കിനാലൂരില്‍ നഗര വ്യവസായ പദ്ധതി നടപ്പാക്കിയേ അടങ്ങൂ എന്ന പിടിവാശിയുമായി എളമരം ഇസ്മെയിലൂട്ടി മകന് കരീം വാര്‍ത്താമാധ്യമങ്ങളില്‍ നിറഞ്ഞ ഒരു കാലമുണ്ട്. അന്ന് കേരളത്തിന്റെ വ്യവസായം ഭരിക്കുന്ന മന്ത്രിയായിരുന്നു അദ്ദേഹം. എന്നുവെച്ചാല്‍ കുഞ്ഞാലിക്കുട്ടിയുടെ തുടര്‍ച്ച. അതങ്ങനെയാണ്, കുഞ്ഞാലിക്കുട്ടി, കരീം, പിന്നെയും കുഞ്ഞാലിക്കുട്ടി എന്നിങ്ങനെ തുടരുന്നതാണ് കേരളത്തിന്റെ വ്യവസായ വളര്‍ച്ചയുടെ പുതിയ ചരിത്രം. ഒക്കെ ഒരു കോയിക്കോടന്‍ കച്ചോടം തന്നെ. ആ പുരോഗതി തൊട്ടറിയണമെങ്കില്‍ കോയിക്കോട്ടങ്ങാടിയില്ച്ചെല്ലണം. മുപ്പത്തിമൂന്ന് കൊല്ലം മുമ്പ് ഐ.വി. ശശി സംവിധാനം ചെയ്ത അങ്ങാടി സിനിമയുടെ ഓര്‍മ്മകള്‍ തെല്ലും മായ്ക്കാതെ അത് അവിടെ അങ്ങനെ തന്നെയുണ്ട് ഇപ്പോഴും. ഒരു വികസനവും ബാധകമല്ലാത്ത തെരുവ്. റോഡിന് വീതികൂട്ടാനും നഗര വ്യവസായ പദ്ധതി പൊലിപ്പിക്കാനും കരീമിക്ക അങ്ങോട്ടേക്ക് പോകില്ല. അതിന് കിനാലൂരും മാവൂരുമൊക്കെ വേണം. അതാവുമ്പോള്‍ പോക്കറ്റിലോട്ടെന്തെങ്കിലുമൊക്കെ വീഴാനേ ഉള്ളൂ. നഷ്ടപ്പെടാന്‍ നാട്ടുകാര്ക്കല്ലേയുള്ളൂ, കരീമിനെന്തു ചേതം?
നഗരവ്യവസായത്തിന് കരീമിക്കയും കുഞ്ഞാപ്പയും കൈകോര്‍ത്ത് ഒത്തുപിടിച്ചപ്പോഴാണ് കിനാലൂരിലെ നാട്ടുകാര്‍ തെരുവിലിറങ്ങിയത്. കോടിയേരിയുടെ പോലീസ് തല്ലിയൊതുക്കുകയായിരുന്നു അന്ന് നാട്ടുകാരെ. പ്രതിഷേധം കിനാലൂരില്‍ അടങ്ങാതെവന്നപ്പോള് തല്ക്കാലം കരീം തടിയൂരി. മഴ പെയ്ത് തോര്‍ന്നിട്ടും മരം തോര്‍ന്നില്ല. വിവാദം പാര്‍ട്ടിക്കുള്ളിലും പുറത്തും കത്തിപ്പടര്‍ന്നപ്പോഴാണ് കരീമിക്ക തന്റെ വ്യാവസായിക പുരോഗതിക്ക് പുതിയ ആഴങ്ങള്‍ തെരഞ്ഞത്. വ്യവസായം തെങ്ങിന്റെ മണ്ടയില്‍ നടപ്പാക്കാനാകില്ലെന്ന തട്ടുപൊളിപ്പന്‍ കണ്ടുപിടിത്തം തെങ്ങിന് മുകളില്‍ നിന്ന് ജീവിതം തുടങ്ങിയ പാര്‍ട്ടി നേതാക്കന്മാര്ക്കുള്ള മുന്നറിയിപ്പായിരുന്നു. തെങ്ങിന്മുകളിലല്ല ചക്കിട്ടപ്പാറയുടെ അടിയിലാണ് വ്യവസായം തഴച്ചുവളരുന്നതെന്ന് കരീമിക്കയുടെ എളാപ്പയുടെ മകന് നൗഷാദ് തെളിയിച്ചതിന്റെ കോലാഹലമാണിപ്പോള്‍ കത്തിനില്‍ക്കുന്നത്.
ഉമ്മന്‍ചാണ്ടിക്ക് സലീംരാജെന്നതു പോലെ എളംമരം കരീമിന് ടി.പി. നൗഷാദ് വല്ലാണ്ട് വേണ്ടപ്പെട്ടവനായിപ്പോയി. എടുത്ത വായ്പ തിരിച്ചടയ്ക്കാഞ്ഞതിന്റെ പേരില്‍ ബാങ്കുകാര് അയച്ച നോട്ടീസിന് താന്‍ പാപ്പരായെന്ന് സത്യവാഗ്മൂലം നല്കിയ പാവം പയ്യനാണ് എളാപ്പേടെ മോന്. കാല്‍ക്കാശിന് ഗതിയില്ലാത്ത നൗഷാദ്മോന് മലപ്പുറത്തും കോഴിക്കോട്ടുമായി പത്തിരുപത്താറിടത്ത് വസ്തുവുണ്ടെന്ന് രേഖകള്‍ സഹിതം വാര്‍ത്തകള്‍ പുറത്തു വരുന്നു. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിലെ പാവപ്പെട്ട കരാര്‍ തൊഴിലാളികളുടെ നേതാവ് കളിച്ച് കോയിക്കോട്ടെ പിണറായിയായി മാറിയ കരീം വ്യവസായ സാമ്രാജ്യം പണിയാന്‍ തല്ലിച്ചതച്ച അതേ കിനാലൂരിലുമുണ്ട് എളാപ്പേടെ മോന് ഏഴിടത്ത് ഭൂമിയെന്ന് തല്പരകക്ഷികള്. ബാലുശ്ശേരിയിലും മുക്കത്തും നൗഷാദിനെതിരെ കേസുണ്ട്. പോലീസിന്റെ ഒടുക്കത്തെ നിഗമനമനുസരിച്ച് തളത്തില്‍ പൂളക്കമണ്ണില്‍ നൗഷാദിന്റെ ഗോഡ് ഫാദര്‍ കരീമിക്കയാണ്.
ചേവായൂരെ ക്രഷര്കമ്പനിയുടെ പകുതി ഓഹരി പകുത്ത് നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചതിന് വി.പി. മൊയ്തീന് ഹാജിയും സമാനമായ സംഭവത്തില്‍ മുക്കത്തെ ശിവരാജനുമാണ് പരാതിക്കാര്‍. ഏഴേക്കര്‍ ഭൂമി ക്രഷര്കമ്പനിക്കെന്ന് പറഞ്ഞ് സ്വന്തമാക്കി കരിങ്കല്ലില്‍ നിന്ന് ഇരുമ്പ് അയിര് വേര്‍തിരിക്കുന്നതിന് എംഎസ്പിഎല്‍ എന്ന കമ്പനിക്ക് കരാറാക്കുകയായിരുന്നു കരീമിന്റെയും എളാപ്പേടെ മോന്റേം അതിബുദ്ധി. കുദ്രേമുഖ് എന്ന കേന്ദ്ര പൊതുമേഖലാസ്ഥാപനം രണ്ടുകൈയും നീട്ടി നില്‍ക്കുമ്പോഴാണ് അതിനെ മറികടന്ന് സര്‍ക്കാര്‍ ഈ കന്നംതിരിവ് കാട്ടിയത്. ഒടുവില്‍ കേള്‍ക്കുന്നത് ഇക്കാര്യത്തില്‍ വ്യവസായ വകുപ്പ് സെക്രട്ടറിയുടെ നീട്ടിന് മന്ത്രി കരീം നല്‍കിയത് പുല്ലുവിലയാണെന്നാണ്.
അഴിമതിയും കോഴയും പകല്‍പോലെ വ്യക്തമായിട്ടും കരീമിക്കയുടെ പേരില്‍ പാര്‍ട്ടി നടപടിയില്ല. സാക്ഷാല്‍ പിണറായി ലാവ്ലിന്റെ കെട്ടില്‍നിന്ന് പുറത്ത് ചാടിയതിന്റെ തൊട്ടുപിന്നാലെയാണ് എളമരം പൂത്തുലഞ്ഞുനില്‍ക്കുന്നത്. ഇടതും വലതും ഭേദമില്ലാതെ മന്ത്രിമാരും മുഖ്യമന്ത്രിമാരുമൊക്കെ ഇടനിലക്കാരും ഏജന്റുമാരുമാകുന്ന അവസ്ഥയാണ്. ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മോനും എളമരം കരീമിന്റെ ഏളാപ്പേടെ മോനും തമ്മില്‍ അതിശയകരമായ സമാനതയാണ് ഉള്ളത്. സലീമിന്റെ ഭൂമി ഇടപാടുകളെക്കുറിച്ച് ഇനി ഇടതന്മാര് മിണ്ടില്ല. നൗഷാദിനെയും കരീമിനെയും തിരുവഞ്ചൂരിന്റെ ആഭ്യന്തര വകുപ്പ് തൊടില്ല.
ശ്രീധരന്‍നായര്‍ നാല്പത് ലക്ഷം സരിത വഴി മറിച്ചത് മുഖ്യമന്ത്രിയില്‍ വിശ്വാസമുള്ളതുകൊണ്ടാണ്. നൗഷാദിന്റെ വലയില്‍ കോഴിക്കോട്ടെ ഭൂവുടമകള്‍ വീണതാകട്ടെ എളമരത്തിന്റെ തണലിലും. കരീമിന്റെ പാര്‍ട്ടിയും ഉമ്മന്‍ചാണ്ടിയുടെ പാര്‍ട്ടിയും തമ്മിലുള്ള ബന്ധം ഇപ്പോള്‍ ഫേസ്ബുക്ക് വഴിയാണ്. ഒഞ്ചിയം ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ കണ്ട കുറ്റിക്കാട്ടിലും മലഞ്ചെരിവിലും ഒളിച്ചുനടന്ന് കഷ്ടപ്പെടേണ്ടെന്ന് കരുതിയാണ് പോലീസ് അവര്‍ക്ക് കോഴിക്കോട് ജയിലില്‍ പഞ്ചനക്ഷത്രസൗകര്യമൊരുക്കിയത്. കോഴിക്കോട് നഗരത്തില്‍ പാര്ട്ടിസഖാക്കന്മാരെ വിളിച്ചുകൂട്ടി കരീം സഖാവ് പോലീസിനും സര്‍ക്കാരിനും നല്കിയ ഭീഷണിക്ക് ഫലമുണ്ടായി എന്നര്‍ത്ഥം. കിര്‍മാണി മനോജും കൊടി സുനിയും എളമരം കരീമും തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമൊക്കെക്കൂടി മലയാളിയുടെ കണ്ണില്‍ പൊടിയിടുകയാണെന്നറിയാന് ഇതിനപ്പുറം എന്തുവേണം.
കേരളമാകെ ഇപ്പോള്‍ ഭൂമികച്ചവടക്കാരുടെ ഭരണമാണ്. മൂന്ന് സെന്റ് ഭൂമിയുടെ മറവില്‍ ഭൂരഹിതരില്ലാ കേരളം പദ്ധതിയും പട്ടയമേളയും കൊഴുപ്പിച്ച് ചെന്നിത്തലയ്ക്ക് നിരങ്ങാന്‍ എമ്പാടും കോളനികള്‍ തീര്‍ക്കുകയാണ് സര്‍ക്കാര്‍. രാജ്യത്തെ ഏറ്റവും മുന്തിയ ഭൂമികച്ചവടക്കാരനും യുപിഎ ചെയര്‍പേഴ്സണ്‍ സോണിയാ മാഡത്തിന്റെ മരുമകനുമായ റോബര്‍ട്ട് വാദ്രയുടെ വരെ കണ്ണ് ഇങ്ങ് ആറന്മുളയിലാണ്. റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ നാലാംകിട ബ്രോക്കര്‍ പണിയെടുക്കുകയാണ് ഫലത്തില്‍ കേരളം വോട്ടുകുത്തി തെരഞ്ഞെടുത്തയച്ച മന്ത്രിമാരും നേതാക്കളും. പി.ജെ. കുര്യനും ആന്റോ ആന്റണിയും കെ.വി. തോമസും കുഞ്ഞാലിക്കുട്ടിയും എളമരം കരീമും ഒക്കെ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് ഇത് തന്നെയാണ്. എന്നിട്ടാണ് കരിമണല്‍ ഖാനനം സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ കരീം പ്രസംഗിക്കാന്‍ പോകുന്നത്. ചക്കിട്ടപ്പാറയും കാക്കൂരും മാവൂരും നടന്ന കരീമിന്റെ വഴിവിട്ട ഇടപെടലുകള്‍ നാടെമ്പാടും ചര്‍ച്ചയായിട്ടും പ്ലീനംകഴിഞ്ഞ പാര്‍ട്ടിക്ക് നടപടിയെടുക്കാന്‍ ചങ്കൂറ്റമില്ല. പാര്‍ട്ടിയെ മൊത്തത്തില്‍ ചാക്കിനകത്താക്കിയ വി.എം. രാധാകൃഷ്ണും ചക്കിട്ടപ്പാറ കരീമും മുഴുനീളത്തില്‍ നിവര്‍ന്നു നില്‍ക്കുമ്പോഴും പ്ലീനം കഴിഞ്ഞ പാര്‍ട്ടി കളങ്കിതര്‍ക്ക് അയിത്തം കല്പിക്കണമെന്ന് പറയുന്നത് ഉളുപ്പില്ലായ്മയാണ്. ഇപ്പറഞ്ഞ തരക്കാരെ നോക്കിയാണ് മുമ്പൊരിക്കല്‍ അച്യുതാനന്ദന് വെറുക്കപ്പെട്ടവന്‍ എന്നു വിളിച്ചത്. ലാവ്ലിന് വിധിയോടെ വേലിക്കകത്തയെന്ന് പിണറായി സമാശ്വസിക്കുന്ന വര്‍ഗശത്രു ചക്കിട്ടപ്പാറ വഴി മടങ്ങിവരാനുള്ള സാധ്യത ഏറെയാണ്.
എം. സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: