പെരുമ്പാവൂര്‍ : ഇരുമ്പുയുഗമെന്ന് അറിയപ്പെടുന്ന മഹാശിലായുഗത്തിലെ രണ്ടായിരം വര്‍ഷം പഴക്കമുള്ള ഇരുമ്പ് ഉദ്പാദന കേന്ദ്രങ്ങള്‍ പെരുമ്പാവൂരില്‍ കണ്ടെത്തി. ഇരുമ്പയിര് ഖാനനത്തിന്റെ ചരിത്രസ്മാരകങ്ങളായ അയിരുമടകളും ഇരുമ്പയിര് സംസ്ക്കരണ കേന്ദ്രവും ഇരുമ്പ് സംസ്ക്കരണ ശേഷിപ്പുകളായ കീടക്കല്ലുകളും വിവിധ ഇരുമ്പ് ആയുധങ്ങളുമാണ് ലോക്കല്‍ ഹിസ്റ്ററി റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ഇസ്മായില്‍ പള്ളിപ്രത്തിന്റെ ഗവേഷണത്തില്‍ കണ്ടെത്തിയത്.
മണ്ണൂരില്‍ നിന്നും മഴുവന്നൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് പോകുന്ന വഴിയില്‍ ഐരാപുരത്തെ കുന്നക്കൂരുടി പോസ്റ്റ്ഓഫീസിനു പടിഞ്ഞാറുവശം കൊച്ചി മെട്രോക്കുവേണ്ടി മണ്ണെടുക്കുന്ന മലയിലാണ് മഹാശിലായുഗത്തില്‍ അയിര് എടുക്കുന്നതിനുവേണ്ടി നിര്‍മ്മിച്ച ഏഴോളം അയിരുകുഴികള് കണ്ടെത്തിയത്. ചിലത് പൊന്തക്കാട്ടില്‍ മറഞ്ഞുകിടപ്പുണ്ട്. ഇരുമ്പയിരിന്റെ വന്‍ശേഖരമുള്ള ഈ ചെങ്കല്‍ പാറയില്‍ വിവിധ ഭാഗങ്ങളില്‍ ഗുഹപോലുള്ള വലിയ മടകള്‍ ഉണ്ടാക്കിയാണ് അയിര്ക്കല്ലുകള് ശേഖരിച്ചിരുന്നത്. ചില മടകള്‍ക്ക് മുപ്പത് അടി താഴ്ച വരെയുണ്ട്. ഗുഹയുടെ മുഖഭാഗം ചെറുതും അയിരിന്റെ കിടപ്പനുസരിച്ച് ഉള്‍ഭാഗം വലുതായി വരുന്നു. അയിരുകുഴി എന്നാണ് നാട്ടുകാര്‍ ഇതിനെ വിളിക്കുന്നത്. മണ്ണെടുക്കുന്നതുമൂലം ഈ പ്രാചീന ചരിത്ര ശേഷിപ്പുകള്‍ നാശമടയുകയാണ്. വീട്ടൂര്‍ എബനേസര്‍ ഹൈസ്ക്കുളിലെ അധ്യാപകനായിരുന്ന മണ്ണൂര്‍ സ്വദേശി ഓലിക്കല്‍ വര്‍ഗീസ് ജോസഫ് വിവരം നല്കിയതനുസരിച്ചാണ് ഗവേഷണം നടത്തിയത്.
അയിരുകുഴിയില്‍ നിന്നും ഖാനനം ചെയ്തെടുക്കുന്നഅയിര്ക്കല്ലുകള് പൊടിച്ച് മരപ്പാത്തികളിലിട്ട് പുഴകളുടെ നീരൊഴുക്കില്‍ അയിര് വേര്‍തിരിച്ച് ശൂദ്ധീകരിക്കുന്നു. പാറയില്‍ വലിയ കുഴിയുണ്ടാക്കി അതില്‍ ഇരുള് മരത്തിന്റെയും മറ്റും കരി കത്തിച്ച് ഈ അയിര് ഉരുക്കി ഇരുമ്പാക്കുന്നു. ഇപ്രകാരമുള്ള പാറയില്‍ കൃത്രിമമായി നിര്‍മ്മിച്ച അയിരുരുക്ക് കേന്ദ്രം അടുത്തനാള്‍ ആലാട്ടുചിറ മുണ്ടന്‍തുരത്തില്‍ കണ്ടെത്തിയിരുന്നു. ഉരുക്കിയ ഇരുമ്പ് ശേഖരിക്കുവാന്‍ പാറയുടെ അടിഭാഗത്തും വായു സഞ്ചാരത്തിനുമായി പാറയുടെ മുകള്‍ഭാഗത്തും ദ്വാരങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്.
ഇപ്രകാരം ഇരുമ്പയിര് സംസ്ക്കരിച്ചതിനുശേഷമുള്ള അവശിഷ്ടങ്ങള്‍ ഉറച്ചുണ്ടായ കീടക്കല്ലുകള്‍ മുണ്ടന്തുരുത്തില്നിന്നും അടുത്തനാള്‍ മഹാശിലായുഗത്തിലെ സ്മാരകങ്ങള്‍ കണ്ടെത്തിയ വേങ്ങൂര്‍ കണ്ണംപറമ്പില്‍ നിന്നും കണ്ടെത്തിയിരുന്നു. കറുപ്പുനിറത്തില്‍ വളരെ മിനുമിനുത്തതോ പരുക്കനായോ തേന്‍കൂട് പോലെയോ കാണപ്പെടുന്ന കീടക്കല്ലുകള്‍ പൊടിച്ചാല്‍ ഇരുമ്പ് പൊടി കാണുവാന്‍ കഴിയും. പെരുമ്പാവൂരിന്റെ പലഭാഗങ്ങളിലും ഇത്തരം കീടക്കല്ലുകള്‍ കാണപ്പെടുന്നുണ്ട്.
പെരുമ്പാവൂരിലും സമീപ പ്രദേശങ്ങളിലും അടുത്തനാള്‍ കണ്ടെത്തിയ നന്നങ്ങാടികള്ക്കൊപ്പം വാള്, ഉറുമി, മഴു, കത്തി തുടങ്ങിയ ഇരുമ്പ് ആയുധങ്ങളും കണ്ടെത്തിയിരുന്നു. അവയെല്ലാം ലോക്കല്‍ ഹിസ്റ്ററി റിസര്‍ച്ച് സെന്ററില്‍ സൂക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞ ആറുവര്‍ഷമായി പെരുമ്പാവൂരിലും സമീപ പ്രദേശങ്ങളിലും നടക്കുന്ന പ്രാദേശിക ചരിത്ര ഗവേഷണത്തിന്റെ പഠന റിപ്പോര്‍ട്ട് അടുത്ത ആഴ്ചയില്‍ അര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്ത്യക്ക് നല്കി പെരുമ്പാവൂരില്‍ പുരാവസ്തു സര്‍വേ നടത്തി ഇവയെല്ലാം സംരക്ഷിക്കാന്‍ ആവശ്യപ്പെടുമെന്ന് ഇസ്മായില്‍ പളളിപ്രം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: