കൊച്ചി: പൊതുതെരഞ്ഞെടുപ്പു വരുന്ന പശ്ചാത്തലത്തില്‍ നികുതി ഇളവുകളുടെ ബജറ്റായിരിക്കും അടുത്തതെന്ന പ്രതീക്ഷ നല്‍കിക്കൊണ്ട് ധനമന്ത്രി കെ.എം.മാണി ബജറ്റു മുന്നോടി ചര്‍ച്ചകള്‍ നടത്തി. സ്വര്‍ണത്തിന്റെ വാറ്റ് നികുതി അഞ്ച് ശതമാനത്തില്‍ നിന്ന് ഒരു ശതമാനമായി കുറക്കുന്ന കാര്യം സംസ്ഥാന ബജറ്റില്‍ പരിഗണിക്കുമെന്ന് മന്ത്രി മാണി പറഞ്ഞു. ഇതുസംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്പിക്കാന് ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം സബ്ജക്ട് കമ്മിറ്റി പരിശോധിച്ച ശേഷം ഇതു സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമുണ്ടാകുമെന്ന് നികുതി വകുപ്പ് കൊച്ചിയില്‍ സംഘടിപ്പിച്ച ബജറ്റ് പൂര്‍വ ചര്‍ച്ചയില്‍ മന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെ നികുതി വര്‍ദ്ധിപ്പിക്കുന്നതിനും നികുതി വെട്ടിപ്പ് തടയുന്നതിനുമുള്ള നടപടികള്‍ സ്വീരിക്കും. നികുതിദായകരോട് സൗഹൃദസമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. തൊഴില്‍, വാണിജ്യം തുടങ്ങിയവയുടെ വികസനങ്ങള്‍ വിഘാതം സൃഷ്ടിക്കുന്ന യാതൊരു നടപടിയും സ്വീകരിക്കില്ല. അതേ സമയം നികുതി വെട്ടിപ്പ് തടയുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കും. നികുതി ദായകര്‍ക്ക് ഭാരമാവാത്ത തരത്തില്‍ കൂടുതല്‍ വരുമാനം ലഭിക്കുന്ന മാര്‍ഗങ്ങള്‍ ചൂണ്ടിക്കാണിച്ചാല്‍ പരിഗണിക്കുമെന്ന്് മന്ത്രി ഉറപ്പു നല്കി.
ലോട്ടറി ക്ഷേമ പ്രവര്‍ത്തനങ്ങളുടെ മാതൃകയില്‍ വ്യാപാരികളുടെ ക്ഷേമത്തിന് ബജറ്റിലൂടെ പ്രത്യേക പദ്ധതി ആവിഷ്കരിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. വ്യാപാരങ്ങളുടെ കണക്കുകള്‍ സൂക്ഷിക്കുന്നതിന് വളരെയധികം ബുദ്ധിമുട്ടുകള്‍ വരുന്നതിനാല്‍ ഫയലുകള്‍ സൂക്ഷിക്കുന്നതിന് സമയപരിധി നിശ്ചയിക്കണം. വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് സ്ഥലപരമിധിയുള്ളതിനാല് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുന്നതിന് നടപടി വേണം. ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ സംസ്ഥാനത്തിന് കോടികളുടെ നഷ്ടമാണ് ഉണ്ടാകുന്നത്. ഓണ്‍ലൈന്‍ വ്യാപാരം തടയുന്നതിന് കര്‍ശന നടപടി സ്വീകരിക്കണമെന്നും ബ്രാന്‍ഡ് രജിസ്ട്രേഷന് എടുത്തവര്‍ക്ക് അഞ്ച് ശതമാനത്തില്‍ നിന്ന് 14.5ശതമാനമായി നികുതി ഉയര്‍ത്തിയത് കുറയ്ക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
സെല്‍ഫ് സീല്‍ഡ് കണ്ടെയ്നറുകള്‍ക്ക് വല്ലാര്‍പാടം ഇന്റര്‍നാഷണല്‍ കണ്ടെയ്നര്‍ ടെര്‍മിനലില്‍ ഗ്രീന്‍ ചാനല്‍ അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി കെ.എം.മാണി പറഞ്ഞു. പോര്‍ട്ട് ട്രസ്റ്റും കണ്ടെയ്നര്‍ കയറ്റുമതിക്കാരും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
ആയുര്‍വേദ ഉള്‍പന്നങ്ങളുടെ മുന്‍കാല നികുതി ഇളവ് ചെയ്യുന്ന കാര്യം സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയിലിരിക്കുകയാണ്. സബ്ജക്ട് കമ്മിറ്റി ചേരുമ്പോള്‍ ഇതു സംബന്ധിച്ച് തീരുമാനമുണ്ടാകും. എം സാന്‍ഡിന്റെ നികുതി ഘടനയെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലെ ശുപാര്‍ശ ബജറ്റില്‍ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
ധനകാര്യവകുപ്പിന് കീഴിലെ ഓഡിറ്റ് അസെസ്മെന്റ് വിങ്ങ് പുനസ്ഥാപിക്കുന്ന കാര്യവും ബേക്കറി ഉല്പന്നങ്ങള്ക്കും കാര്‍ഷികാധിഷ്ഠിത ഉല്പന്നങ്ങള്ക്കും നികുതി ഇളവ് നല്കുന്ന കാര്യവും ചാരിറ്റബിള്‍ സൊസൈറ്റികള്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ വീഴ്ച വരുത്തിയതിനുള്ള ഫൈന്‍ ഒഴിവാക്കുന്ന കാര്യവും അപ്പാര്ട്ടമെന്റ് ഓണര്‍ഷിപ്പ് ആക്ട് ഭേദഗതിയും ഓണ്‍ലൈന്‍ ട്രേഡിംഗ് നിയന്ത്രണവും ബജറ്റില്‍ പരിഗണിക്കും. വിവിധ സംഘടനകളുടേയും സ്ഥാപനങ്ങളുടേയും പ്രതിനിധികള്‍ അടക്കം 250 ഓളം പേര് പങ്കെടുത്തു. 75 പുതിയ നിര്‍ദേശങ്ങളാണ് ചര്‍ച്ചയില്‍ മുന്നോട്ട് വച്ചത്.
സംസ്ഥാന ധനകാര്യവകുപ്പ്, വാണിജ്യനികുതി വകുപ്പ്, ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍(ഗിഫ്റ്റ്) കെ.എം.മാണി സെന്റര്‍ ഫോര്‍ ബജറ്റ് സ്റ്റഡീസുമായി സഹകരിച്ചാണ് പ്രീബജറ്റ് ചര്‍ച്ച സംഘടിപ്പിച്ചത്. ചര്‍ച്ചയില്‍ സംസ്ഥാന വാണിജ്യനികുതി സെക്രട്ടറി എ.അജിത്കുമാര്‍, ഡോ. ജോസ് ജേക്കബ്, ധനകാര്യ, വാണിജ്യനികുതി ഉദ്യോഗസ്ഥരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: