“നിന്തിരുവടിയുടെ ജഠരത്തിങ്കല്‍ നിത്യ-
മന്തമില്ലാതോളം ബ്രഹ്മാണ്ഡങ്ങള്‍ കിടക്കുന്നു
അങ്ങനെയുള്ള ദേവാനെന്നുടെ ജഠരത്തി-
ലിങ്ങനെ വസിപ്പതിനെന്തുകാരണം പോറ്റീ”
എന്നു കൗസല്യാദേവി തന്റെ ഗര്‍ഭത്തില്‍ നിന്ന് വൈഷ്ണവചിഹ്നങ്ങളോടെ പിറന്ന രാമനെ സ്തുതിക്കുമ്പോള്‍ ചോദിക്കുന്നതായി എഴുത്തച്ഛന് അധ്യാത്മരാമായണം ബാലകാണ്ഡത്തില്‍ വിവരിക്കുന്നതും ഓര്‍ക്കാം.
ശ്ലോകം 20 കൃശോദരഃ പീതവസ്ത്രപരിവീതകടീതടഃ
ബ്രഹ്മാവാസ മഹാപദ്മാവാല നാഭിപ്രശോഭിതഃ
71. കൃശോദരഃ കൃശമായ ഉദരമുള്ളവന്‍. കൃശം എന്നതിന് മെലിഞ്ഞത്, ചെറുത്, ഒതുക്കമുള്ളത് എന്നൊക്കെ അര്‍ഥം പറയാം. മുന്‍നാമത്തില്‍ അനേകകോടി ബ്രഹ്മാണ്ഡങ്ങള്‍ ഭഗവാന്റെ വലിയ വയറ്റിനുള്ളില്‍ ഉള്ളതായി പറഞ്ഞു. ഈ നാമം കൃശോദരനായി സ്തുതിക്കുന്നു. അതാണ് ഗുരുവായൂരപ്പന്റെ രൂപം. അത് അണുവിലും അണുവായിരിക്കെത്തന്നെ വലുതിലും വലുതുമാണ്. പ്രപഞ്ചങ്ങളെ തന്റെ ഉദരത്തില്‍ വഹിക്കുന്ന ഭഗവാന് വാസുദേവന്റെയും ദേവിയുടെയും കൈക്കുഞ്ഞായി. ബ്രഹ്മാണ്ഡഭാണ്ഡമായ വയറ് യശോദയുടെ മുലപ്പാലുകൊണ്ടുനിറഞ്ഞു. പില്ക്കാലത്ത് പാഞ്ചാലിയുടെ പാത്രത്തില്‍ പറ്റിയിരുന്ന ഒരു തുണ്ടു ചീരയില കൊണ്ടും കുചേലന്റെ കാഴ്ചയായി കിട്ടിയ ഒരു പിടി അവലുകൊണ്ടും നിറഞ്ഞതായും പുരാണങ്ങള്‍ പറയുന്നു. നാരായണീയകാരനോട് ചേര്‍ന്ന് “അശ്ചര്യതോപ്യാശ്ചര്യം” എന്നുപറഞ്ഞ് നമസ്കരിക്കാം. “ലീനാനേകത്രിലോകീവിതതിമപികൃശാം ബിഭ്രതം മധ്യവല്ലീം.” (അനേകം ത്രിലോകങ്ങള്‍ ലയിച്ചിട്ടുള്ളതാണെങ്കിലും വള്ളിപോലെകൃശമായ അരക്കെട്ടുള്ളവന്. നാരായണീയം 100-7) എന്ന് മേല്‍പ്പത്തൂര്‍ ഈ ആശയം അവതരിപ്പിക്കുന്നു.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: