഖ്യത്തിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. രണ്ട് ഘട്ടങ്ങളിലായിട്ടാണ്ചാമ്പ്യന്ഷിപ്പ് സംഘടിപ്പിച്ചിരിക്കുന്നത്. 19 മുതല്‍ 24 വരെ ദക്ഷിണേന്ത്യന്‍ അന്തര്‍സര്‍വകലാശാല മത്സരങ്ങള്‍ നടക്കും. 73 ദക്ഷിണേന്ത്യന്‍ സര്‍വകലാശാലകള്‍ പങ്കെടുക്കും.
മൂവാറ്റുപുഴ നിര്‍മല കോളേജ്, വാഴക്കുളം വിശ്വജോതി എഞ്ചിനിയറിംഗ് കോളേജ്, കോലഞ്ചേരി സെന്റ് പീറ്റേഴ്സ്, കടയിരുപ്പ് സെന്റ് പീറ്റേഴ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ടുകളിലായിട്ടാണ് മത്സരങ്ങള്‍ നടക്കുക. അഖിലേന്ത്യ അന്തര്‍മേഖലാ ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ ഡിസംബര്‍ 26 ന് ആരംഭിക്കും. നോര്‍ത്ത്, സൗത്ത്, ഈസ്റ്റ്, വെസ്റ്റ്, മിഡില്‍ എന്നിങ്ങനെ അഞ്ച് മേഖലകളെ പ്രതിനിധീകരിച്ച് 20 ടീമുകള്‍ പങ്കെടുക്കും. മികവ് തെളിയിച്ചിട്ടുള്ള അണ്ണാമല, കേരള, മദ്രാസ്, ചെന്നൈ, എസ്,ആര്,എം, എം.ജി. സത്യഭാമ, കോഴിക്കോട്, ബാംഗ്ലൂര്‍, മൈസൂര്‍ സര്‍വ്വകലാശാലകളുടെ ടീമുകളാണ് പങ്കെടുക്കുന്നത്. 1900 കളിക്കാരും 300 ഒഫിഷ്യലുകളും പങ്കെടുക്കും. 24 ന് നടക്കുന്ന ദക്ഷിണ മേഖല ഫൈനലിന് ശേഷം വൈസ് ചാന്‍സലര്‍ ഡോ.എ.വി.ജോര്‍ജും പ്രൊവൈസ് ചാന്‍സലര്‍ ഡോ.ഷീന ഷുക്കൂറും ട്രോഫികള്‍ വിതരണം ചെയ്യും.
ബെന്നിബഹനാന് എംഎല്‍എ, ജോസഫ് വാഴയ്ക്കന് എംഎല്‍എ, വി.പി. സജീന്ദ്രന് എംഎല്‍എ, പി.ടി തോമസ് എംപി, മാര്‍ ജോര്‍ജ് മഠത്തില്‍കണ്ടത്തില്‍ എന്നിവരാണ് സ്വാഗതസംഘം രക്ഷാധികാരികള്‍. ചാമ്പ്യന്‍ഷിപ്പ് ലോഗോയുടെ പ്രകാശനം ജോസഫ് വാഴയ്ക്കന് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. ബിനു ജോര്‍ജ് വര്‍ഗീസിന് നല്കി നിര്‍വ്വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: