തിരുവനന്തപുരം: ലോകസിനിമയുടെ സംഗമ ഭൂമിയായി തലസ്ഥാ ന നഗരം മാറുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിന് വര്‍ണ്ണാഭമായ തുടക്കം. ഇനിയുള്ള ഏഴുനാളുകള്‍ വ്യത്യസ്ത സംസ്കാരങ്ങളുടെയും ഭാഷകളുടെയും കാഴ്ചകളുടെയും തലസ്ഥാനമായി അനന്തപുരി മാറും.
നിശാഗന്ധിയിലെ തിങ്ങിനിറഞ്ഞ സിനിമാപ്രേക്ഷകരുടെ ആഹ്ലാദാരവങ്ങളെ സാക്ഷിയാക്കി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് നിലവിളക്കിലേക്ക് തിരിതെളിയിച്ച് ലോകസിനിമയുടെ പൂരത്തിന് തുടക്കം കുറിച്ചത്. യുവനടി കീര്‍ത്തി സുരേഷ് ദീപം പകര്‍ന്നു നല്കി. ചടങ്ങില്‍ മന്ത്രി കെ.സി.ജോസഫ് അധ്യക്ഷത വഹിച്ചു.
ചലച്ചിത്രമേള നടത്തുന്നതിനായി സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ഫെസ്റ്റിവല്‍ കോംപ്ലക്സിനുവേണ്ടി ഉടന്‍ സ്ഥലം കണ്ടെത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. വ്യവസായം എന്ന നിലയിലും കലാരൂപം എന്ന നിലയിലും സിനിമ സംരക്ഷിക്കപ്പെടണം. ലോകസിനിമകളെ അടുത്തറിയാനുള്ള അവസരമാണ് ഓരോ ചലച്ചിത്രമേളയും നമുക്ക് സമ്മാനിക്കുന്നത്.
മലയാളികള്‍ ഓണത്തിനായി കാത്തിരിക്കുന്ന പോലെ ഓരോ ചലച്ചിത്രപ്രേമിയും ഫിലിം ഫെസ്റ്റിവലിനായി കാത്തിരിക്കുകയാണ്. ഡെലിഗേറ്റുകളുടെ എണ്ണം പതിനായിരം കഴിഞ്ഞത് ഇതിന് ഉദാഹരണമാണ്. ആത്യന്തികമായി സിനിമ ഉള്‍പ്പെടെയുള്ള എല്ലാ കലാരൂപങ്ങളും ജനങ്ങളുടേതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആര് പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: