ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കാര്‍ക്ക് മരണാനന്തര ജീവിതത്തെക്കുറിച്ച് എത്രത്തോളം വിശ്വാസമുണ്ടെന്നതല്ല വിഷയം. മരിച്ചു കഴിഞ്ഞാല്‍ മരണാനന്തര കര്‍മ്മങ്ങളില്‍ അവര്‍ എത്രത്തോളം ശ്രദ്ധാലുക്കളാണെന്നതുമല്ല. പിന്നെയോ? അവരുടെ പ്രിയപ്പെട്ട നേതാവിന്റെ മരണാനന്തര കര്‍മ്മങ്ങള്‍ക്ക് അവര്‍ എത്രമാത്രം ആസൂത്രണം ചെയ്തിരുന്നുവെന്നതാണ്.
അവരുടെ പ്രിയപ്പെട്ട നേതാവ് അവശനായി പ്രെറ്റോറിയ ആശുപത്രിയില്‍ കിടക്കുമ്പോള്‍ അവര്‍ പ്രതീക്ഷിച്ചു, ഒരിക്കല്‍കൂടി ആശുപത്രിയില്‍നിന്ന് അദ്ദേഹം മടങ്ങിവരുമെന്ന്. കാരണം ആത്മശക്തിയുടെ അവതാരമായിരുന്നല്ലോ അദ്ദേഹം. പക്ഷേ, അവസാനനാളുകള്‍ അടുത്തെത്തിയെന്ന യാഥാര്‍ത്ഥ്യം ബോധ്യമായതോടെ അവര്‍ പ്രിയനേതാവിന്റെ അവസാന യാത്രയുടെ ഒരുക്കങ്ങള്‍ ആസൂത്രണം ചെയ്യാന്‍ തുടങ്ങി. കൃത്യം കൃത്യമായി.
സര്‍ക്കാരും സൈന്യവും കുടുംബാംഗങ്ങളും കൂടി നടത്തിയ കൂടിയാലോചനകളില്‍ അവര്‍ ഉചിതമായ ഒരു മരണാനന്തര വിടചൊല്ലലിനു പദ്ധതി ഒരുക്കിത്തയ്യാറാക്കി. അടുത്ത പത്തു ദിവസം, മണ്ടേലയെന്ന വിശ്വപ്രസിദ്ധന്റെ മരണാനന്തര ചടങ്ങുകള്‍ ഇങ്ങനെയായിരിക്കും.
അവയുടെ തത്സമയ സംപ്രേഷണം ലോകവ്യാപകമായി നടത്തും. മരണാനന്തര ചടങ്ങുകളില്‍ നേരിട്ടു പങ്കെടുക്കുന്നത് കുടുംബത്തിലെ ഏറ്റവും അടുത്ത ബന്ധുക്കള്‍ മാത്രമായിരിക്കും. ഒരുപക്ഷേ പ്രകൃതിയുടെ വികൃതികളില്‍ പെട്ട് ആസൂത്രിത പദ്ധതികളില്‍ അവസാന നിമിഷം മാറ്റം വരുത്തേണ്ടി വന്നേക്കുമെന്ന് സംഘാടകര്‍ ഭയക്കുന്നുണ്ട്. എങ്കിലും പദ്ധതി ഇങ്ങനെയാണ്. പത്തു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണമുണ്ടാകും. പിന്നെ നടക്കുന്ന കര്‍മ്മങ്ങള്‍ പാശ്ചാത്യ പാരമ്പര്യവും മണ്ടേലയുടെ ജന്മവംശമായ തെമ്പുവിന്റെ സംസ്കാരവും സമ്മേളിപ്പിച്ചതായിരിക്കും.
ഇന്നുമുതല്‍ നാലു ദിവസം
അന്ത്യം സംഭവിക്കുമ്പോള്‍ അടുത്തുണ്ടായിരുന്നത് കുടുംബാംഗങ്ങളാണ്. മരണാനന്തരം, അദ്ദേഹത്തിന്റെ കണ്ണുകള്‍ അവസാനമായി തഴുകി പൂട്ടിക്കുകയായിരുന്നു പാരമ്പര്യ പ്രകാരം ആദ്യ ചടങ്ങ്. അതിനു ശേഷം ഭൗതിക ദേഹം മോര്‍ച്ചറിയില്‍ എംബാം ചെയ്തു.
ഇനി അഞ്ചാം നാള്
ആദ്യത്തെ നാലു ദിവസം ഒരു ചടങ്ങുകളും ഉണ്ടാവില്ല. അഞ്ചാം നാളില്‍ സോവറ്റോവിലെ സോക്കര്‍ സ്റ്റേഡിയമായ എഫ്എന്‍ബി സ്റ്റേഡിയത്തില്‍ നടക്കുന്ന അനുസ്മരണ പരിപാടിയില്‍ പതിനായിരം പേര് പങ്കെടുക്കും. 2010-ല്‍ ലോകകപ്പ് ഫൈനല്‍ നടക്കുമ്പോള്‍ അദ്ദേഹം പങ്കെടുത്തചടങ്ങ് അവിടെയായിരുന്നു. ജീവിച്ചിരിക്കെ മണ്ടേലയെ ആദരിക്കാന്‍ അന്നവിടെ പതിനായിരങ്ങള്‍ എഴുന്നേറ്റു നിന്ന് മണ്ടേലക്ക് ആശംസ പാടിയിരുന്നു.
ആറു മുതല്‍ എട്ടുവരെ
ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാരിന്റെ ആസ്ഥാന മന്ദിരമായ പ്രിട്ടോറിയയിലെ യൂണിയന് ബില്‍ഡിംഗ്സില്‍ മണ്ടേലയുടെ മൃതദേഹം അന്തിമോപചാരങ്ങള്‍ക്കായി മൂന്നു ദിവസം സൂക്ഷിക്കും. ആദ്യ ദിവസം വിശിഷ്ട വ്യക്തികള്‍ക്ക് അന്തിമോപചാരമര്‍പ്പിക്കാനായി നീക്കിവെക്കും. ഏഴ്-എട്ട് ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് അന്തിമോപചാരമര്‍പ്പിക്കാനായി മാറ്റുവെക്കും. രാപ്പകല്‍ തുടരുന്ന വന്‍ നിരതന്നെ ഇതിനുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. അന്തിമ ദര്‍ശനത്തിനായി മണ്ടേലയെ കിടത്തുന്ന യുണിയന്‍ ബില്ഡിംഗസ് അദ്ദേഹംതന്നെയാണ് 1994 മെയ് 10-ന് ഉദ്ഘാടനം ചെയ്തത്. ആ ചരിത്ര മുഹൂര്‍ത്തം കാണാന്‍ തന്നെ ലക്ഷത്തോളം പേര് തടിച്ചു കൂടിയിരുന്നു.
ഒമ്പതാം ദിവസം
ഒമ്പതാം ദിവസം പ്രിട്ടോറിയ വിമാനത്താവളത്തില്‍നിന്ന് പറന്നുയരുന്ന ഒരു എയര്‍ബസ് മണ്ടേലയുടെ ഭൗതിക ദേഹവും അദ്ദേഹത്തിന്റെ ബന്ധുക്കളേയും വഹിച്ചുകൊണ്ട് വടക്കന്‍ മതാത്തക്കു പോകും. അദ്ദേഹം കുട്ടിക്കാലം ചെലവഴിച്ച വിദൂര ഗ്രാമമായ ഖുനുവിലേക്ക് സൈനിക വ്യൂഹം കൊണ്ടു പോകുന്ന ഭൗതിക ദേഹം കാണാന്‍ മതാത്ത വിമാനത്താവളം മുതല്‍ ആളുകള്‍ കാഴ്ചക്കുണ്ടാകും.
പോകുന്ന വഴിയില്‍ വിലാപയാത്ര അദ്ദേഹത്തിന്റെ അനുയായികള്‍ക്കും ആരാധകര്‍ക്കും അന്തിമോപചാരമര്‍പ്പിക്കാനായി പലയിടങ്ങളിലും നിര്‍ത്തും. മണ്ടേലയുടെ വീട്ടിലെത്തുന്നതോടെ സൈന്യം ഭൗതികദേഹം വഹിച്ച പേടകത്തിന്റെ ഉത്തരവാദിത്തം പൂര്‍ണമായും ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും. അവിടം വരെ പേടകത്തില്‍ പുതച്ചിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ ദേശീയ പതാക മാറ്റി പകരം അന്ത്യയാത്രയില്‍ ഉപയോഗിക്കുന്ന ഖോസാ ബ്ലാങ്കറ്റ് പുതപ്പിക്കും. അസ്തമയ വേളയില്‍ പിറ്റേന്നു നടത്തേണ്ട അന്തിമ സംസ്കാര കാര്യങ്ങള്‍ കൂടിയാലോചിക്കാന്‍ ഔപചാരികമായി ബന്ധുക്കള്‍ ഒന്നിച്ചിരിക്കും.
പത്താം നാള്
സംസ്കാര കര്‍മ്മങ്ങള്‍ നടക്കുന്നത് മണ്ടേലയുടെ ഖുന്നുവിലെ സ്വന്തം വീട്ടു പറമ്പിലാണ്. പത്തോളം വിദേശ രാജ്യത്തലവന്മാരും പതിനായിരക്കണക്കിനു വിശിഷ്ട വ്യക്തികളും പങ്കെടുക്കും. അദ്ദേഹം ഓടിക്കളിച്ച സ്ഥലങ്ങളില്‍ തയ്യാറാക്കുന്ന വിശാലമായ പന്തലിനു ചുവട്ടിലായിരിക്കും സംസ്കാര കര്‍മ്മങ്ങള്‍. കനത്ത സുരക്ഷാ സംവിധാനങ്ങളായിരിക്കും സ്ഥലത്ത് ഏര്‍പ്പെടുത്തുക. ലോകമെമ്പാടും കാണുന്ന തരത്തില്‍ സംപ്രേഷണ സംവിധാനങ്ങളും ഉണ്ടായിരിക്കും.
ഉച്ചവെയില്‍ കത്തി നില്ക്കുമ്പോള് സൂര്യതുല്യമായിരുന്ന ആ ജീവിതത്തിന്റെ ശേഷിപ്പായ ഭൗതിക ദേഹം പാറ നിറഞ്ഞ ഭൂമിയില്‍ അടക്കം ചെയ്യും. ആ സമയം ഏറ്റവും അടുത്ത ബന്ധുക്കളായ നൂറോളം പേര് മാത്രമായിരിക്കും അവിടെ നേരിട്ടു പങ്കെടുക്കുക. ഇവിടെ പണ്ടു ജീവന് വെടിഞ്ഞ മണ്ടേലാ കുടുംബാംങ്ങളെ സംസ്കരിച്ചിട്ടുള്ളിടമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: