കാസര്‍കോട്: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ കടങ്ങള്‍ എഴുതിതള്ളുന്നതിന് നിയമസഭ പാസാക്കിയ ഉത്തരവില്‍ രണ്ടാംഘട്ടം പണം അനുവദിക്കുന്നതിന് മുഖ്യമന്ത്രി ഒപ്പ് വെക്കാത്തതിനെ തുടര്‍ന്ന് ബാങ്കുകള്‍ ജപ്തി നടപടികള്‍ ആരംഭിച്ചു. മത്സ്യബന്ധനോപകരണങ്ങള്‍ വാങ്ങല്‍, ഭവന നിര്‍മ്മാണം, കുട്ടികളുടെ വിദ്യാഭ്യാസം, ചികിത്സാചിലവുകള്‍, പെണ്മക്കളുടെ വിവാഹം എന്നീ ആവശ്യങ്ങള്‍ക്ക് എടുത്ത 2007 ഡിസംബര്‍ 31 വരെയുള്ള വായ്പകള്‍ എഴുതി തള്ളുന്നതിന് നേരത്തെ തീരുമാനമെടുത്തിരുന്നു.
അര്‍ഹരായവരുടെ ബാധ്യതകള്‍ എഴുതിത്തള്ളുന്നതിന് നിയമാനുസൃതം എല്ലാ ജില്ലകളിലും മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്റെ നേതൃത്വത്തില്‍ സിറ്റിംഗ് നടത്തി അപേക്ഷ സ്വീകരിച്ചിരുന്നു. തിരുവനന്തപുരം (18427), കൊല്ലം (21465), ആലപ്പുഴ (20053), എറണാകുളം (22070), തൃശ്ശൂര്‍ (7244), മലപ്പുറം (8937), കോഴിക്കോട് (13306), കണ്ണൂര്‍ (6126), കാസര്‍കോട് (8057), കോട്ടയം (3363), വയനാട് (36). ഇടുക്കി (36), പത്തനംതിട്ട (99) എന്നീ ജില്ലകളിലായി 1,29,219 അപേക്ഷകള്‍ പരിഗണിച്ചതില്‍ 421,10,71,118 രൂപ എഴുതി തള്ളാന്‍ കടാശ്വാസ കമ്മീഷന് സര്‍ക്കാരിന് ശുപാര്‍ശ നല്കി.
ജില്ല കേന്ദ്രീകരിച്ച് നടത്തിയ കൂടിക്കാഴ്ചയില്‍ അര്‍ഹരായ മത്സ്യ തൊഴിലാളികള്‍ക്ക് കടാശ്വാസ കമ്മീഷന് നോട്ടീസ് അയക്കുകയും എല്ലാ കടങ്ങളും എഴുതി തള്ളുവാന്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് ഉറപ്പും നല്കി. കമ്മീഷന്റെ ഉറപ്പ് ലഭിച്ച സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ ബാങ്കുകളില്‍ നിന്നും എടുത്ത വായ്പ എഴുതി തള്ളുന്നതും കാത്തിരിക്കുകയാണ്.
ഒന്നാം ഘട്ടമായി നൂറ് കോടി രൂപ അനുവദിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ മന്ത്രിസഭ 20 കോടി രൂപയും അനുവദിച്ചു. എന്നാല്‍ മുഖ്യമന്ത്രി ഒപ്പ് വെക്കാത്തതിനാല്‍ പണം ബാങ്കുകള്‍ക്ക് ലഭ്യമായിട്ടില്ല. വായ്പകളിന്മേല് ജപ്തി നടപടികളില്‍ നിന്നും ആശ്വാസം പകരുന്നതിന് സംസ്ഥാന സര്‍ക്കാര്‍ 2007-ല്‍ തന്നെ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ കാലാവധി ഈ മാസം അവസാനിക്കുകയാണ്. എന്നാല്‍ ദേശസാല്‍കൃത ബാങ്കുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ മൊറട്ടോറിയം ഉത്തരവുകള്‍ക്ക് ഒരു വിലയും കല്‍പ്പിച്ചിട്ടില്ല.
അതേ സമയം മത്സ്യഫെഡില്‍ നിന്നും സഹകരണ സ്ഥാപനങ്ങളില്‍ നിന്നും എടുത്ത കടം സംസ്ഥാന സര്‍ക്കാര്‍ ഒരു പരിധിവരെ എഴുതി തള്ളിയിട്ടുണ്ട്. ഉല്‍പ്പാദന മാന്ദ്യവും വിലയിടിവും തൊഴില്‍ രാഹിത്യവും മധ്യവര്‍ത്തികളുടെ ചൂഷണവും മൂലം കടം വീട്ടാനാകാത്ത സ്ഥിതി വിശേഷം വര്‍ഷങ്ങളായി മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ നിലനില്ക്കുന്നു. 16875 കോടി രൂപയോളം വിദേശ നാണ്യം നേടിതരുന്ന പരമ്പരാഗത മത്സ്യതൊഴിലാളികളെ സംസ്ഥാന സര്‍ക്കാര്‍ പാടെ അവഗണിക്കുകയാണ്.
വൈ. കൃഷ്ണദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: