ചൂരക്കോട്ടെ ഉണ്ണി അഥവാ ദ്വിവേദി ആ ശ്ലോകം ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. സാധാരണ ശ്ലോകങ്ങളും മന്ത്രങ്ങളും ഒരു തവണ കേട്ടാല്‍ എഴുത്താണികൊണ്ടെഴുതിയപോലെ ഹൃദിസ്ഥമാകുന്നതാണ്. പക്ഷേ ഇരിപ്പം ചൊല്ലിയപ്പോള്‍ മനസ്സു വിട്ടുപോയി.
വാപ്യാം വൃത്തസഹസ്രതാം രചയതി ശ്യാമാഭ്ര തേയം ഗതിഃ
നൈവത്വം നികടാഗതോപി വിതരത്യന്യാസു വൃത്തീരിമാഃ
ശീതത്വം ഹൃദയേ തവാസ്തി ജലദശ്ചേല്‍ … … ….
…. ….. ….. വിഷമാവൃത്തീഃ കതാ മത്തവല്.
ഇടയിലുള്ള വാക്കുകള്‍ നാണിച്ചുള്ളിലെവിടെയോ നില്ക്കുന്നു. ഭ്രാന്തനെപ്പോലെ ദേവകിക്ക് മനസ്സില്‍ വൃത്തികളുണ്ടാക്കുന്നുവെന്നാണ് ഉള്ളടക്കം. ദേവകി ചൊല്ലിയ ‘ഇയമേവസായ്യാ’ ഈ പാവം ദ്വിവേദിക്കാണ് വൃത്തികളുണ്ടാക്കിയത്. ദ്വിവേദി വൃത്തികളുടെ ഉദ്ഭവസ്ഥാനത്തിലേക്ക് മനസ്സു വ്യാപരിപ്പിച്ച് ഭൂതകാലത്തിലേക്ക് ചാഞ്ഞ് കൈത്തണ്ട തലയിണയാക്കി സുഖകരമായ അസ്വസ്ഥത ആസ്വദിക്കാന്‍ പാകത്തില്‍ കിടന്നു.
ഇരിപ്പത്തിന്റെ അടുത്ത് പഠിക്കാന്‍ തുടങ്ങി അധികം താമസിയാതെയാണ് സുഖകരമായ അസ്വസ്ഥവൃത്തികള് ഉണ്ടായിത്തുടങ്ങിയത്. കൂട്ടുകാരനായ മധുവിനു മാത്രമേ അതറിയാമായിരുന്നുള്ളൂ. സോമയാഗത്തിന് ചൊല്ലേണ്ട യജുര്വേദമന്ത്രങ്ങളുടെ സ്വരം ശരിയാക്കാന്‍ വേണ്ടിയാണ് മധുവിനോടൊപ്പം ഇരിപ്പത്തു ചെന്നു തുടങ്ങിയത്. ഒരു ദിവസം ഉച്ചയ്ക്ക് ഊണുകഴിഞ്ഞിരിക്കുമ്പോള്‍ മുറ്റത്ത് ഇളങ്കാറ്റത്ത് ചുറ്റിക്കളിക്കുന്ന ഒരു താളിയോല മധു എടുത്തുകൊണ്ടുവന്ന് വായിക്കാന്‍ തന്നു. മധുവിന് ഗ്രന്ഥാക്ഷരം വായിക്കാന്‍ പ്രയാസമുണ്ട്. അപൂര്‍ണമായ ശ്ലോകമായിരുന്നു അത്.
‘ഭക്തക്ഷുന്നോദനായൈവ
ധൃതേ പീനപയോധരം
സംസാരതാപത് പേയം’
(ഭക്തരുടെ വിശപ്പടക്കാന്‍ വേണ്ടി മാത്രം വലിയ സ്തനങ്ങള്‍ ധരിച്ചവളേ. സംസാരതാപങ്കൊണ്ടുള്ള ചൂടനുഭവിക്കുന്നവളാണ് ഇവള്.) ഇതുവായിച്ചപ്പോള്‍ മധു ബാക്കിയെഴുതാന്‍ എഴുത്താണി കൊണ്ടുവന്നു. ‘ദാഹാര്ത്താ ദദതാല് പയഃ’ എന്നാശ്ലോകം മുഴുവനാക്കി. അപ്പോഴേക്ക് ഇരിപ്പത്തിന്റെ ആറുവയസ്സുകാരന് മകന് ‘അത് ഓപ്പോളുടെ ഓലയാണ്’ എന്ന് പറഞ്ഞ് വാങ്ങിക്കൊണ്ടുപോയി. കുറച്ചുകഴിഞ്ഞ് ‘പൂരണം നന്നായിട്ടുണ്ടെന്ന് ഓപ്പോളു പറയാന്‍ പറഞ്ഞു’ എന്ന് തിരിച്ചുവന്നു പറയുകയും ചെയ്തു. അന്ന് അതിന് വേറെ പ്രത്യേകം അര്‍ഥം ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ അതൊരു ബീജമായിരുന്നു. അത് മുളയ്ക്കുകയും ചിന്തകളില്‍ പടര്‍ന്നുകയറുകയും പുഷ്പിക്കുകയും ചെയ്തു. പിന്നീട് ഇരിപ്പത്തിന്റെ അഭിപ്രായപ്രകാരം യജുര്‍വേദം മുഴുവന്‍ അഭ്യസിച്ചു. പഠനകാലത്ത് പ്രത്യക്ഷമായി ഒന്നും തന്നെ ഇല്ലെങ്കിലും അടുപ്പമുള്ള ഒരു സാന്നിദ്ധ്യം ജീവിതത്തിന് തൊട്ടടുത്ത് നില്ക്കുന്നുണ്ടെന്ന തോന്നല്‍ ബലപ്പെട്ടുവന്നു.
ബാക്കിയുള്ളവരുടെ കൂടെ സൗരാഷ്ട്രത്തിലേക്ക് മടങ്ങിപ്പോകാതിരിക്കാന്‍ ആ നിശ്ശബ്ദസാന്നിദ്ധ്യം മനസ്സിനെ പ്രേരിപ്പിച്ചു എന്നുള്ളത് സത്യം തന്നെ ആണ്.
പക്ഷേ അതിലധികം അച്ഛന് ശരിയാണെന്നു വിശ്വസിച്ച പാതയില്‍ തിരിഞ്ഞുനോക്കാതെ നടക്കാനുള്ള അമ്മയുടെ പിന്തുണയാണ് സൗരാഷ്ട്രത്തിലേക്കുള്ള മടക്കയാത്ര വേണ്ടെന്നുവയ്ക്കാന്‍ കാരണമായത്. അച്ഛന് പരിപാവനമായ ഒരാദര്‍ശത്തിന്റെ ചുവടുപിടിച്ചാണ് കേരളത്തിലേക്ക് പുറപ്പെട്ടത്. കൃഷ്ണശര്മയുടെയും ചൊമാരിയുടെയും ഗുരു പഠിച്ച ഗുരുകുലത്തില്‍ തന്നെയായിരുന്നു അച്ഛനും വിദ്യാഭ്യാസം ചെയ്തത്. അച്ഛന് ചെന്ന കാലത്ത് ചൊമാരിയുടെ ഗുരു അവിടെ സാമാന്യപഠനം കഴിഞ്ഞ് ഉപരിഗ്രന്ഥങ്ങള്‍ പഠിക്കുകയും പ്രായംകുറഞ്ഞവരെ പഠിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന കാലമായിരുന്നു. വ്യക്തിത്വവും വാത്സല്യഭാവവും കാരണം മറ്റുള്ള വിദ്യാര്‍ഥികള്‍ കുലപതിയോടുള്ള ഭക്തിയും സ്നേഹവും അദ്ദേഹത്തിനോടും പ്രകടിപ്പിച്ചിരുന്നു. അച്ഛന്റെ വിദ്യാഭ്യാസാനന്തരം ഗൃഹസ്ഥാശ്രമം സ്വീകരിച്ചതിനും ശേഷം വളരെ കാലം കഴിഞ്ഞ് ചൊമാരിയുടെ ഗുരു പ്രഭാസതീര്‍ഥത്തില്‍ തീര്‍ഥാടനത്തിനു വന്നു ചേര്‍ന്നതാണ് അച്ഛനെ കേരളത്തിലേക്ക് നയിക്കാന്‍ വഴിയൊരുക്കിയത്. കേരളത്തിലെത്തിയ സാമവേദികളായ ഹസ്തിനാപുരത്തുകാര്‍ മടങ്ങിപ്പോയതും കേരളത്തിലുള്ള ഒരു വിഭാഗം യജ്ഞം നടത്താന്‍ പറ്റാത്ത വിഷമത്തിലുമാണെന്ന കാര്യം അതീവ അങ്കലാപ്പോടെ അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ യജ്ഞസംസ്കാരത്തോടുള്ള പ്രതിബദ്ധത നന്നായറിയുന്ന അച്ഛന് സൗരാഷ്ട്രത്തിലെ തലമുതിര്‍ന്ന സാമവേദികളോട് ഈ കാര്യം ചര്‍ച്ച ചെയ്തു. അവരുടെ കൂടി അഭിപ്രായപ്രകാരം അച്ഛനും സുഹൃത്തുക്കളും കുടുംബങ്ങളും അടക്കം സാമവേദികളുടെ സംഘം സമൃദ്ധമായ സൗരാഷ്ട്രം വിട്ട് കേരളത്തിലേക്ക് തിരിച്ചു. ചിലര്‍ ദീര്‍ഘമായ യാത്രയും ഗൃഹാതുരത്വവും ഉണ്ടാക്കിയ വിഷമം താങ്ങാന്‍ പറ്റാതെ വഴിക്കു വച്ചേ തിരിച്ചുപോയി. ശേഷിച്ച പന്ത്രണ്ടു കുടുംബക്കാര് കേരളത്തിലെത്തി.
ജന്മങ്കൊണ്ട് ഉത്തരഭാരതക്കാരനും സാമവേദിയും ആയ കാനത്തെ അക്കിത്തരാണ് സൗരാഷ്ട്രത്തില് നിന്നു വന്നവരെ സ്വീകരിക്കാന്‍ ഏറ്റവും മുന്നില്‍ നിന്നത്. ഹസ്തിനാപുരത്തുനിന്ന് വന്ന സാമവേദികള്‍ കൗതുമശാഖക്കാരായിരുന്നൂ എന്നതുകൊണ്ട് കാനത്തെ അക്കിത്തര്ക്ക് ഒരകല്‍ച്ച ഉണ്ടായിരുന്നു. സൗരാഷ്ട്രത്തില് നിന്നു വന്നവര്‍ അക്കിത്തരെപ്പോലെ ജൈമനീയശാഖക്കാരായിരുന്നു. കേരളത്തിലെ ആചാരങ്ങളും സ്വരവും പരിശീലിപ്പിക്കുന്നതിന് പ്രത്യേകം ചുമതലയുണ്ടെന്ന തോന്നല്‍ അദ്ദേഹത്തിനെ എല്ലാ ഇലകളിലും ചലനങ്ങളുണ്ടാക്കുന്ന കാറ്റിനെപ്പോലെ ഉത്സാഹഭരിതനാക്കി.
സൗരാഷ്ട്രത്തില് നിന്ന് വന്നപ്പോള്‍ എല്ലാവരെയും വിഷമിപ്പിച്ചത്, ഇടതിങ്ങിയ കാടുകളും മലകളും ചേര്‍ന്ന ഭൂപ്രകൃതിയെക്കാള്‍ ഇവിടുത്തെ ആചാരങ്ങളും വേദത്തിന്റെ സ്വരസമ്പ്രദായവുമായിരുന്നു. ആദര്‍ശത്തിനു മുന്‍തൂക്കം കൊടുക്കുന്ന അച്ഛനുപോലും തിരിച്ചുപോകുകയാണ് ഉചിതം എന്നു പലപ്പോഴും തോന്നിപ്പോയിരുന്നു. പക്ഷേ കാനത്തക്കിത്തരുടെ ശുഷ്കാന്തിയും ചൊമാരിയുടെയും യജ്ഞപുരം ഗ്രാമക്കാരുടെയും പെരുങ്കൂറും കുറുങ്കൂറും വാഴുന്നവന്മാരുടെയും നിര്‍ബന്ധവും സഹകരണവും കുറച്ചു കാലം പരീക്ഷിച്ചു നോക്കാന്‍ അച്ഛനെയും സുഹൃത്തുക്കളെയും ബാദ്ധ്യസ്ഥരാക്കി. പ്രായമായവര്‍ക്കായിരുന്നു കൂടുതല്‍ വിഷമം. മനസ്സില്‍ ആണ്ടുപോയ ആചാരങ്ങള്‍ പറിച്ചു കളഞ്ഞ് പുതിയ ആചാരങ്ങള്‍ക്ക് വഴങ്ങുക എന്നുള്ളത് വലിയ വിഷമം തന്നെ ആയിരുന്നു. ഏതായാലും അച്ഛന് ആ വിഷമം അധികകാലം അനുഭവിക്കേണ്ടിവന്നില്ല. ഇഹലോകത്തുള്ള എല്ലാ വിഷമങ്ങളുടെയും അന്ത്യബിന്ദുവായ മരണത്തില്‍ വിലയം പ്രാപിച്ചു.
നേതാവായ അച്ഛന്റെ മരണം സൗരാഷ്ട്രത്തില്നിന്നു വന്നവരില്‍ ചിലരെക്കൂടി തിരിച്ചുപോകാന്‍ പ്രേരിപ്പിച്ചു. അന്ന് അമ്മയും ചൊമാരിയുമാണ് ലക്ഷ്യബോധം തിരിച്ചുതന്നത്. അച്ഛന്റെ മരണങ്കൊണ്ടുണ്ടായ തളര്‍ച്ച ദിഗന്തങ്ങളോളം തളം കെട്ടിനില്ക്കുമ്പോള് പ്രതീക്ഷയാകുന്ന വള്ളവും ആശ്വസവചനമാകുന്ന പങ്കായവും കൊണ്ട് ചൊമാരി അടുത്തു വന്നിരുന്നു പറഞ്ഞു. ‘അച്ഛന് മരിച്ചതുകൊണ്ട് കൂടെയുള്ളവരെ ഇനി ആരു നയിക്കും? ഇവിടെ തന്നെ തുടരാന്‍ പറ്റുമോ ? എന്നു തുടങ്ങി നൂറു പ്രശ്നങ്ങള്‍ ഉണ്ണിയുടെ മുന്നിലുണ്ടെന്ന് ഞങ്ങള്‍ക്കെല്ലാം അറിയാം. കൂടെയുള്ളവരെ ഇവിടെ പിടിച്ചുനിര്‍ത്താനും യജ്ഞസംസ്കാരം നശിക്കാതെ രക്ഷിക്കാനും കഴിവും അര്‍പ്പണമനോഭാവവും ഉള്ളത് ഉണ്ണിക്കാണ്. അത് ഉണ്ണിക്ക് സ്വയം വിശ്വാസമില്ലെങ്കിലും ഞങ്ങള്‍ക്കെല്ലാം പരിപൂര്‍ണ വിശ്വാസമാണ്. മനസ്സ് മാറ്റം അങ്ഗീകരിക്കുന്നതുവരെ ക്ഷമിക്കാന്‍ തയ്യാറാകണം. അത് കാളകൂടവിഷം കുടിക്കുന്നതിനെക്കാള്‍ പ്രയാസമാണെന്നും അറിയാം.
യജ്ഞസംരക്ഷണത്തിനായി ആ വിഷം കുടിച്ചു വറ്റിക്കാവുന്ന പരമേശ്വരാംശം ഉണ്ണിയിലുണ്ട്. തിരിച്ചു പോകരുത്. പെരുങ്കൂറു വാഴുന്നവരും കുറുങ്കൂറു വാഴുന്നവരും നിങ്ങളുടെ എല്ലാവരുടെയും യോഗക്ഷേമം ശ്രദ്ധിച്ചു കൈകാര്യം ചെയ്തുകൊള്ളാം എന്ന് ഉറപ്പു തരികയും നിങ്ങളെ അറിയിക്കാന്‍ പറയുകയും ചെയ്തിട്ടുണ്ട്. അനിശ്ചിതത്വത്തിന്റെ ഇരുണ്ട വഴിവിട്ട് കര്‍മപഥത്തിന്റെ പ്രകാശം നിറഞ്ഞ വഴിയിലേക്ക് പ്രവേശിക്കുകയേ വേണ്ടു. ഞങ്ങളെല്ലാവരും കൂടെ തന്നെ ഉണ്ട്.’ ചൊമാരി എണീറ്റ് ചായ്പ്പിലൂടെ രണ്ടു ചാല് നടന്ന് മുന്നില്‍ വന്നു നിന്ന് സമാധാനം വഴിയുന്നപോലെ തുടര്‍ന്നു ‘അഥവാ തിരിച്ചുപോകണം എന്നുതന്നെ ആണ് തീരുമാനിക്കുന്നതെങ്കില്‍ അതിനുള്ള ഏര്‍പ്പാടുകളും ചെയ്യാം. ഒരു സങ്കോചവും കൂടാതെ പറയണം. അങ്ങനെയാണെങ്കില്‍കൂടി ഒരപേക്ഷയും ഉണ്ട്. അച്ഛന്റെ ദീക്ഷ കഴിഞ്ഞ് പന്ത്രണ്ടാം മാസം കൂടി കഴിഞ്ഞേ പോകാവൂ. ആലോചിച്ച് തീരുമാനമെടുത്താല്‍ മതി. നാളെ എനിക്ക് ഇഷ്ടി വേണ്ട ദിവസമാണ്. നാലു ദിവസം കഴിഞ്ഞ് വീണ്ടും വരാം.’ സമാധാനത്തിന്റെ ഒരന്തരിക്ഷം ചുറ്റും നിറച്ചാണ് ചൊമാരി പോയത്. ആ സമധാനം കൂടെയുള്ളവരിലേക്ക് പകരാന്‍ കഴിഞ്ഞതുകൊണ്ട് പോകാന്‍ തയ്യാറായി നിന്നിരുന്നവരും കുറച്ചു കാലം കൂടി പരീക്ഷിച്ചു പോകാം എന്നു തീരുമാനിച്ചു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: