വിശ്വം മുഴുവന്‍ ആദരിച്ച സമുന്നത വ്യക്തിത്വമാണ് നെല്‍സണ്‍ മണ്ടേലയുടെ മരണത്തോടെ അസ്തമിച്ചത്. ഗാന്ധിജി വര്‍ണവിവേചനത്തിനും സ്വാതന്ത്ര്യത്തിനുമായുള്ള പോരാട്ടം അഭ്യസിച്ച ദക്ഷിണാഫ്രിക്കയുടെ അഭിമാനസ്തംഭം നിരന്തര സമരത്തിന്റെയും നീണ്ട ജയില്‍വാസത്തിന്റെയും തിളങ്ങുന്ന പ്രതീകമായി എന്നെന്നും സ്മരിക്കപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. അവകാശങ്ങള്‍ക്കായുള്ള സമരം 27 വര്‍ഷത്തെ തടവുശിക്ഷയാണ് അദ്ദേഹത്തിന് സമ്മാനിച്ചത്. തടവറയിലും വിപ്ലവവീര്യം ഒട്ടും ചോരാതെ മണ്ടേല നടത്തിയ ചെറുത്തുനില്പ് സ്വാതന്ത്ര്യപ്രതീക്ഷകളുടെ പുത്തന്‍ ഉണര്‍വേകി. തടവിലാക്കപ്പെട്ട മണ്ടേല സ്വതന്ത്രനായിരുന്ന മണ്ടേലയേക്കാള് കരുത്തോടെ ജനങ്ങളെ നയിക്കുന്നത് ഭരണകൂടത്തിന് കണ്ടുനില്ക്കേണ്ടിവന്നു. റോബന് ദ്വീപിലെ ഏകാന്തതടവിന് ശേഷം മണ്ടേല മോചിതനായപ്പോള്‍, ഒപ്പം മോചിതമായത് ദക്ഷിണാഫ്രിക്കയിലെ വര്‍ണ വിവേചനവും അസ്വാതന്ത്ര്യവും അനുഭവിച്ച രണ്ടരക്കോടി ജനതയായിരുന്നു. ഗാന്ധിജിയെപ്പോലെ അഹിംസാസിദ്ധാന്തങ്ങളായിരുന്നു മണ്ടേലയുടെയും സമരായുധം. എന്നാല്‍ അതില്‍മാത്രം അദ്ദേഹം ഒതുങ്ങിയിരുന്നില്ല. ഒളിസങ്കേതങ്ങളില്‍ കഴിഞ്ഞ് പോരാട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച മണ്ടേലയെ അട്ടിമറിശ്രമം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി 1962 ല്‍ സര്‍ക്കാര്‍ ജയിലിലടച്ചു. 1990 വരെ ആ തടവുശിക്ഷയാണ് സ്വാതന്ത്ര്യപ്രതീകമായി അദ്ദേഹത്തെ ലോകജനതയ്ക്കു മുന്നില്‍ ഉയര്‍ത്തിയത്.
റോബന് ദ്വീപില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് കഴിഞ്ഞ നാളുകളില്‍ മണ്ടേല രചിച്ച സ്വാതന്ത്ര്യത്തിലേക്കു കുറുക്കുവഴികളില്ല എന്ന ഗ്രന്ഥം ഏറെ പ്രശസ്തമായി. ദ്വീപിലെ തടവറയില്‍, നാനൂറ്റിയറുപത്തിയാറാം തടവുകാരന് എന്ന വ്യാഖ്യാനത്തോടെ അദ്ദേഹത്തിന് ചാര്‍ത്തപ്പെട്ട തടവുപുളളി നമ്പര്‍ 46664 ദക്ഷിണാഫ്രിക്കയുടെ ചരിത്രത്തില്‍ തന്നെ പിന്നീട് എന്നും ഓര്‍മിക്കുന്ന അക്കങ്ങളായി. 1990 ഫെബ്രുവരിയില്‍ ജയില്മോചിതനാവുമ്പോള് ആധുനിക ലോകം കണ്ട ഏറ്റവും പ്രശസ്തനായ രാഷ്ട്രീയതടവുകാരനായി മണ്ടേല മാറിയിരുന്നു. മണ്ടേലയുടെ പാര്‍ട്ടിയായ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നിരോധനം നീക്കുകകൂടി ചെയ്തതോടെ ദേശീയപാര്‍ട്ടിയെന്ന ലേബലില്‍ ദേശീയരംഗത്ത് ശ്രദ്ധ നേടാനും മണ്ടേലയ്ക്കായി. ഇന്ത്യ ‘ഭാരതരത്ന’ നല്കി മണ്ടേലയെ ആദരിച്ചത് ജയില്‍ മോചിതനായപ്പോള്‍ തന്നെ. കറുത്തവര്‍ഗക്കാര്‍ക്ക് വോട്ടവകാശം ലഭിച്ച ശേഷം 1994 മേയ് പത്തിന് നടന്ന ആദ്യതെരഞ്ഞെടുപ്പിലൂടെ ജനാധിപത്യമാര്‍ഗത്തില്‍ ചുമതലയേറ്റ ആദ്യ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റായി മണ്ടേല ചരിത്രത്തില്‍ സ്ഥാനംപിടിച്ചു. 1994 ഏപ്രിലില്‍ വര്‍ണവിവേചനത്തെ രാജ്യത്തിന്റെ പടികടത്തുന്ന നിയമത്തില്‍ അദ്ദേഹത്തിന്റെ ഒപ്പുപതിഞ്ഞു. 1999 ജൂലൈയില്‍ അധികാരമൊഴിഞ്ഞ മണ്ടേല 2004 ല്‍ പൊതുജീവിതത്തില്‍ നിന്നും പിന്മാറി.
ഇരുപതാം നൂറ്റാണ്ടില്‍ നടന്ന വിമോചന സമരങ്ങളില്‍ വേറിട്ടു നില്ക്കുന്നു ദക്ഷിണാഫ്രിക്കയിലെ സമരം. സ്വാതന്ത്യത്തിന് നല്‍കേണ്ട വില എത്രയായാലും അത് നല്കാന് തയ്യാറാവണം എന്നതാണ് മണ്ടേല പഠിപ്പിച്ച പാഠം. മണ്ടേല ജയിലില്‍ കഴിയുന്ന അതേകാലത്ത് ഇരുണ്ട ഭൂഖണ്ഡത്തിലെ പലയിടങ്ങളിലും സ്വാതന്ത്ര്യസമരങ്ങള്‍ നയിച്ച വേറെ കറുത്തതാരങ്ങള് എത്രയോപേരുണ്ട്. പക്ഷേ, അധികാരത്തിലെത്തി ഏറെക്കഴിയും മുമ്പ് മിക്കവരും മുമ്പ് അവര്‍ എതിര്‍ത്തവരേക്കാള്‍ നിഷ്ഠുരരായ ഭരണാധികാരികളായിത്തീര്‍ന്നു, അവരെപ്പറ്റി ലജ്ജിപ്പിക്കുന്ന അഴിമതിക്കഥകള്‍ അങ്ങാടിപ്പാട്ടുകളായി. ഭിന്നിപ്പിച്ച് ഭരിക്കുന്ന തന്ത്രങ്ങളുടെ ഭാഗമായി അവര്‍ വ്യത്യസ്ത ഗോത്രങ്ങളെ തമ്മിലടിപ്പിച്ച് ചോരപ്പുഴകളൊഴുക്കി. അവരാരും സ്വമേധയാ സ്ഥാനമൊഴിഞ്ഞതുമില്ല. പലരും പട്ടാളവിപ്ലങ്ങളിലൂടെയും കലാപങ്ങളിലൂടെയും സ്ഥാനഭ്രഷ്ടരാക്കപ്പെട്ടു. ചിലര്‍ കൊലചെയ്യപ്പെട്ടു. കാലയവനികയ്ക്കുള്ളില്‍ മറഞ്ഞപ്പോള്‍ അവര്‍ക്കുവേണ്ടി കണ്ണീരൊഴുക്കാന്‍ ആരുമുണ്ടായതുമില്ല. ഇവരില്‍ നിന്നെല്ലാം ബഹുദൂരം അകലെനിന്ന മണ്ടേല ഭരണത്തിലെ അഞ്ചുവര്‍ഷം പൂര്‍ത്തിയായപ്പോള്‍ രണ്ടാമതൊരു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍പോലും മിനക്കെട്ടില്ല. അവതാരപുരുഷന്മാരിങ്ങനെയാണ്. ദൗത്യം പൂര്‍ത്തിയാക്കിയാല്‍ താനേ പിന്‍വാങ്ങും. അവരത്രെ ആചന്ദ്രതാരം ജനമനസ്സുകളില്‍ ജീവിക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: