അക്കിത്തര് ഞങ്ങളെ രണ്ടുപേരേയും ചൊല്ലിച്ചു. കേശവേട്ടന് എന്തെളുപ്പത്തിലാ സ്വരം വഴങ്ങുന്നത്? കേശവേട്ടന്റെ ഈ സ്വഭാവം കാരണം എനിക്ക് പ്രസ്തോതനാകാം എന്ന് സമ്മതിക്കേണ്ടിവന്നു. എല്ലാവരും ബഹുമാനിക്കുന്ന യജ്ഞപുരം ഗ്രാമത്തിലെ വൈദികന്റെ അവിടത്തെ യാഗമാണമ്മേ. പുതിയ സ്ഥലമല്ലേ? ഇവിടെയുള്ളവരുടെ ഇഷ്ടത്തിന് കുറച്ചൊക്കെ വിലകല്‍പ്പിക്കണ്ടേ? കഴിവില്ലാത്തതിനാലാണെങ്കില്‍ ശരി. ഇതങ്ങനെ അല്ലല്ലോ? ‘രവികേശവനെ ആദ്യം മുതലേ എതിര്‍ത്തിരുന്നതിന്റെ കാരണം ഇപ്പോഴേ അമ്മയ്ക്ക് മനസ്സിലായിത്തുടങ്ങിയുള്ളൂ. അമ്മ കേശവനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. ‘കേശവാ ഈ സ്വഭാവം നന്നല്ല. ഇന്നു തന്നെ കൃഷ്ണേട്ടനോട് പ്രസ്തോതനാകാന്‍ സമ്മതാണ് എന്നു പറഞ്ഞേക്ക്. രവിക്ക് വിരോധം ഉണ്ടാവില്ല. ഉണ്ടോ രവീ ? ‘രവി ഇരുട്ടിലേക്ക് ചന്ദ്രനുദിക്കുന്ന പ്രതീക്ഷയോടെ പറഞ്ഞു. ‘അമ്മേ! എനിക്ക് കേശവേട്ടന്റെ അത്ര എളുപ്പമുണ്ടെങ്കില്‍ അങ്ങോട്ടുകയറി പറയുമായിരുന്നു. ഇപ്രാവശ്യം കേശവേട്ടന് പ്രസ്തോതനായാല് എനിക്ക് അത്ര വിഷമിക്കേണ്ടിവരില്ല. കഴിവു കുറഞ്ഞ ഒരാളോടുള്ള ദയ എന്ന വിധത്തിലെങ്കിലും ഇപ്രാവശ്യം പ്രസ്തോതനാകാന്‍ കേശവേട്ടന് സമ്മതിച്ചാല്‍ മതി. അതുണ്ടാവില്ല അതല്ലേ കുഴപ്പം? ‘കേശവന് ശരശയ്യയില്‍ കിടക്കുന്ന അസ്വസ്ഥതയോടെ പറഞ്ഞു ‘ഞാനില്ല പ്രസ്തോതനാകാന്‍. ആവാം എന്നു സമ്മതിച്ചാല്‍ തുടങ്ങുകയായി കുഴപ്പങ്ങള്‍. ആദ്യം പഠിച്ചേടത്തോളം സ്വരം എല്ലാം മറക്കണം. പിന്നെ ശുഷ്കത്തിന് പോകണം. ദുരിതമയം’. അമ്മ ചുളിവുകള്‍ വീണ നെറ്റി ഒന്നുകൂടി ചുളിച്ചുകൊണ്ടു ചോദിച്ചു. ‘ശുഷ്ക്കം’? രവിയാണ് കേശവന്റെ വാദത്തിന്റെ നിസ്സാരത പ്രകടിപ്പിച്ചുകൊണ്ട് മറുപടി പറഞ്ഞത്. ‘ക്രിയകളുടെ ചുരുക്കം ചെയ്യുന്നതിനാണ് ശുഷ്കം എന്നു പറയുന്നത്’ കേശവന് തുടര്‍ന്നു. ‘വൈദികന്റെ ഇല്ലത്താണ് ശുഷ്കം. നമ്പൂതിരിമാര്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും കൊള്ളിച്ചുകൊണ്ട് ഓരോന്നു പറയാന്‍ വേണ്ടി ഒരു ശുഷ്കം. ഒരു സംസ്കാരം ഇല്ലാത്ത വര്‍ഗം. യജ്ഞപുരം ക്ഷേത്രത്തിലെ വാരത്തിന് കണ്ടതല്ലേ? എനിക്കു വയ്യ അവരുടെ ഇടയില്‍’. രവി നിരാശയുടെ അഗാധതയ്ക്കുമുന്നില് നിന്നു ചോദിച്ചു. ‘കേശവേട്ടനെ അല്ലല്ലോ അവര്‍ കൊള്ളിച്ചു പറയുന്നത്? അവര്‍ തമ്മില്‍ തമ്മിലല്ലേ? അതും തമാശയ്ക്ക്. ഈ നിസ്സാരകാര്യംകൊണ്ട് ആര്‍ത്വിജം വേണ്ടെന്നു വയ്ക്കുന്നത് കഷ്ടം തന്നെ ആണ്.’ ‘അതു മാത്രമൊന്നുമല്ല. ഇവിടുത്തെ പോലെ സ്വരം അപകടമാക്കിച്ചൊല്ലിയാല് പാപം ഉണ്ടാകും. എന്തിനാ വെറുതെ പാപം ഏറ്റെടുക്കുന്നത്?’ കേശവന് പുതിയ വാദം എടുത്തു. രവികൂടുതല് വികാരാധീനനായി പറഞ്ഞു. ‘രവിക്ക് കുറച്ചധികം പാപം ആയിക്കോട്ടെ അല്ലേ? എന്തിനാ സുബ്രഹ്മണ്യനാവാം എന്നു പറഞ്ഞത്? ജീവിതകാലം മുഴുവന്‍ വിശുദ്ധനായി ഇരിക്കാമായിരുന്നില്ലേ? വെറുതേ ഓരോ ഒഴിവുകഴിവു പറയുക. അത്രേ ഉള്ളൂ. കേശവേട്ടന് ഗുരുകുലത്തില്‍ പഠിച്ചപോലെ തന്നെ ആണോ നാട്ടില്‍ ചൊല്ലിയിരുന്നത്? സ്വരത്തിന് ഒരു വ്യത്യാസവും ഉണ്ടായിരുന്നില്ലേ? ഓരോ നാട്ടില്‍ കുറച്ച് കുറച്ച് വ്യത്യാസം ഉണ്ടാകും. നാട്ടില്‍നിന്ന് വളരെ അകലെ ആയതുകൊണ്ട് ഇവിടെ കുറച്ചധികം വ്യത്യാസം ഉണ്ടാകാം. അല്ലാതെ ഒന്നും ഇല്ല?’ കേശവന് സമ്മതിച്ചു. ‘സമ്മതിച്ചു. സ്വരവ്യത്യാസം അത്ര വലിയ പാപം അല്ലായിരിക്കാം. സ്വരത്തിന്റെ വ്യത്യാസം എനിക്ക് കൂടുതല്‍ വേഗം വഴങ്ങുകയും ചെയ്യുമായിരിക്കാം. ബുദ്ധിയും കൂടുതലുണ്ടാകാം. പക്ഷേ എനിക്ക് ഇഷ്ടമല്ലാത്ത കാര്യം ഞാന്‍ ചെയ്യണം എന്ന് നിനക്ക് എന്താ ഇത്ര നിര്‍ബന്ധം?’ രവിയുടെ കണ്ണില്നനവുപടര്ന്നു. ‘കാരണം എന്റെ ഏട്ടനാണ് എന്നതുതന്നെ. പുതിയ നാട്ടില്‍ എല്ലാ പ്രതീക്ഷകളിലും എന്റെ തെറ്റു പുരണ്ട് എല്ലാവരുടേയും മുന്നില്‍ നാമെല്ലാവരും മോശക്കരാവാതിരിക്കാന്. ഭാവി ജീവതത്തിന്റെ തുടക്കമേ നിറം കെട്ടതാവാതാരിക്കാന്. ഇതൊന്നും നിര്‍ബന്ധിക്കാന്‍ തക്കതായ കാരണങ്ങളല്ലേ?’ കേശവന് വാദങ്ങളെല്ലാം അടയുന്നതു കണ്ടപ്പോള്‍ തീര്‍ത്തു പറഞ്ഞു. ‘നീ എന്തു പറഞ്ഞിട്ടും കാര്യമില്ല. എന്നേക്കൊണ്ട് വയ്യ ഈ മാറ്റം പെട്ടെന്ന് അങ്ഗീകരിക്കാന്‍. നീയ്യും അമ്മയും കൃഷ്ണേട്ടനും എല്ലാം ആണ് എന്നെ ഇപ്പോഴും പിടിച്ചു നിര്‍ത്തുന്നത്. അല്ലെങ്കില്‍ എങ്ങനേയെങ്കിലും തിരിച്ചു പോകുമായിരുന്നു.’ ‘തിരിച്ചു പോകാനാണോ ഇത്ര കഷ്ടപ്പാടുകള്‍ സഹിച്ചു വന്നത്?’ ‘ഇവിടുത്തെ ആളുകളെ പിടിക്കാതെ വന്നവരെല്ലാം തിരിച്ചു പോകുകയല്ലേ? അവരും കഷ്ടപ്പാടുകള്‍ സഹിച്ചു തന്നെ ആയിരിക്കും വന്നിരിക്കുക.’ ‘അത്ര ദുഷടന്മാരൊന്നും അല്ല ഇവിടെ ഉള്ളവര്‍. പിന്നെ ഇവിടെ ഉള്ള നമ്പൂതിരിമാരെല്ലാം പുറമെ നിന്നു വന്നവരാണ്. അവരെല്ലാവരും തിരിച്ചു പോയിട്ടൊന്നും ഇല്ല എന്നുള്ളത് വ്യക്തമല്ലേ?’ ‘അഗ്നിദത്തന്‍ നമ്പൂതിരിമാരെപ്പോലുള്ളവരാണോ നല്ല ആളുകള്‍?’ ‘എല്ലാ പ്രദേശത്തും അങ്ങനെ ചില പാപജന്മങ്ങളുണ്ടാകും. അവരെ ഒഴിവാക്കാന്‍ എങ്ങോട്ടു പോയിട്ടും പ്രയോജനമില്ല. വേറെ ഒരു ദിക്കില്‍ ചെന്നാല്‍ മറ്റൊരാളാകും എന്നേ വ്യത്യാസമുണ്ടാവൂ.’ ‘പിന്നെ അനിയന് എന്നു പറഞ്ഞാളാണോ നല്ലയാളെന്ന് നീ ഉദ്ദേശിച്ചത്?’ ‘അമ്മേ അദ്ദേഹം പ്രത്യേകതരക്കാരനാണ്. എന്നാല്‍ ഗ്രാമത്തില്‍ എല്ലാവര്ക്കും അദ്ദേഹത്തിനെ ഇഷ്ടമാണുതാനും. കേശവേട്ടന് ഇങ്ങനെ മുഖം കൂര്പ്പിച്ചിരുന്നിട്ടാണ് കുഴപ്പം.’ ‘എനിക്ക് നിന്റെ വേദാന്തം ഒന്നും കേള്‍ക്കേണ്ട. നിങ്ങളെ ഒന്നും പിരിയാന്‍ വയ്യാത്തതുകൊണ്ടാണ് ഞാന്‍ തിരിച്ചുപോകാത്തത്.’ ‘ഇപ്പൊ അങ്ങനെത്തന്നെ ഇരിക്കട്ടെ. കേശവേട്ടന്റെ വിവാഹം കഴിഞ്ഞാല്‍ വിധം മാറും. നിങ്ങളെല്ലാം ഇവിടെ നില്ക്കുകകയാണെങ്കില് നിന്നുകൊള്ളൂ. ഞാനും കുടുംബവും പോകുകയാണ് എന്നാകും. എന്നാലും ഈ തിരിച്ചു പോകാനുള്ള ശ്വാസംമ്മുട്ട് ഏട്ടന് ഒഴിവാക്കില്ല.’ അമ്മ രവിയുടെ അഭിപ്രായം കേട്ട് പൊട്ടിച്ചിരിച്ചു. കേശവനും പുഞ്ചിരിച്ചു.
(തുടരും)
കരിയന്നൂര്‍ ദിവാകരന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: