മട്ടാഞ്ചേരി: ഗുജറാത്ത് നര്‍മ്മദയില്‍ സ്ഥാപിക്കുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പൂര്‍ണകായ പ്രതിമ ഭാരതത്തിന്റെ യശസ്സ് ലോകത്തിന് മുന്നില്‍ വാനോളം ഉയര്ത്തുവാനിടവരുത്തുമെന്ന് ഗുജറാത്ത് കാര്‍ഷികമന്ത്രി ബാബുഭായ് ഭോവിരിയ പറഞ്ഞു.
കര്‍ഷക കൂട്ടായ്മയിലൂടെ ഇന്ത്യയുടെ ഐക്യം സാക്ഷാല്‍ക്കരിച്ച പട്ടേലിനുള്ള ആദരവായാണ് ‘ഐക്യത്തിന്റെ പ്രതിമ’ സ്ഥാപിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മട്ടാഞ്ചേരിയില്‍ കൊച്ചിന് ഗുജറാത്തി മഹാജന് ആസ്ഥാനത്ത് നടന്ന ‘സ്റ്റാച്യു ഓഫ് യൂണിറ്റി’ ലക്ഷ്യ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഗുജറാത്ത് കൃഷിമന്ത്രി. ശ്രീകൃഷ്ണനും കൗടില്യനിലൂടെ ചന്ദ്രഗുപ്ത സാമ്രാജ്യവും രൂപീകരിച്ച അഖണ്ഡ ഭാരതസൃഷ്ടിക്ക്, തുടര്‍ന്ന് സ്വതന്ത്ര ഇന്ത്യയില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലാണ് നേതൃത്വം നല്‍കിയത്.
ദീര്‍ഘവീക്ഷണത്തോടെയുള്ള പട്ടേലിന്റെ ശ്രമങ്ങളാണ് അഖണ്ഡ ഭാരത രൂപീകരണം സാധ്യമാക്കിയത്. ഇല്ലെങ്കില്‍ ഒരുപക്ഷേ കേരളമടക്കം പാക്കിസ്ഥാന്റെ ഭാഗമായി മാറുവാന്‍ ഇടയാകുമായിരുന്നു, ഭോവിരിയ പറഞ്ഞു.
പട്ടേലിന്റെ പ്രതിമ സ്ഥാപിക്കുന്ന സംരംഭത്തില്‍ ഓരോ കര്‍ഷകനും ഭാരതീയനും പങ്കാളികളാകണം. ഇതിനായി ഡിസംബര്‍ 15 ന് രാജ്യമെങ്ങും ‘റണ്‍ ഫോര്‍ യൂണിറ്റി’ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. കൃഷിമന്ത്രിക്കൊപ്പം പാര്‍ലമെന്റംഗം ദര്‍ശനബെന്‍, ജര്ഭോഗ്, എംഎല്‍എമാരായ വിഭാവതി ദാവേ, ദേവശ്രീ ചൗഹാന്, ശബ്ദശരണ് തഡ്വി, കേതന്ഭായ് ഇമാന് എന്നിവരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായ ജയന്തിഭായ് പട്ടേല്‍, സച്ചുഭായ് പട്ടേല്‍, ബിജെപി സംസ്ഥാന ഭാരവാഹികളായ ഐ.കെ. ജഡേജ, ഹര്‍ഷദ് ഗിരി ഗോസ്വാമി, സ്റ്റാച്യു ഓഫ് യൂണിറ്റി കണ്‍വീനറും സംസ്ഥാന ടൂറിസം എംഡിയുമായ സഞ്ജയ് ക്വാള്‍ ഐപിഎസ്, മലയാളികളായ ജെനദേവന് ഐഎഎസ് (കളക്ടര്‍ ചോട്ടാ ഉദയ്പൂര്‍), മനോജ് ശശിധരന് ഐപിഎസ് (അസി. കമ്മീഷണര്‍, അഹമ്മദാബാദ്), ദീപന് ഭദ്രന് (എസ്പി പോര്‍ബന്ധര്‍), സുരേഷ് ഭായ് മിശ്ര (ഇന്‍ഫൊര്‍മേഷന്‍ ഓഫീസര്‍) എന്നിവരടങ്ങുന്ന സംഘം നാല് ദിവസം പ്രതിമ സ്ഥാപന ദൗത്യവുമായി കൊച്ചി, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് സംസ്ഥാനത്തെ പ്രമുഖരുമായും മുഖ്യമന്ത്രിയുമായും ആശയവിനിമയവും ചര്‍ച്ചയും നടത്തും.
കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മഹാജന് പ്രസിഡന്റ് പ്രവീണ്‍ എം. ഷാ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ചേതന്‍ഷാ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: