ഡുനെഡിന്‍: ഉറപ്പിച്ച വിജയം ന്യൂസിലാന്റില്‍ നിന്ന് മഴ തട്ടിയെടുത്തു. വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിലെ വിജയമാണ് മഴയത്ത് ഒലിച്ചുപോയത്.
രണ്ടാം ഇന്നിംഗ്സില്‍ വിജയിക്കാന്‍ 112 റണ്‍സ് മാത്രം മതിയായിരുന്ന ന്യൂസിലാന്റ് 30 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 79 റണ്‍സെടുത്തുനില്‍ക്കേയാണ് രസംകൊല്ലിയായി മഴയെത്തിയത്. പിന്നീട് ഒരു പന്തുപോലും എറിയാന്‍ കഴിയാതെ അവസാന ദിവസത്തെ മത്സരം ഉപേക്ഷിച്ചതോടെ വിന്‍ഡീസ് തോല്‍വിയില്‍ നിന്ന് രക്ഷപ്പെട്ടു. 16 റണ്‍സോടെ റോസ് ടെയ്ലറും 20 റണ്‍സോടെ ആന്‍ഡേഴ്സണുമായിരുന്നു മത്സരം ഉപേക്ഷിക്കുമ്പോള്‍ ക്രീസില്‍. സ്കോര്‍ ചുരുക്കത്തില്‍: ന്യൂസിലാന്റ് 9ന് 609 ഡി., നാലിന് 79. വെസ്റ്റിന്‍ഡീസ് 213, 507. ആദ്യ ഇന്നിംഗ്സില്‍ ഡബിള്‍ സെഞ്ച്വറി നേടിയ ന്യൂസിലാന്റിന്റെ റോസ് ടെയ്ലറാണ് മാന്‍ ഓഫ് ദി മാച്ച്.
ആറിന് 443 എന്ന നിലയില്‍ അവസാന ദിവസമായ ഇന്നലെ ബാറ്റിംഗ് ആരംഭിച്ച വെസ്റ്റിന്‍ഡീസിനെ ഉച്ച ഭക്ഷണത്തിന് മുന്‍പേ 507 റണ്‍സിന് ഓള് ഔട്ടാക്കി. സ്കോര്‍ബോര്‍ഡില്‍ 10 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും തലേന്ന് ഡബിള്‍ സെഞ്ച്വറിയുമായി ബാറ്റിംഗ് തുടര്‍ന്ന ബ്രാവോ പുറത്തായി. 218 റണ്‍സെടുത്ത ബ്രാവോയെ ബൗള്‍ട്ട് ബൗള്‍ഡാക്കുകയായിരുന്നു. പിന്നീടെത്തിയ ഷില്ലിംഗ്ഫോര്‍ഡ് 15 റണ്‍സെടുത്ത് വാഗ്നറുടെ പന്തില്‍ ടെയ്ലര്‍ക്ക് ക്യാച്ച് നല്കി പുറത്തായതോടെ വിന്‍ഡീസ് 8ന് 491 എന്ന നിലയിലായി. പിന്നീട് സ്കോര്‍ 507-ല്‍ എത്തിയപ്പോള്‍ രണ്ട് വിക്കറ്റുകള്‍ നഷ്ടമായതോടെ വിന്‍ഡീസ് ഇന്നിംഗ്സിനും തിരശ്ശീല വീണു. മൂന്ന് റണ്‍സെടുത്ത ടിനോ ബെസ്റ്റിന് വാഗ്നറുടെ പന്തില്‍ ടെയ്ലര് പിടികൂടിയപ്പോള്‍ 80 റണ്‍സെടുത്ത ഡാരന്‍ സമിയെ സൗത്തിയുടെ പന്തില്‍ സോധി പിടികൂടി. ന്യൂസിലാന്റിന് വേണ്ടി വാഗ്നര്‍ മൂന്നും സൗത്തി, ബൗള്‍ട്ട്, സോധി എന്നിവര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
ഇതോടെ ന്യൂസിലാന്റിന് വിജയിക്കാന്‍ 112 റണ്‍സ് മതിയായിരുന്നു. എന്നാല്‍ തുടക്കത്തിലേ ഷില്ലിംഗ്ഫോര്‍ഡ് ആഞ്ഞടിച്ചതോടെ ന്യൂസിലാന്റ് 44 റണ്‍സിനിടെ 4 വിക്കറ്റുകള്‍ നഷ്ടപ്പെട്ട് തകര്‍ച്ചയെ നേരിട്ടു. ഫുള്‍ടണ്‍ (3), റൂതര്‍ഫോര്‍ഡ് (20), റെഡ്മണ്ട് (6), ബ്രണ്ടന്‍ മക്കുല്ലം (9) എന്നിവരാണ് ഷില്ലിംഗ്ഫോര്ഡിന് മുന്നില്‍ മടങ്ങിയത്. പിന്നീട് റോസ് ടെയ്ലറും ആന്‍ഡേഴ്സണും ചേര്‍ന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചെങ്കിലും സ്കോര്‍ 79 റണ്‍സില്‍ നില്‍ക്കേ മഴയെത്തിയതോടെ മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു. 15 ഓവറില്‍ 26 റണ്‍സ് നല്‍കിയാണ് ഷില്ലിംഗ്ഫോര്‍ഡ് നാല് വിക്കറ്റുകളും വീഴ്ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: