കല്‍പ്പറ്റ : പശ്ചിമഘട്ട സംരക്ഷണത്തിനായി മുറവിളികൂട്ടുമ്പോള്തന്നെ അധികൃതരുടെ ഒത്താശയോടെ അതീവ പരിസ്ഥിതിലോല മേഖലയില്‍ വരുന്ന വനപ്രദേശങ്ങളില്‍നിന്ന് വ്യാപകമായ മരംകൊള്ള.
വയനാട് വന്യജീവി സങ്കേതത്തില്പെടുന്ന ബത്തേരി ഫോറസ്റ്റ് റെയ്ഞ്ചില്‍ കല്ലൂര്‍ സെക്ഷനിലെ പിലാക്കാവ് ഭാഗങ്ങളിലാണ് മരംകൊള്ള നടക്കുന്നത്. രാത്രിയുടെ മറവില്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് റോഡരികിലുള്ള മരങ്ങള്‍പോലും മുറിച്ചുകടത്തുന്നത്. ലോഡ്കണക്കിന് മരങ്ങളാണ് ഈ പ്രദേശങ്ങളില്‍ നിന്നും ദിനംപ്രതി മുറിച്ച് കടത്തിയതായി കാണുന്നത്. നല്ലയിനം മരങ്ങളും ആന ചവിട്ടിമറിച്ചിട്ട തേക്ക്, മരുത് തുടങ്ങിയവ മഴുവും മറ്റ് യന്ത്രസാമഗ്രികളും ഉപയോഗിച്ച് മുറിച്ച് വാഹനങ്ങളില്‍ കടത്തികൊണ്ടുപോവുകയാണ് പതിവ്.
അതീവ പരിസ്ഥിതിലോല പ്രദേശമായ ഇവിടങ്ങളില്‍ നിന്ന് ദിവസങ്ങളെടുത്ത് മരം മുറിച്ച് കടത്തുമ്പോള്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പാലിക്കുന്ന മൗനം മരംകൊള്ളയിലുള്ള അവരുടെ പങ്ക് വ്യക്തമാക്കുന്നു.
രാത്രികാലങ്ങളില്‍ വനാതിര്‍ത്തികളില്‍ പരിശോധന നടത്തുന്നതിനോ കൃഷിയിടങ്ങളിലിറങ്ങുന്ന വന്യമൃഗങ്ങളെ തുരത്താന്‍ കര്‍ഷകരെ സഹായിക്കുന്നതിനോ വനപാലകര്‍ തയ്യാറാകാത്തത് മൃഗവേട്ടക്കും മരംകൊള്ളക്കും കൂട്ട്നില്ക്കാനാണെന്ന് പരക്കെ ആരോപണമുണ്ട്.
വനംവകുപ്പ് ഉദ്യോഗസ്ഥരെ കൂടാതെ ചില രാഷ്ട്രീയലോബികളും മരംകൊള്ളക്ക് പിന്നിലുണ്ടെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: