കോണ്‍ഗ്രസ്സിന്റെ ‘യുവരാജാവ്’ രാഹുലിന് പ്രസംഗം പറഞ്ഞുകൊടുക്കുന്നവരുടെ പട്ടികയിലെ ഒന്നാമന്. മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ദ്വിഗ്വിജയസിംഗിനെ കുറിച്ചങ്ങിനെയാണ് കേട്ടിരുന്നത്. വിടുവായത്തം വിളിച്ചുപറഞ്ഞ് ബിജെപി – ആര്‍എസ്എസ് വിരുദ്ധരുടെ കയ്യടി നേടുക പതിവായിരുന്നു. ചിലര്‍ക്ക് ബോധോദയം സംഭവിക്കുന്നത് പെട്ടെന്നാണ്. ദ്വിഗ് വിജയ്സിംഗിന് അതുണ്ടായോ? സംശയത്തിനടിസ്ഥാനം ഏറ്റവും ഒടുവിലത്തെ അദ്ദേഹത്തിന്റെ പ്രസ്താവനകളാണ്.
നരേന്ദ്രമോദിയെ എന്നും ഒന്നാം നമ്പര്‍ ശത്രുസ്ഥാനത്ത് പ്രതിഷ്ഠിച്ച് ദ്വിഗ്വിജയ്സിംഗ് എയ്തുവിട്ട വിമര്‍ശനശരങ്ങള്‍ക്ക് കയ്യും കണക്കുമില്ല. ‘അതെല്ലാം മറന്നേക്കൂ’ എന്ന മട്ടിലാണ് ദല്‍ഹിയില്‍ ഒരു സെമിനാറില്‍ സംസാരിക്കവെ നരേന്ദ്രമോദിയെ അദ്ദേഹം പ്രകീര്‍ത്തിച്ചത്.
“നരേന്ദ്രമോദി മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയിയെ പോലെയാണ്. അദ്ദേഹത്തിന്റെ പാതയാണ് മോദി പിന്തുടരുന്നത്. അത് സ്വാഗതാര്‍ഹമാണ്. ഒരു ചായക്കടക്കാരന് എന്തുകൊണ്ട് ഒരു പ്രധാനമന്ത്രി ആയിക്കൂടാ” എന്നും ദ്വിഗ്വിജയ്സിംഗ് ചോദിച്ചിരിക്കുന്നു.
ചായക്കടയില്‍ ജോലിചെയ്യുന്നത് ഒരു അയോഗ്യതയായി കോണ്‍ഗ്രസ്സിന്റെ രാഹുലല്ലാതെ മറ്റാരും കണക്കാക്കില്ല. ചായക്കടയില്‍ ജോലിചെയ്യുന്ന ദശലക്ഷകണക്കിനാളുകള്‍ നമ്മുടെ രാജ്യത്തുണ്ട്. അവര്‍ എല്ലാം തന്നെ പൗരന്മാരുമായിരിക്കും. വോട്ടര്‍ പട്ടികയില്‍ പേരുമുണ്ടാകും. വോട്ടുചെയ്യാന്‍ മാത്രമല്ല സ്ഥാനാര്‍ത്ഥിയാകാനും വോട്ടുചോദിക്കാനും അവര്‍ക്കവകാശമുണ്ട്.
നന്നേ ചെറുപ്പത്തില്‍ അച്ഛന്റെ ചായക്കടയില്‍ അദ്ദേഹത്തെ സഹായിച്ചത് അപമാനമായല്ല അഭിമാനമായാണ് നരേന്ദ്ര മോദിയും കണ്ടിരുന്നത്.
അമേരിക്കന്‍ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കണ് വായില്‍ സ്വര്‍ണക്കരണ്ടിയുമായി പിറയാളല്ലല്ലൊ. കെന്റക്കിയില്‍ ഒറ്റമുറിയുള്ള മരക്കുടിയില് ജനിച്ച ആ പട്ടിണിക്കാരന് അമേരിക്കയുടെ പതിനാറാമത്തെ പ്രസിഡന്റായി. എബ്രഹാം ലിങ്കണ് സൃഷ്ടിച്ച പരിഷ്ക്കാരവും പരിവര്‍ത്തനങ്ങളും ചരിത്രമാണല്ലോ.
അമേരിക്കയില്‍ നിലനിന്നിരുന്ന പൈശാചികമായ അടിമ സമ്പ്രദായത്തിന് അറുതി വരുത്തിയ എബ്രഹാം ലിങ്കണ് അതിന് നല്കിയ വില ജീവന് തന്നെയായിരുന്നു. ജീവന്‍പോയാലും ഇന്ത്യയെ പുരോഗതിയിലേക്ക് നയിക്കാനും വികസനത്തിന്റെ പുതിയൊരു യുഗം സൃഷ്ടിക്കാനും പ്രയത്നിക്കുന്ന നരേന്ദ്രമോദി ഇന്ത്യയുടെ എബ്രഹാം ലിങ്കനാണെന്ന് വിശേഷിപ്പിച്ചാലും തെറ്റില്ല. സല്‍ഭരണത്തിന്റെയും സമര്‍പ്പിത ജീവിതത്തിന്റെയും സമാനതകളില്ലാത്ത വ്യക്തിത്ത്വമായ അടല്‍ബിഹാരി വാജിപേയിയെ പോലെയാണ് മോദിയെന്ന് ദ്വിഗ്വിജയ്സിംഗ് പറയുമ്പോള്‍ അത് വെറുംവാക്കായി കാണാനാവുകയില്ല.
എബ്രഹാം ലിങ്കന്റെ ബാല്യത്തെകുറിച്ച് ഇന്നും വലിയ വിവരങ്ങളൊന്നും ലഭ്യമല്ല. 22-ാം വയസ്സില്‍ ന്യൂ ഒര്‍ലിയന്‍സില്‍ ലഭിച്ച ജോലിക്കിടയില്‍ കണ്ട ഒരു അടിമലേലമാണ് അദ്ദേഹത്തിന്റെ മനസ്സിനെ വല്ലാതെ സ്വാധീനിച്ചത്. അധികം വൈകാതെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച എബ്രഹാം ലിങ്കണ് ഇലിനോയ് സംസ്ഥാനത്തെ ജനപ്രതിനിധിയായി. അതോടൊപ്പം അഭിഭാഷകനുമായി. സഭയില്‍ ആഞ്ഞടിച്ചുകൊണ്ട് ആരംഭിച്ച അടിമ സമ്പ്രദായത്തിനെതിരായ സമരത്തില്‍ അദ്ദേഹം വിജയിക്കുകതന്നെ ചെയ്തു. വര്ണവെറിയന്മാരുടെ വിരോധത്തിന് പാത്രമായ എബ്രഹാംലിങ്കണ് ഏത് കാലഘട്ടത്തിലും മാതൃക തന്നെയാണ്.
ജീവിത പ്രയാസം തന്നെയാണ് നരേന്ദ്രമോദിയേയും ചായക്കടയിലെത്തിച്ചത്. അവിടെനിന്ന് പിടികൂടിയ രാഷ്ട്രീയം കോണ്‍ഗ്രസ്സിന്റെ സേച്ഛാഭരണത്തിനെതിരായ പോരാട്ടത്തിനുള്ള പ്രതിജ്ഞയായി. എബ്രഹാം ലിങ്കണെപോലെ ദൃഢപ്രതിജ്ഞയുമായി വാക്കും പ്രവര്‍ത്തിയും തമ്മില്പൊരുത്തപ്പെടുത്തിയുള്ള പ്രയാണമാണ് നരേന്ദ്ര മോദിയെ ഗാന്ധിജിയുടെ ജന്മ സംസ്ഥാനമായ ഗുജറാത്തിന്റെ മുഖ്യമന്ത്രി കസേരയിലെത്തിച്ചത്. ചായക്കടയും ചാരായകടയും തമ്മിലുള്ള അന്തരമറിയാത്ത രാഹുലിന് ചരിത്രവും ചാരിത്ര്യവും നിശ്ചയമില്ലല്ലൊ.
കണ്ണല്ലാത്തതെല്ലാം പൊന്നാക്കും എന്ന വാക്ക് നല്കുന്ന രാഷ്ട്രീയത്തെയാണ് മോദിക്ക് മുമ്പ് ഗുജറാത്ത് കണ്ടത്. വാക്കൊന്ന് പ്രവര്‍ത്തി മറ്റൊന്ന് എന്ന ശൈലി കണ്ടുമടുത്ത ജനങ്ങള്‍ ഒരു വ്യാഴവട്ടമായി മുത്തിനേയും മുക്കുപണ്ടങ്ങളേയും തിരിച്ചറിയുന്നു. നരേന്ദ്രമോദിയുടെ ഗുജറാത്ത് “മാവേലി നാടു വാണീടുകാലം മാലോകരെല്ലാരും ഒന്നുപോലെ. അല്ലലുമില്ല അലട്ടുമില്ല എള്ളോളമില്ല പൊളിവചനം” എന്ന രീതിയിലാണ്.
സംഘര്‍ഷം വാര്‍ഷിക പദ്ധതിയായിരുന്ന ഗുജറാത്തില്‍ കലാപമില്ല. കഷ്ടപ്പാടില്ല. വികസനത്തിന്റെ പുത്തന്‍ പടവുകളോരോന്നും കയറിക്കൊണ്ടിരിക്കുന്നു. പണ്ട് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ നീട്ടിപ്പാടിയ ശീലുകളുണ്ട്. “സോവ്യറ്റ് എന്നൊരു നാടുണ്ടത്രെ. പോകാന്‍ കഴിഞ്ഞെങ്കിലെന്തു ഭാഗ്യം.”
ഗുജറാത്തിലേക്ക് പോകാന്‍, കാര്യങ്ങളറിയാന്‍ മനസ്സ് വെമ്പുകയാണ് പലര്‍ക്കും. മന്ത്രിമാര്‍ക്കും എംഎല്‍എ മാര്‍ക്കും ജനപ്രതിനിധികള്‍ക്കും. ദുരഭിമാനവും വിമര്‍ശന ഭീതിയുമാണെല്ലാവരേയും പിന്തിരിപ്പിക്കുന്നത്. ധനകാര്യമന്ത്രി കെ.എം. മാണിയുടെ നേതൃത്വത്തില്‍ ഒരുപ്രതിനിധി സംഘം ഗുജറാത്തിലേക്ക് നിശ്ചയിച്ച യാത്ര അവസാനനിമിഷം റദ്ദാക്കി. അതിനിടയില്‍ രഹസ്യമായി ചില എംഎല്‍എ മാര്‍ ഗുജറാത്തിലെത്തി കുറേ കാര്യങ്ങള്‍ കണ്ടു പഠിച്ചു. പഠിച്ചത് പറഞ്ഞാല്‍ പുലിവാലാകുമോ എന്ന ശങ്കയിലാണവര്‍. “സര്പ്പക്കാവില് കയറി കാര്‍ക്കിച്ച” അവസ്ഥ. എത്രകാലം എന്നേ അറിയാനുള്ളൂ.
കഴിഞ്ഞ ഏപ്രിലില്‍ തൊഴില്‍മന്ത്രി ഷിബു ബേബിജോണ്‍ ഗുജറാത്തിലെത്തിയിരുന്നു. അവിടെ തൊഴില്‍രംഗത്ത് കൈവരിച്ച നേട്ടങ്ങളും തൊഴിലാളികള്‍ക്ക് നല്‍കിവരുന്ന മികച്ച സൗകര്യങ്ങളും വൈദഗ്ധ്യവുമെല്ലാം കണ്ട് ബോധ്യപ്പെട്ടെത്തിയ മന്ത്രി ‘കാക്കക്കൂട്ടത്തില്‍ അകപ്പെട്ടുപോയ കുയിലി’ന്റെ സ്ഥിതിയിലായിരുന്നു. എല്ലാവരും വളഞ്ഞ് വിമര്‍ശിച്ചപ്പോള്‍ മനസാക്ഷിയെ തട്ടിന്പുറത്തൊളിപ്പിച്ച് ഖേദം പ്രകടിപ്പിച്ച് സംഘര്‍ഷം ലഘൂകരിച്ചു.
ഗുജറാത്തിനെ കണ്ട് പഠിക്കണമെന്ന് മറുനാട്ടില്‍ ചെന്ന് പ്രസംഗിച്ചതിനാണ് സിപിഎം എംപിയായിരുന്ന എ.പി. അബ്ദുള്ളക്കുട്ടി വിമര്‍ശനം നേരിട്ടത്. ഗുജറാത്ത് ഭരണം മാതൃകയാണെന്ന സത്യം വിളിച്ചുപറഞ്ഞ ലീഗ് എംഎല്‍എ കെ.എം. ഷാജിക്കും ഒടുവില്‍ രക്ഷപ്പെടാന്‍ “പ്രസംഗം വളച്ചൊടിച്ചു” എന്ന രാഷ്ട്രീയക്കാരന്റെ അടവ് പ്രയോഗിച്ച് തടിതപ്പി. എന്നാല്‍ തടിതപ്പാന്‍ പറ്റാത്തവിധം കേരളത്തിന്റെ ആസൂത്രണ ബോര്‍ഡ് തയ്യാറാക്കിയ രേഖ മുഴച്ചുനില്ക്കുന്നു.
മുഖ്യമന്ത്രിയാണ് കേരളത്തിന്റെ പ്ലാനിംഗ് ബോര്‍ഡ് ചെയര്മാന്. എല്ലാ ഘടകകക്ഷി മന്ത്രിമാരും വിദഗ്ധരുമടങ്ങിയ ആസൂത്രണബോര്‍ഡ് നരേന്ദ്രമോദിയുടെ ഊര്‍ജസ്വലതയെ പ്രകീര്‍ത്തിച്ചത് അറിയാതെ പറ്റിയതുകൊണ്ടല്ല. നിവൃത്തികേടുകൊണ്ടാണെന്ന് വ്യക്തം. കോണ്‍ഗ്രസ്സിന്റെ ഒരു മുഖ്യമന്ത്രിയേയും മാതൃകയാക്കി ഉയര്ത്തിക്കാട്ടാനില്ലാത്തപ്പോള് മേറ്റ്ന്തുചെയ്യും?.
‘കേരള വികസന കാഴ്ചപ്പാട് 2030’ എന്ന രേഖയിലെ 24.5 ഇനമായി രേഖപ്പെടുത്തിയ ഉപസംഹാരം ‘നേതൃത്ത്വമാണ് പ്രധാനം’ എന്ന വാക്കിലൂടെയാണ് നരേന്ദ്രമോദിയെ പ്രശംസിച്ചിരിക്കുന്നത്. ഊര്‍ജസ്വലമായ രാഷ്ട്രീയ നേതൃത്ത്വത്തിന് വന്‍മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയും. ഗുജറാത്ത്, ഒഡീഷ, ബീഹാര്‍ സംസ്ഥാനങ്ങളെയാണ് രേഖ ഉദാഹരിച്ചത്. വികസനത്തിനും ജനസേവനത്തിനും വ്യവസ്ഥിതിയെ കുറ്റപ്പെടുത്തി തടിതപ്പാനാണ് എല്ലാ ഭരണാധികാരികള്‍ക്കും താല്പര്യം. “നിലവിലുള്ള വ്യവസ്ഥിതിയില്‍തന്നെ നിശ്ചയദാര്‍ഢ്യവും ആര്‍ജവുമുള്ള നേതാവിന് ചുരുങ്ങിയ കാലംകൊണ്ട് ഭരണത്തിന്റെ അടിത്തറ സമൂലം മാറ്റാന്‍ കഴിയുമെന്നാണ് ഗുജറാത്തിന്റെ അനുഭവം,” എന്ന് കേരളത്തിന്റെ രേഖ അടിവരയിട്ടു പറയുമ്പോള്‍ ഒന്നു വ്യക്തമാണ്. മാറ്റത്തിന് ആധാരശിലയിട്ട എബ്രഹാംലിങ്കണോട് ഉപമിക്കാന്‍ എന്തുകൊണ്ടും യോഗ്യന്‍ നരേന്ദ്രമോദിയാണ്. ‘ആടെന്തറിഞ്ഞു അങ്ങാടി വാണിഭം’ എന്നപോലെയാണ് രാഹുലിന്റെ കാര്യം. കണ്ടാല്‍ പഠിക്കാത്തവന് കൊണ്ടാല്‍ പഠിക്കണമല്ലൊ. മധ്യപ്രദേശിന്റെ മനസ്സറിഞ്ഞ ദ്വിഗ്വിജയ്സിംഗ് മാറിയില്ലെങ്കിലാണ് അത്ഭുതം.
e-mail: [email protected]
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: