അഡ്ലെയ്ഡ്: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയക്ക് തകര്‍പ്പന്‍ വിജയം. 218 റണ്‍സിനാണ് കംഗാരുക്കള്‍ വിജയം സ്വന്തമാക്കിയത്. രണ്ടാം ഇന്നിംഗ്സില്‍ വിജയിക്കാന്‍ 531 റണ്‍സ് വേണ്ടിയിരുന്ന ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ 312 റണ്‍സിന് എറിഞ്ഞിട്ടതോടെയാണ് മികച്ച വിജയം സ്വന്തമായത്. ആദ്യ ഇന്നിംഗ്സിലെ ഏഴ് വിക്കറ്റ് നേട്ടമടക്കം മത്സരത്തില്‍ എട്ട് വിക്കറ്റ് നേടിയ മിച്ചല്‍ ജോണ്‍സനാണ് മാന്‍ ഓഫ് ദ മാച്ച്. ഇതോടെ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഓസ്ട്രേലിയ 2-0ന് മുന്നിലെത്തി. സ്കോര്‍ ചുരുക്കത്തില്‍: ഓസ്ട്രേലിയ 570ന് 9 ഡി., 132 ന് മൂന്ന് ഡിക്ലയേര്‍ഡ്. ഇംഗ്ലണ്ട് 172, 312.
247ന് ആറ് എന്ന നിലയില്‍ അവസാന ദിവസം ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് എട്ട് റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ വിക്കറ്റ് നഷ്ടമായി. സിഡിലിന്റെ പന്തില്‍ ലിയോണിന് ക്യാച്ച് നല്‍കിയാണ് 29 റണ്‍സെടുത്ത ബ്രോഡ് മടങ്ങിയത്. തുടര്‍ന്ന് വന്ന ഗ്രയിം സ്വാന് ആറ് റണ്‍സിന് പുറത്തായി.
ഹാരിസിന്റെ പന്തില്‍ മൈക്കല്‍ ക്ലാര്‍ക്ക് സ്വാനെ പിടികൂടി. സ്കോര്‍ 8ന് 293. ഇതിനിടെ ഒരറ്റത്ത് ഉറച്ചുനിന്ന് പൊരുതിയ മാറ്റ് പ്രയര്‍ അര്‍ദ്ധ സെഞ്ച്വറി നേടി. 88 പന്തുകളില്‍ നിന്ന് 9 ബൗണ്ടറികളോടെയാണ് പ്രയര്‍ അര്‍ദ്ധസെഞ്ച്വറി തികച്ചത്. എന്നാല്‍ സ്കോര്‍ ബോര്‍ഡില്‍ 301 റണ്‍സുള്ളപ്പോള്‍ ഒമ്പതാം വിക്കറ്റായി മാറ്റ് പ്രയറും മടങ്ങി. 69 റണ്‍സെടുത്ത പ്രയറെ സിഡിലിന്റെ പന്തില്‍ ഹാരിസ് പിടികൂടുകയായിരുന്നു. സ്കോര്‍ 312-ല്‍ എത്തിയപ്പോള്‍ റണ്ണൊന്നുമെടുക്കാതെ നിന്ന പനേസറെ ഹാരിസിന്റെ പന്തില്‍ റോജേഴ്സ് കയ്യിലൊതുക്കിയതോടെ ഇംഗ്ലണ്ടിന്റെ ഇന്നിംഗിസിനും തിരശ്ശീല വീണു. 3 റണ്‍സുമായി ആന്ഡേഴ്സണ് പുറത്താകാതെ നിന്നു. സിഡില്‍ 57 റണ്‍സ് വഴങ്ങി നാലും ഹാരിസ് 54 റണ്‍സ് വിട്ടുകൊടുത്ത് മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.
ആദ്യ ഇന്നിംഗ്സില്‍ ഓസ്ട്രേലിയ മൈക്കല്‍ ക്ലാര്‍ക്കിന്റെയും (148) ബ്രാഡ് ഹാഡിന്റെയും (118) സെഞ്ച്വറിയുടെയും റോജേഴ്സിന്റെയും (72), ഹാരിസ് (55 നോട്ടൗട്ട്), വാട്സണ് (51) മികച്ച ബാറ്റിംഗിന്റെ കരുത്തിലാണ് 570 റണ്‍സെന്ന കൂറ്റന്‍ സ്കോര്‍ നേടിയത്. രണ്ടാം ഇന്നിംഗ്സില്‍ റോജേഴ്സ് 83 റണ്‍സും നേടി. എന്നാല്‍ ഒരൊറ്റ ഇംഗ്ലീഷ് ബാറ്റ്സ്മാനുപോലും സെഞ്ച്വറി നേടാന്‍ കഴിയാതിരുന്നതാണ് അവര്‍ക്ക് കനത്ത തിരിച്ചടിയായത്. ഒന്നാം ഇന്നിംഗ്സില്‍ മൂന്ന് ബാറ്റ്സ്മാന്മാര് മാത്രമാണ് രണ്ടക്കം കടന്നത്. 72 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഇയാന്‍ ബെല്ലാണ് ഒന്നാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിന്റെ ടോപ്സ്കോറര്‍. കാര്‍ബെറി 60ഉം റൂട്ട് 15ഉം റണ്‍സ് നേടിയപ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ 87 റണ്‍സ് നേടിയ ജോ റൂട്ടാണ് ഇംഗ്ലണ്ട് നിരയിലെ ടോപ്സ്കോറര്‍. മൂന്നാം ടെസ്റ്റ് 13ന് ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: