ശബരിമല: ഇന്ത്യയുടെ ചൊവ്വാ ദൗത്യമായ മംഗള്യാന് വിജയിച്ചാല്‍ രാജ്യത്തിന് വലിയ നേട്ടമാകുമെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് ഡോ. കെ രാധാകൃഷ്ണന് പറഞ്ഞു. സെപ്തംബര്‍ 24 ന് മംഗള്യാന് ചൊവ്വാഗ്രഹത്തിന്റെ ഭ്രമണപഥത്തില്‍ എത്തിക്കുന്നതിന് മുമ്പ് പ്രധാനപ്പെട്ട നാല് ഓപ്പറേഷനുകള്‍ ഡിസംബര്‍ 11, ഏപ്രില്‍, ആഗസ്റ്റ്, സെപ്തംബര്‍ രണ്ടാം വാരം എന്നീ സമയങ്ങളില്‍ ഐ എസ് ആര് ഒയ്ക്ക് ചെയ്യാനുണ്ടെന്നും അദ്ദേഹം അറിയിച്ചു. ശബരിമല സന്നിധാനത്ത് ദര്‍ശനം നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഐ എസ് ആര് ഒ ചെയര്മാന്. ബഹിരാകാശ ദൗത്യങ്ങളുടെ കാര്യത്തില്‍ ഓരോ രാജ്യത്തിനും അവരുടേതായ കാഴ്ചപ്പാട് ഉണ്ട്. ഇന്ത്യ അതിന്റെ സ്വന്തം മികവ് വര്‍ദ്ധിപ്പിക്കാനാണ് മത്സരിക്കുന്നതെന്നും മറ്റ് രാജ്യങ്ങളോടല്ലെന്നും ഡോ. കെ.രാധാകൃഷ്ണന് പറഞ്ഞു. 2016 ല്‍ ഇന്ത്യ ചന്ദ്രനിലേക്ക് റോവര്‍ അയയ്ക്കുമെന്ന് അദ്ദേഹം അറിയിച്ചു. ജിഎസ്എല്‍വി ഡി5 ജനുവരി ആദ്യവാരത്തില്‍ പരീക്ഷണ വിക്ഷേപണം നടത്തും. 2020 ഓടെ അമേരിക്കയുമായി സഹകരിച്ച് ഐ എസ് ആര് ഒ സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍ ഘടിപ്പിച്ച ഉപഗ്രഹം അയയ്ക്കുമെന്നും ഡോ.കെ രാധാകൃഷ്ണന് പറഞ്ഞു.
സന്നിധാനവും പരിസരപ്രദേശങ്ങളും മാലിന്യമുക്തമാക്കുന്നതിനുള്ള പുണ്യം പൂങ്കാവനം ശുചീകരണ യജ്ഞത്തില്‍ ഐ എസ് ആര് ഒ ചെയര്മാന് ഡോ. കെ രാധാകൃഷ്ണന് പങ്കെടുത്തു. പോലീസ് സ്പെഷ്യല്‍ ഓഫീസര്‍ പി എന്‍ ഉണ്ണിരാജന്, ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ ബി മോഹന്‍ദാസ്, ഫെസ്റ്റിവല്‍ കണ്ട്രോള് ഓഫീസര്‍ വി എസ് ജയകുമാര്‍, ലെയ്സണ്‍ ഓഫീസര്‍ എന്‍ രാമദാസ് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി ദിവസവും രാവിലെ 9 മുതല്‍ 10 വരെയാണ് ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: